പല പാശ്ചാത്യ രാജ്യങ്ങളിലും ഡിസംബര്‍, ജനുവരി എന്നീ ശൈത്യകാല മാസങ്ങള്‍ ആഴ്ചകളോളം തണുപ്പും മങ്ങിയതുമാണ്: മഞ്ഞിനു മുകളില്‍ തലനീട്ടി നില്‍ക്കുന്ന സ്വര്‍ണ്ണനിറത്തിലുള്ള പുല്ലുകള്‍, ചാരനിറത്തിലുള്ള ആകാശം, ഇല കൊഴിഞ്ഞ വൃക്ഷങ്ങളും. എങ്കിലും ഒരു ദിവസം അസാധാരണമായ എന്തോ ഒറ്റരാത്രികൊണ്ട് സംഭവിച്ചു. ഒരു മഞ്ഞ് വീഴ്ച എല്ലാത്തിനെയും ഐസ് പരലുകള്‍ കൊണ്ട് പൊതിഞ്ഞു. നിര്‍ജീവവും നിരാശാജനകവുമായ പ്രകൃതി സൂര്യപ്രകാശത്തില്‍ തിളങ്ങുന്ന മനോഹരമായ ഒരു രംഗമായി മാറി.

ചില സമയങ്ങളില്‍ വിശ്വാസമുണ്ടാകാന്‍ പ്രചോദനമാകുന്ന ഭാവനയില്ലാതെ നമ്മള്‍ പ്രശ്‌നങ്ങളെ മാത്രം കാണുന്നു. വേദനയും ഭയവും നിരാശയും എല്ലാ ദിവസവും രാവിലെ നമ്മെ അഭിവാദ്യം ചെയ്യുമെന്ന് നാം പ്രതീക്ഷിക്കുന്നു, എന്നിട്ട് എപ്പോഴെങ്കിലും വ്യത്യസ്തമായ എന്തെങ്കിലും സംഭവിക്കാനുള്ള സാധ്യത തള്ളിക്കളയുന്നു. ദൈവത്തിന്റെ ശക്തിയിലൂടെ സംഭവിക്കുന്ന വീണ്ടെടുക്കല്‍, വളര്‍ച്ച അല്ലെങ്കില്‍ വിജയം നമ്മള്‍ പ്രതീക്ഷിക്കുന്നില്ല. എങ്കിലും പ്രയാസകരമായ സമയങ്ങളില്‍ നമ്മെ സഹായിക്കുന്നവനാണ് ദൈവം എന്ന് ബൈബിള്‍ പറയുന്നു. തകര്‍ന്ന ഹൃദയങ്ങളെ അവന്‍ നന്നാക്കുകയും ആളുകളെ അടിമത്തത്തില്‍ നിന്ന് മോചിപ്പിക്കുകയും ചെയ്യുന്നു. അവന്‍ ദുഃഖിതനെ ആശ്വസിപ്പിക്കുന്നു ”ദുഃഖിതനമാര്‍ക്കു വെണ്ണീറിനു പകരം അലങ്കാരമാലയും ദുഃഖത്തിനു പകരം ആനന്ദതൈലവും വിഷണ്ഡമനസ്സിനു പകരം സ്തുതി എന്ന മേലാടയും കൊടുക്കുന്നു…” (യെശയ്യാവ് 61:3).

നമുക്ക് പ്രശ്നങ്ങളുണ്ടാകുമ്പോള്‍ നമ്മെ ധൈര്യപ്പെടുത്താന്‍ മാത്രം ദൈവം ആഗ്രഹിക്കുന്നുവെന്നല്ല. പരീശോധനകളില്‍ നമ്മുടെ പ്രതീക്ഷ അവനാണ്. ആത്യന്തിക ആശ്വാസം ലഭിക്കാന്‍ നാം സ്വര്‍ഗ്ഗത്തിന്റെ ഇടപെടലിനായി കാത്തിരിക്കേണ്ടിവന്നാലും, ദൈവം നമ്മോടൊപ്പമുണ്ട്, നമ്മെ പ്രോത്സാഹിപ്പിക്കുകയും പലപ്പോഴും നമുക്ക് തന്നെത്തന്നെ കാണിച്ചുതരികയും ചെയ്യുന്നു. ജീവിതത്തിലൂടെയുള്ള നമ്മുടെ യാത്രയില്‍, വിശുദ്ധ അഗസ്റ്റിന്റെ വാക്കുകള്‍ നമുക്ക് ഓര്‍ക്കാം: ”എന്റെ അഗാധമായ മുറിവില്‍ ഞാന്‍ നിന്റെ മഹത്വം കണ്ടു, അത് എന്നെ അമ്പരപ്പിച്ചു.”