ഞാന്‍ ഒരു കുട്ടിയായിരിക്കുമ്പോള്‍, ‘അവന് എന്റെ തെറ്റിനു അപ്പുറമായി നോക്കി എന്റെ ആവശ്യം കണ്ടു” എന്ന പേരിലുള്ള ഒരു പാട്ടു കേട്ടു. 1967 ല്‍ അമേരിക്കന്‍ ഗായികയായ ഡോട്ടി റാംബോ ആണ് ഈ പാട്ട് എഴുതിയത്. അവളുടെ സഹോദരനായ എഡ്ഢി ചെയ്ത തെറ്റുകളുടെ പേരില്‍ താന്‍ സ്നേഹിക്കപ്പെടുന്നില്ല എന്നുള്ള അവന്റെ വിശ്വാസത്തിനോടുള്ള പ്രതികരണമായി ദൈവത്തിന്റെ നിരുപാധികമായ സ്നേഹത്തെക്കുറിച്ചാണ് ഡോട്ടി ഈ ഗാനം രചിച്ചത് എന്ന് പില്ക്കാലത്ത് അറിയുന്നതു വരെ ഈ ഗാനത്തിന്റെ ആഴമായ അര്‍ത്ഥം ഞാന്‍ ഗ്രഹിച്ചിരുന്നില്ല. ദൈവം അവന്റെ ബലഹീനതകളെ കാണുന്നു എങ്കിലും അവനെ സ്നേഹിക്കുന്നു എന്ന് പാട്ടുകാരി അവനെ ഉറപ്പിക്കുന്നു.
ദൈവത്തിന്റെ നിരുപാധിക സ്നേഹം യിസ്രായേല്‍ ജനത്തിന്റെയും യെഹൂദയുടെയും അനേക ബലഹീന നിമിഷങ്ഹളില്‍ വ്യക്തമായിരുന്നു. വഴിതെറ്റിയ തന്റെ ജനത്തിനോടുള്ള സന്ദേശങ്ങളുമായി ദൈവം യെശയ്യാവിനെപ്പോലെയുള്ള ധാരാളം പ്രവാചകന്മാരെ അയച്ചു. യെശയ്യാവ് 35 ല്‍ ദൈവം നല്കുന്ന യഥാസ്ഥാപനത്തിന്റെ പ്രത്യാശ പ്രവാചകന് പങ്കുവയ്ക്കുന്നു.. പ്രത്യാശയെ ആശ്ലേഷിക്കുന്നതിന്റെ ഫലമായുണ്ടാകുന്ന പ്രോത്സാഹനം ‘തളര്‍ന്ന കൈകളെ ബലപ്പെടുത്തുകയും കുഴഞ്ഞ മുഴങ്കാലുകളെ ഉറപ്പിക്കയും” ചെയ്യും (വാ. 3). അവര്‍ക്കു ലഭിച്ച പ്രോത്സാഹന ഫലമായി, ദൈവജനം മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുവാന്‍ പ്രാപ്തരാകും. അതുകൊണ്ടാണ് വാ. 4 ല്‍ യെശയ്യാവ് നിര്‍ദ്ദേശിക്കുന്നത്, ‘മനോഭീതിയുള്ളവരോട്: ധൈര്യപ്പെടുവിന്‍, ഭയപ്പെടേണ്ടാ… എന്നു പറവിന്‍.”
ബലഹീനനെന്നു തോന്നുന്നുവോ? നിങ്ങളുടെ സ്വര്‍ഗ്ഗീയ പിതാവിനോടു സംസാരിക്കുക. തിരുവചനത്തിന്റെ സത്യത്തിലൂടെയും തന്റെ സാന്നിധ്യത്തിന്റെ ശക്തികൊണ്ടും അവന് ബലഹീനരെ ശക്തീകരിക്കും. എന്നിട്ട് മറ്റുള്ളവരെ ശക്തീകരിക്കാന്‍ നിങ്ങള്‍ പ്രാപ്തരാകും.
അടുത്തയിടെ നിങ്ങള്‍ക്കു പ്രോത്സാഹനം ലഭിച്ച ചില വഴികള്‍ ഏതെല്ലാമാണ്? കഠിന സമയങ്ങളെ നേരിടുന്ന ഒരുവനെ എങ്ങനെ നിങ്ങള്‍ പ്രോത്സാഹിപ്പിക്കും?