എന്റെ ഭര്‍ത്താവ് ഡാനിന് ക്യാന്‍സറാണെന്ന് പരിശോധനയില്‍ തെളിഞ്ഞപ്പോള്‍, അദ്ദേഹത്തെ സൗഖ്യമാക്കുന്നതിന് ദൈവത്തോട് അപേക്ഷിക്കുന്നതിനുള്ള ‘ശരിയായ’ വഴി കണ്ടെത്താനെനിക്കു കഴിഞ്ഞില്ല. എന്റെ പരിമിതമായ വീക്ഷണത്തില്‍, ലോകത്തിലെ മറ്റാളുകള്‍ക്കും ഇതുപോലെയുള്ള ഗൗരവമേറിയ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു – യുദ്ധവും ക്ഷാമവും ദാരിദ്ര്യവും പ്രകൃതി ദുരന്തങ്ങളും. എന്നാല്‍ ഒരു ദിവസം ഞങ്ങളുടെ പ്രഭാത പ്രാര്‍ത്ഥനാ സമയത്ത്, ‘പ്രിയ കര്‍ത്താവേ, എന്റെ രോഗം ഭേദമാക്കണമേ’ എന്നു ലളിതമായി പ്രാര്‍ത്ഥിക്കുന്നതു ഞാന്‍ കേട്ടു.

അതു വളരെ ലളിതവും എന്നാല്‍ ഹൃദയത്തില്‍ നിന്നു വന്നതുമായ ഒരു അപേക്ഷ ആയിരുന്നതിനാല്‍ ഓരോ പ്രാര്‍ത്ഥനയെയും കുഴഞ്ഞുമറിഞ്ഞതാക്കുന്നതു നിര്‍ത്താന്‍ അതെന്നെ ഓര്‍മ്മിപ്പിച്ചു. കാരണം സഹായത്തിനായുള്ള നമ്മുടെ നിലവിളി ദൈവം ശരിയായി കേള്‍ക്കുന്നു. ദാവീദ് ലളിതമായി ചോദിച്ചതുപോലെ, ‘യഹോവേ, തിരിഞ്ഞ് എന്റെ പ്രാണനെ വിടുവിക്കണമേ; നിന്റെ കാരുണ്യം നിമിത്തം എന്നെ രക്ഷിക്കണമേ” (സങ്കീര്‍ത്തനം 6:4).

ആത്മികമായ ആശയക്കുഴപ്പത്തിന്റെയും നിരാശ്രയത്വത്തിന്റെയും മധ്യത്തില്‍ അതാണു ദാവീദ് പ്രഖ്യാപിച്ചത്. അവന്റെ ശരിയായ സാഹചര്യം ഈ സങ്കീര്‍ത്തനത്തില്‍ വിശദീകരിച്ചിട്ടില്ല. എന്നിരുന്നലും അവന്റെ ആത്മാര്‍ത്ഥമായ അപേക്ഷ, ദൈവത്തിന്റെ സഹായത്തിനും യഥാസ്ഥാപനത്തിനും വേണ്ടിയുള്ള ആഴമായ ആഗ്രഹത്തെ വെളിപ്പെടുത്തുന്നതായിരുന്നു. ‘എന്റെ ഞരക്കംകൊണ്ടു ഞാന്‍ തകര്‍ന്നിരിക്കുന്നു” അവന്‍ എഴുതി (വാ. 6).

എങ്കിലും ദാവീദ് തന്റെ പരിമിതികള്‍ – പാപം ഉള്‍പ്പെടെ – തന്റെ ആവശ്യങ്ങളുമായി ദൈവത്തെ സമീപിക്കുന്നതില്‍ നിന്നും തന്നെ തടയുവാന്‍ അനുവദിച്ചില്ല. അങ്ങനെ ദൈവം തനിക്കുത്തരം അരുളുന്നതിനു മുമ്പുതന്നെ, സന്തോഷിക്കുവാന്‍ ദാവീദിനു കഴിഞ്ഞു, ‘യഹോവ എന്റെ കരച്ചിലിന്റെ ശബ്ദം കേട്ടിരിക്കുന്നു. യഹോവ എന്റെ അപേക്ഷ കേട്ടിരിക്കുന്നു; യഹോവ എന്റെ പ്രാര്‍ത്ഥന കൈക്കൊള്ളും” (വാ. 8-9).

നമ്മുടെ ആശയക്കുഴപ്പങ്ങളുടെയും അനിശ്ചിതത്വത്തിന്റെയും നടുവില്‍, തന്റെ തന്റെ മക്കളുടെ ആത്മാര്‍ത്ഥമായ അപേക്ഷ കേള്‍ക്കുകയും സ്വീകരിക്കുകയും ചെയ്യുന്നു. നമ്മെ കേള്‍ക്കുവാന്‍ അവന്‍ ഒരുക്കമുള്ളവനാണ്, പ്രത്യേകിച്ചും നമുക്കവനെ ഏറ്റവും അത്യാവശ്യമായിരിക്കുന്ന സമയത്ത്.