ഒരു ഭൂപടത്തിന്റെ മധ്യഭാഗം നോക്കി അത് എവിടെയാണ് വരച്ചതെന്ന് നിങ്ങള്‍ക്ക് പൊതുവായി പറയാന്‍ കഴിയും. നമ്മുടെ വീട് ലോകത്തിന്റെ കേന്ദ്രമാണെന്ന് ചിന്തിക്കാനുള്ള പ്രവണത നമുക്കുണ്ട്, അതിനാല്‍ നാം നടുക്ക് ഒരു കുത്ത് ഇടുകയും അവിടെ നിന്ന് വരയ്ക്കാനരംഭിക്കുകയും ചെയ്യുന്നു. അടുത്തുള്ള പട്ടണങ്ങള്‍ വടക്ക് അമ്പത് മൈല്‍ അല്ലെങ്കില്‍ തെക്കോട്ട് അര ദിവസത്തെ ഡ്രൈവ് ആയിരിക്കാം, പക്ഷേ എല്ലാം നമ്മള്‍ എവിടെയാണെന്നതുമായി ബന്ധപ്പെട്ടതാണ്. സങ്കീര്‍ത്തനങ്ങള്‍ പഴയനിയമത്തിലെ ദൈവത്തിന്റെ ഭൗമിക ഭവനത്തില്‍ നിന്ന് അവരുടെ ”ഭൂപടം” വരയ്ക്കുന്നു, അതിനാല്‍ വേദപുസ്തക ഭൂമിശാസ്ത്രത്തിന്റെ കേന്ദ്രം യെരുശലേം ആണ്.

യെരുശലേമിനെ സ്തുതിക്കുന്ന നിരവധി സങ്കീര്‍ത്തനങ്ങളില്‍ ഒന്നാണ് 48-ാം സങ്കീര്‍ത്തനം. ഈ ”നമ്മുടെ ദൈവത്തിന്റെ നഗരം, അവന്റെ വിശുദ്ധ പര്‍വ്വതം” ”അതിമനോഹരവും, സര്‍വ്വഭൂമിയുടെയും ആനന്ദവുമാകുന്നു” (വാ. 1-2). ‘അവളുടെ അരമനകളില്‍ ദൈവം ഒരു ദുര്‍ഗ്ഗമായി വെളിപ്പെട്ടു വന്നിരിക്കുന്നതിനാല്‍” ”ദൈവം അതിനെ സദാകാലത്തേക്കും സ്ഥിരമാക്കുന്നു” (വാ. 3, 8). ദൈവത്തിന്റെ പ്രശസ്തി യെരുശലേമിന്റെ ആലയത്തില്‍ ആരംഭിച്ച് ”ഭൂമിയുടെ അറ്റങ്ങളിലേക്ക്” വ്യാപിക്കുന്നു (വാ. 9-10).

നിങ്ങള്‍ ഇത് യെരുശലേമില്‍ വെച്ചു വായിക്കുന്നില്ലെങ്കില്‍, നിങ്ങളുടെ വീട് ബൈബിള്‍ ലോകത്തിന്റെ മധ്യത്തിലല്ല. എന്നിട്ടും നിങ്ങളുടെ പ്രദേശം വളരെ പ്രാധാന്യമര്‍ഹിക്കുന്നു, കാരണം അവന്റെ സ്തുതി ”ഭൂമിയുടെ അറ്റം വരെ” എത്തുന്നതുവരെ ദൈവം വിശ്രമിക്കുകയില്ല (വാ. 10). ദൈവം തന്റെ ലക്ഷ്യത്തിലെത്തുന്ന രീതിയുടെ ഭാഗമാകാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ? ഓരോ ആഴ്ചയും ദൈവജനത്തോടൊപ്പം ആരാധിക്കുക, അവന്റെ മഹത്വത്തിനായി ഓരോ ദിവസവും പരസ്യമായി ജീവിക്കുക. നാം നമ്മെത്തന്നെയും നമുക്കുള്ളതെല്ലാം അവനു സമര്‍പ്പിക്കുമ്പോള്‍ ദൈവത്തിന്റെ പ്രശസ്തി ”ഭൂമിയുടെ അറ്റങ്ങളിലേക്ക്” വ്യാപിക്കുന്നു.