ഒരു മനുഷ്യന്റെ ജീവിതത്തെ മുമ്പത്തിരണ്ടു വര്‍ഷം ഭയം ഭരിച്ചു. തന്റെ കുറ്റങ്ങള്‍ക്കു താന്‍ പിടിക്കപ്പെടുമെന്ന ഭയം നിമിത്തം, അയാള്‍ ഒരിടത്തും പോകാതെയും ആരെയും സന്ദര്‍ശിക്കാതെയും, തന്റെ മാതാവിന്റെ ശവസംസ്‌കാരത്തില്‍ പോലും പങ്കെടുക്കാതെയും സഹോദരിയുടെ ഫാംഹൗസില്‍ ഒളിച്ചു പാര്‍ത്തു. അറുപത്തി നാലു വയസ്സായപ്പോള്‍, തനിക്കെതിരെ ഒരു കുറ്റവും ചാര്‍ജ് ചെയ്യപ്പെട്ടിട്ടില്ല എന്നയാള്‍ മനസ്സിലാക്കി. ഒരു സാധാരണ ജീവിതം നയിക്കാന്‍ തക്കവണ്ണം സ്വതന്ത്രനായിരുന്നു അയാള്‍. അതേ, ശിക്ഷയുടെ ഭീഷണി യഥാര്‍ത്ഥമാണ്, എന്നാല്‍ അതിന്റെ ഭയം തന്നെ നിയന്ത്രിക്കാന്‍ അയാള്‍ അനുവദിച്ചു.

സമാനമായ നിലയില്‍, ഏലാ താഴ്വരയില്‍ വെച്ച് ഫെലിസ്ത്യര്‍ യിസ്രായേല്യരെ വെല്ലുവിളിച്ചപ്പോള്‍ ഭയം അവരെ വാണു. ഭീഷണി യഥാര്‍ത്ഥമായിരുന്നു. അവരുടെ ശത്രുവായ ഗൊല്യാത്ത് 9 അടി 9 ഇഞ്ച് ഉയരമുള്ളവനും അവന്റെ ആയുധവര്‍ഗ്ഗം 56.6 കിലോഗ്രാം ഭാരമുള്ളതും ആയിരുന്നു (1 ശമൂവേല്‍ 17:4-5). നാല്പതു ദിവസം രാവിലെയും വൈകിട്ടും തന്നോട് യുദ്ധം ചെയ്യുവാനായി ഗൊല്യാത്ത് യിസ്രായേല്യരെ വെല്ലുവിളിച്ചു. എന്നാല്‍ മുന്നോട്ടു വരുവാന്‍ ഒരാളും ധൈര്യപ്പെട്ടില്ല. ദാവീദ് പടക്കളം സന്ദര്‍ശിക്കുന്നതുവരെ ഒരാളും ധൈര്യപ്പെട്ടില്ല. നിന്ദ അവന്‍ കേള്‍ക്കുകയും കാണുകയും ചെയ്തപ്പോള്‍ ഗൊല്യാത്തിനോടു യുദ്ധം ചെയ്യാന്‍ അവന്‍ തയ്യാറായി.

എതിരിടാന്‍ പറ്റാത്തവിധം ഗൊല്യാത്ത് വലിയവനാണെന്ന് യിസ്രായേല്യ സൈന്യത്തിലെ എല്ലാവരും ചിന്തിച്ചപ്പോള്‍, ദൈവത്തിന് അവന്‍ വലുതല്ല എന്ന് ഇടയ ബാലനായ ദാവീദ് മനസ്സിലാക്കി. ‘യഹോവ … രക്ഷിക്കുന്നു; യുദ്ധം യഹോവയ്ക്കുള്ളത്” അവന്‍ പറഞ്ഞു (വാ. 47).

നാം ഭയചകിതരാകുമ്പോള്‍ നമുക്കു ദാവീദിന്റെ മാതൃക പിന്തുടര്‍ന്ന് പ്രശ്നത്തെ സംബന്ധിച്ച് ശരിയായ കാഴ്ചപ്പാട് കിട്ടുന്നതിനായി നമ്മുടെ കണ്ണുകള്‍ ദൈവത്തില്‍ ഉറപ്പിക്കാം. ഭീഷണി യഥാര്‍ത്ഥമായിരിക്കാം, എന്നാല്‍ നമ്മോടൊപ്പമുള്ളവനും നമുക്കുവേണ്ടിയുള്ളവനും നമുക്കെതിരായി ുള്ളതിനെക്കാള്‍ വലിയവനാണ്.