1979 ല്‍, ഡോ. ഗബ്രിയേല്‍ ബാര്‍കേയും സംഘവും പഴയ യെരുസലേമിന് പുറത്തുള്ള ഒരു ശ്മശാനത്തില്‍നിന്ന് രണ്ട് വെള്ളി ചുരുളുകള്‍ കണ്ടെത്തി. 2004 ല്‍, ഇരുപത്തിയഞ്ച് വര്‍ഷത്തെ സൂക്ഷ്മ ഗവേഷണത്തിനുശേഷം, ബിസി 600 ല്‍ കുഴിച്ചിട്ട ആ ചുരുളുകള്‍ നിലവിലുള്ളതില്‍ വെച്ച് ഏറ്റവും പഴക്കമുള്ള ബൈബിള്‍ പാഠമാണെന്ന് പണ്ഡിതന്മാര്‍ സ്ഥിരീകരിച്ചു. ചുരുളുകളില്‍ അടങ്ങിയിരിക്കുന്നവയാണ് ഞാന്‍ പ്രത്യേകമായി കാണുന്നത് – ദൈവം തന്റെ ജനത്തിന്മേല്‍ പകരാന്‍ ആഗ്രഹിച്ച പുരോഹിത അനുഗ്രഹമായിരുന്നു അത്: ”യഹോവ നിന്നെ അനുഗ്രഹിച്ചു കാക്കുമാറാകട്ടെ; യഹോവ തിരുമുഖം നിന്റെമേല്‍ പ്രകാശിപ്പിച്ച് നിന്നോടു കൃപയുള്ളവനാകട്ടെ” (സംഖ്യാപുസ്തകം 6:24-25).

ഈ അനുഗ്രഹം നല്‍കുന്നതിലൂടെ, തനിക്കുവേണ്ടി ജനങ്ങളെ എങ്ങനെ അനുഗ്രഹിക്കണമെന്ന് അഹരോനെയും മക്കളെയും (മോശയിലൂടെ) ദൈവം കാണിച്ചു. ദൈവം നല്‍കിയ രൂപത്തിലുള്ള വാക്കുകള്‍ നേതാക്കള്‍ മനഃപാഠമാക്കേണ്ടിയിരുന്നു, അങ്ങനെ ദൈവം ആഗ്രഹിച്ചതുപോലെ അവര്‍ ജനത്തെ അനുഗ്രഹിക്കണം. ‘യഹോവ’ എന്ന് മൂന്നു പ്രാവശ്യം അവര്‍ പറയുമ്പോള്‍ അനുഗ്രഹിക്കുന്നവന്‍ യഹോവയാണ് എന്ന് മൂന്നു പ്രാവശ്യം അവര്‍ അനുഗ്രഹിക്കുന്നവനാണ് ദൈവം എന്നും ‘നിന്നെ’ ആറു പ്രാവശ്യം പറയുമ്പോള്‍ തന്റെ ജനത്തിന് തന്റെ സ്‌നേഹവും പ്രസാദവും ലഭിക്കണമെന്ന് ദൈവം എത്രമാത്രം ആഗ്രഹിക്കുന്നുവെന്നും പ്രതിഫലിപ്പിക്കുന്നു.

അനുഗ്രഹിക്കാനുള്ള ദൈവത്തിന്റെ ആഗ്രഹത്തെക്കുറിച്ച് ബൈബിളിലെ നിലവിലുള്ള ഏറ്റവും പഴയ വേദശകലങ്ങള്‍ പറയുന്ന ഒരു നിമിഷം ചിന്തിക്കുക. ദൈവത്തിന്റെ അതിരുകളില്ലാത്ത സ്‌നേഹത്തെക്കുറിച്ചും അവന്‍ നാമുമായി ഒരു ബന്ധത്തില്‍ ഏര്‍പ്പെടാന്‍ ആഗ്രഹിക്കുന്നതിനെക്കുറിച്ചും എന്തൊരു ഓര്‍മ്മപ്പെടുത്തലാണത്! ഇന്ന് നിങ്ങള്‍ ദൈവത്തില്‍ നിന്ന് അകലെയാണെന്ന് തോന്നുകയാണെങ്കില്‍, ഈ പുരാതന വാക്കുകളിലെ വാഗ്ദാനത്തെ മുറുകെ പിടിക്കുക. കര്‍ത്താവ് നിങ്ങളെ അനുഗ്രഹിക്കട്ടെ; കര്‍ത്താവ് നിങ്ങളെ കാത്തുസൂക്ഷിക്കട്ടെ.