പതിനായിരം മണിക്കൂറുകള്‍. ഏതൊരു തൊഴിലിലും നൈപുണ്യം നേടുവാന്‍ ആവശ്യമായ സമയം അത്രയുമാണെന്നാണ് എഴുത്തുകാരന്‍ മാല്‍ക്കം ഗ്ലാഡ്‌വെല്‍ പറയുന്നത്. എക്കാലത്തെയും ഏറ്റവും മികച്ച കലാകാരന്മാര്‍ക്കും സംഗീതജ്ഞന്മാര്‍ക്കു പോലും പില്‍ക്കാലത്ത് അവര്‍ കൈവരിച്ച നേട്ടങ്ങള്‍ക്ക് അവരുടെ ബൃഹത്തായ സഹജ കഴിവുകള്‍ മാത്രം മതിയാകുമായിരുന്നില്ല. അവര്‍ ഓരോ ദിവസവും അവരുടെ തൊഴിലിലേക്ക് മുഴുകണമായിരുന്നു.

വിചിത്രമെന്നു തോന്നിയാലും, പരിശുദ്ധാത്മാവിന്റെ ശക്തിയില്‍ ജീവിക്കാന്‍ പഠിക്കുന്ന കാര്യം വരുമ്പോള്‍ ഇതേ മനോഭാവം ആണു നമുക്കു വേണ്ടത്. ഗലാത്യലേഖനത്തില്‍, ദൈവത്തിനായി വേര്‍തിരിക്കപ്പെട്ടവരായിരിക്കാന്‍ പൗലൊസ് സഭയെ ആഹ്വാനം ചെയ്യുന്നു. എന്നാല്‍ ഒരു കൂട്ടം നിയമങ്ങള്‍ അനുസരിക്കുന്നതിലൂടെ ഇതു സാധ്യമാകയില്ല എന്നു പൗലൊസ് വിശദീകരിക്കുന്നു. പകരം ആത്മാവിനോടൊപ്പം നടക്കുവാന്‍ നാം വിളിക്കപ്പെട്ടിരിക്കുന്നു. ‘നടപ്പ്” എന്നതിന് ഗലാത്യര്‍ 5:26 ല്‍ പൗലൊസ് ഉപയോഗിക്കുന്ന പദത്തിന്റെ അക്ഷരീകാര്‍ത്ഥം ഒരു വസ്തുവിനെ ചുറ്റിച്ചുറ്റി നടക്കുക അഥവാ സഞ്ചരിക്കുക (പെരിപ്പാറ്റെയോ) എന്നാണ്. അതിനാല്‍ പൗലൊസിനെ സംബന്ധിച്ച്, ആത്മാവിനോടൊപ്പം നടക്കുക എന്നതിനര്‍ത്ഥം ദിനംതോറും പരിശുദ്ധാത്മാവിനോടൊപ്പം സഞ്ചരിക്കുക എന്നാണ് -അതായത് അവന്റെ ശക്തിയെ കേവലം ഒരു പ്രാവശ്യം അനുഭവിക്കുന്നതല്ല.

പരിശുദ്ധാത്മാവ് നമ്മെ ഉപദേശിക്കുകയും നയിക്കുകയും ആശ്വസിപ്പിക്കുകയും നമ്മോടൊപ്പം ഇരിക്കുകയും ചെയ്യുമ്പോള്‍ അവന്റെ പ്രവൃത്തികള്‍ക്ക് കീഴ്‌പ്പെടുത്തിക്കൊടുത്തുകൊണ്ട് ദിനംതോറും ആത്മാവില്‍ നിറയപ്പെടുവാന്‍ നമുക്കു പ്രാര്‍ത്ഥിക്കാം. ഈ നിലയില്‍ ‘ആത്മാവിനെ അനുസരിച്ചു നടക്കുമ്പോള്‍” (വാ. 18) നാം അവന്റെ ശബ്ദം കേള്‍ക്കുന്നതിലും അവന്റെ നടത്തിപ്പുകള്‍ക്കനുസരിച്ചു നടക്കുന്നതിലും നൈപുണ്യം നേടും. പരിശുദ്ധാത്മാവേ, ഇന്നും ഓരോ ദിവസവും ഞാന്‍ അങ്ങയോടൊത്തു നടക്കട്ടെ.