ഉത്തര തായ്ലന്റില്, കുട്ടികളുടെ ഒരു ഫുട്ബോള്‍ ടീം ഒരു ഗുഹ സന്ദര്‍ശിക്കാന്‍ തീരുമാനിച്ചു. ഒരു മണിക്കൂറിനുശേഷം അവര്‍ മടങ്ങിപ്പോകാനായി തിരിഞ്ഞപ്പോഴാണ് ഗുഹാമുഖത്തു വെള്ളം നിറഞ്ഞതായി കണ്ടത്. ഉയര്‍ന്നുകൊണ്ടിരുന്ന വെള്ളം ഓരോ ദിവസം കഴിയുന്തോറും അവരെ കൂടുതല്‍ ഉള്ളിലേക്ക് പായിച്ചുകൊണ്ടിരുന്നു. ഒടുവില്‍ അവര്‍ ഗുഹാമുഖത്തുനിന്നും 2 മൈല്‍ (3 കിലോമീറ്റര്‍) അകലെ കുടുങ്ങി. രണ്ടാഴ്ചയ്ക്കുശേഷം അവരെ സാഹസികമായി രക്ഷിച്ചപ്പോള്‍, അവരെങ്ങനെ ഇത്രയും പ്രത്യാശയ്ക്കു വകയില്ലാത്തവിധം കുടുങ്ങിപ്പോയി എന്നു പലരും അത്ഭുതപ്പെട്ടു. ഉത്തരം: ഒരു സമയം ഒരു ചുവടു വീതം.
യിസ്രായേലില്‍, തന്റെ വിശ്വസ്ത പടയാളിയായ ഊരിയാവിനെ കൊന്നതിന്റെ പേരില്‍ ദാവീദിനെ നാഥാന് പ്രവാചകന് എതിരിടുന്നു. ‘ദൈവത്തിന്റെ ഹൃദയപ്രകാരമുള്ള” (1 ശമൂവേല്‍ 13:14) ഒരു മനുഷ്യന് എങ്ങനെ കൊലപാതകിയാകാന്‍ കഴിയും? ഒരു സമയം ഒരു ചുവടു വീതം. ദാവീദ് ഒരു ഉച്ചകഴിഞ്ഞ് പെട്ടെന്ന് പൂജ്യത്തില്‍നിന്ന് കൊലപാതകത്തില്‍ എത്തിച്ചേര്‍ന്നതല്ല. അവന് പതുക്കെപ്പതുക്കെ അതിനായി ചൂടുപിടിച്ചു, ഒരു തെറ്റായ തീരുമാനം മറ്റൊന്നിലേക്കു നയിച്ചു. ഒരു രണ്ടാം നോട്ടത്തിലാരംഭിച്ച് മോഹപരവശമായ നോട്ടത്തില്‍ കലാശിച്ചു. ബേത്ത്ശേബയെ കൊണ്ടുവരുവാന്‍ ആളയച്ചതിലൂടെ തന്റെ രാജകീയ അധികാരം ദുരുപയോഗം ചെയ്യുകയും തുടര്‍ന്ന് അവളുടെ ഗര്‍ഭം മറച്ചുവയ്ക്കാന്‍ അവളുടെ ഭര്‍ത്താവിനെ യുദ്ധമുന്നണിയില്‍ നിന്നു വിളിച്ചു വരുത്തുകയും ചെയ്തു. തന്റെ സഹപ്രവര്‍ത്തകര്‍ യുദ്ധമുന്നണിയിലായിരിക്കെ താന്‍ വീട്ടില്‍ പോകയില്ല എന്നു ശഠിച്ച് ഭാര്യയുടെ അടുത്തുപോകാന്‍ ഊരിയാവ് വിസമ്മതിച്ചപ്പോള്‍, അവന് മരിക്കേണം എന്നു ദാവീദ് തീരുമാനിച്ചു.
നാം ഒരു പക്ഷേ കൊലപാതകം ചെയ്തവരായിരിക്കയില്ല, അല്ലെങ്കില്‍ നാം തന്നെ നിര്‍മ്മിച്ച ഗുഹയില്‍ അകപ്പെട്ടിട്ടുമില്ലായിരിക്കാം, എങ്കിലും നാം ഒന്നുകില്‍ യേശുവിങ്കലേക്ക് നീങ്ങുകയോ അല്ലെങ്കില്‍ പ്രശ്നത്തിലേക്കു നീങ്ങുകയോ ആകാം. വലിയ പ്രശ്നങ്ങള്‍ ഒറ്റ രാത്രികൊണ്ടല്ല രൂപപ്പെടുന്നത്. അവ ഒരു സമയം ഒരു ചുവടു വീതം ക്രമേണയാണ് പൊട്ടിപ്പുറപ്പെടുന്നത്.
പ്രശ്നത്തില്‍ നിന്ന് ആകന്ന് യേശുവിങ്കലേക്ക് അടുത്തു ചെല്ലുന്നതിനായി എന്തു തീരുമാനമാണ് ഇപ്പോള്‍ നിങ്ങള്‍ക്ക് എടുക്കുവാന്‍ കഴിയുന്നത്? ഈ തീരുമാനത്തെ ഉറപ്പിക്കുന്നതിനായി എന്താണ് നിങ്ങള്‍ ചെയ്യേണ്ടത്?