കുസൃതിക്കാരനായ കലാകാരന്‍ ബാങ്ക്‌സേ മറ്റൊരു പ്രായോഗിക തമാശ പുറത്തെടുത്തു. അദ്ദേഹത്തിന്റെ പെണ്‍കുട്ടി ബലൂണുമായി എന്ന പെയിന്റിംഗ്, ലണ്ടനിലെ സോത്ത്ബി ഓക്ഷന്‍ ഹൗസില്‍ വിറ്റുപോയത് ഒരു ദശലക്ഷം പൗണ്ടിനാണ് (9.36 കോടി രൂപ). ലേലം വിളിക്കുന്നവന്‍ ‘വിറ്റു” എന്നു പ്രഖ്യാപിച്ചയുടനെ ഒരു അലാറം മുഴങ്ങുകയും ഫ്രെയിമിന്റെ അടിയില്‍ ഘടിപ്പിച്ചിരുന്ന ഒരു പൊടിക്കല്‍ യന്ത്രത്തിലേക്ക് പെയിന്റിംഗിന്റെ പാതിഭാഗം ഇറങ്ങിപ്പോകുകയും ചെയ്തു. ലേലത്തില്‍ പങ്കെടുത്തവര്‍ തന്റെ മാസ്റ്റര്‍ പീസ് തവിടുപൊടിയാകുന്നത് വിശ്വസിക്കാനാവാതെ നോക്കി നില്‍ക്കുന്നതിന്റെ ഫോട്ടോ ബാങ്ക്‌സേ ട്വീറ്റു ചെയ്തത് ഈ തലക്കെട്ടോടെയാണ്, ‘പോകുന്നു, പോകുന്നു, പോയി.”

സമ്പന്നരുടെമേല്‍ കുസൃതി കാണിക്കുന്നത് ബാങ്ക്‌സേ ആസ്വദിച്ചു എങ്കിലും അദ്ദേഹത്തിന് ഭാരപ്പെടേണ്ട കാര്യമില്ലായിരുന്നു. സമ്പത്തിന്റെ കൈയില്‍ തന്നെ ധാരാളം കുസൃതികള്‍ ഉണ്ട്. ദൈവം പറയുന്നു, ”ധനവാനാകേണ്ടതിനു പണിപ്പെടരുത്; … നിന്റെ ദൃഷ്ടി ധനത്തിന്മേല്‍ പതിക്കുന്നത് എന്തിന്? അത് ഇല്ലാതെയായ്‌പ്പോകുമല്ലോ. കഴുകന്‍
ആകാശത്തേക്ക് എന്നപോലെ അതു ചിറകെടുത്തു പറന്നുകളയും’ (വാ. 4-5).

പണം പോലെ സുരക്ഷിതമല്ലാത്തത് വളരെക്കുറച്ചേയുള്ളു. അതു സമ്പാദിക്കാന്‍ നാം കഠിനമായി അധ്വാനിക്കുന്നു എങ്കിലും അതു നഷ്ടപ്പെടാന്‍ ഒരുപാടു മാര്‍ഗ്ഗങ്ങളുണ്ട്. നിക്ഷേപങ്ങള്‍ പരാജയപ്പെടാം, നാണയപ്പെരുപ്പം ഉണ്ടാകാം, ബില്ലുകള്‍ വരാം, കള്ളന്മാര്‍ മോഷ്ടിക്കാം, തീയും പ്രളയവും നശിപ്പിക്കാം. നമ്മുടെ പണം സൂക്ഷിക്കുന്നതില്‍ നാം വിജയിച്ചാലും, അതു ചിലവഴിക്കാനുള്ള നമ്മുടെ സമയം തീര്‍ന്നുപോയേക്കാം. കണ്ണടച്ചു തുറക്കും മുമ്പെ നിങ്ങളുടെ ജീവിതം പോകുന്നു, പോകുന്നു, പോയി.

എന്താണു ചെയ്യേണ്ടത്? ചില വാക്യങ്ങള്‍ക്കു ശേഷം ദൈവം പറയുന്നു, ‘നീ എല്ലായ്‌പ്പോഴും യഹോവാ ഭക്തിയോടിരിക്ക. ഒരു പ്രതിഫലം ഉണ്ടാകും നിശ്ചയം; നിന്റെ പ്രത്യാശയ്ക്കു ഭംഗം വരികയുമില്ല” (വാ. 17-18). നിങ്ങളുടെ ജീവിതത്തെ യേശുവില്‍ നിക്ഷേപിക്കുക; അവന്‍ മാത്രമാണ് നിങ്ങളെ എന്നേക്കും സൂക്ഷിക്കുന്നത്.