എന്റെ നായയ്ക്ക് എന്റെ ശ്രദ്ധ ആവശ്യമായി വരുമ്പോഴൊക്കെ, അവന് എന്റെ എന്തെങ്കിലും സാധനം കൈക്കലാക്കിയിട്ട് എന്റെ മുമ്പിലൂടെ അങ്ങോട്ടുമിങ്ങോട്ടും നടക്കും. ഒരു പ്രഭാതത്തില്‍ ഞാന്‍ മേശയ്ക്കരികില്‍ പുറം തിരിഞ്ഞിരുന്ന് എഴുതിക്കൊണ്ടിരിക്കുമ്പോള്, എന്റെ നായ മാക്സ് എന്റെ പേഴ്സ് തട്ടിയെടുത്തുകൊണ്ട് ഓടി. അവനതു ചെയ്തത് ഞാന്‍ കണ്ടില്ലെന്നു മനസ്സിലായപ്പോള്‍, അവന് മടങ്ങിവന്ന് മൂക്കുകൊണ്ട് എന്നെ ഉരസി-പേഴ്സ് വായില്‍ വെച്ച് നൃത്തം ചെയ്യുന്ന കണ്ണുകളോടെ, വാലാട്ടിക്കൊണ്ട് കളിക്കാന്‍ എന്നെ ക്ഷണിച്ചു.
മാക്സിന്റെ കോമാളിത്തം എന്നില്‍ ചിരിയുണര്‍ത്തി, എങ്കിലും മറ്റുള്ളവര്‍ക്ക് ശ്രദ്ധ കൊടുക്കുന്നതിലുള്ള എന്റെ പരിമിതിയെക്കുറിച്ച് അതെന്നെ ഓര്‍മ്മിപ്പിക്കുകയും ചെയ്തു. പലപ്പോഴും കുടുംബാംഗങ്ങളും സ്നേഹിതരുമായി സമയം ചിലവഴിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുമെങ്കിലും മറ്റു കാര്യങ്ങള്‍ എന്റെ സമയത്തെയും ശ്രദ്ധയെയും അപഹരിക്കും; ഞാന്‍ ബോധവാനാകുംമുമ്പെ ദിവസങ്ങള്‍ കടന്നുപോകയും സ്നേഹം പ്രകടിപ്പിക്കാതെ പോകയും ചെയ്യും.
നമ്മുടെ സ്വര്‍ഗ്ഗീയ പിതാവ് നാം ഓരോരുത്തര്‍ക്കും ഏറ്റവും ഗാഢമായ നിലയില്‍ ശ്രദ്ധ തരുവാന്‍ തക്കവിധം വലിയവനാണ് എന്നത് എത്രമാത്രം ആശ്വാസകരമാണ്-നാം ജീവിക്കും കാലമത്രയും നമ്മുടെ ശ്വാസകോശത്തിലെ ഓരോ ശ്വാസത്തെയും നിലനിര്‍ത്തുന്നത് അവനാണ്. അവന് തന്റെ ജനത്തിനു നല്കുന്ന വാഗ്ദത്തം: ‘നിങ്ങളുടെ വാര്‍ദ്ധക്യം വരെ ഞാന്‍ അനന്യന്‍ തന്നേ; നിങ്ങള്‍ നരയ്ക്കുവോളം ഞാന്‍ നിങ്ങളെ ചുമക്കും; ഞാന്‍ നിങ്ങളെ നിര്‍മ്മിച്ചിരിക്കുന്നു; ഞാന്‍ നിങ്ങളെ വഹിക്കും” (യെശയ്യാവ് 46:4).
ദൈവത്തിന് എല്ലായ്പ്പോഴും നമുക്കുവേണ്ടി സമയമുണ്ട്. നമ്മുടെ സാഹചര്യങ്ങളുടെ എല്ലാ വിശദാംശങ്ങളും അവന് മനസ്സിലാക്കുന്നു-അതെത്രമാത്രം സങ്കീര്‍ണ്ണവും പ്രയാസകരവും ആയാലും-നാം പ്രാര്‍ത്ഥനയില്‍ എപ്പോള്‍ അവനെ വിളിച്ചാലും അവനവിടെയുണ്ട്. നമ്മുടെ രക്ഷകന്റെ പരിതിയില്ലാത്ത സ്നേഹത്തിനായി നാം ഒരിക്കലും ലൈനില്‍ കാത്തുനില്‍ക്കേണ്ട കാര്യമില്ല.
എതെല്ലാം വഴികളിലാണ് ദൈവം നിങ്ങളുടെ ദൈനംദിന ആവശ്യങ്ങള്‍ നടത്തുന്നത്? എങ്ങനെ നിങ്ങള്‍ക്ക് അവന്റെ സ്നേഹം മറ്റുള്ളവരുമായി പങ്കുവയ്ക്കാന്‍ കഴിയും?