Month: ഫെബ്രുവരി 2020

ജീവിതം പ്രയാസകരമാകുമ്പോള്‍

ശാരീരികമായും മാനസികമായും വൈകാരികമായും തളര്‍ന്ന ഞാന്‍ എന്റെ ചാരുകസേരയില്‍ ചുരുണ്ടു കിടന്നു. ഞങ്ങളുടെ കുടുംബം ദൈവത്തിന്റെ നടത്തിപ്പനുസരിച്ച്് തെലങ്കാനയില്‍ നിന്ന് കര്‍ണാടകയിലേക്ക് മാറിയിരുന്നു. ഞങ്ങള്‍ എത്തിയതിനുശേഷം ഞങ്ങളുടെ കാര്‍ കേടുവന്നു, രണ്ട് മാസത്തേക്ക് വാഹനമില്ലാതെ ഞങ്ങള്‍ ഭാരപ്പെട്ടു. അതേസമയം, അപ്രതീക്ഷിതമായ ഒരു ശസ്ത്രക്രിയയ്ക്ക് ശേഷം എന്റെ ഭര്‍ത്താവിന് നടക്കാന്‍ കഴിയാതെവന്നതും എന്റെ വിട്ടുമാറാത്ത വേദനയും ഞങ്ങളുടെ വീട്ടുസാധനങ്ങള്‍ പഴയപടിയാക്കുന്ന ജോലിയെ പ്രയാസകരമാക്കി. ഞങ്ങള്‍ പുതുതായി പാര്‍ക്കാനാരംഭിച്ച പഴയ വീട്ടിലെ വലിയ പ്രശ്‌നങ്ങള്‍ ഞങ്ങള്‍ കണ്ടെത്തി. ഞങ്ങളുടെ മുതിര്‍ന്ന നായ ആരോഗ്യപ്രശ്‌നങ്ങളാല്‍ വലഞ്ഞു. ഞങ്ങളുടെ പുതിയ നായ്ക്കുട്ടി വലിയ സന്തോഷം നല്‍കിയിട്ടുണ്ടെങ്കിലും, അവന്റെ വര്‍ദ്ധിച്ച ഊര്‍ജ്ജസ്വലത പ്രതീക്ഷിച്ചതിലും വലിയ ജോലി ഞങ്ങള്‍ക്കു നല്‍കി. എന്റെ മനോഭാവം കൈപ്പുള്ളതായി. കാഠിന്യത്തിന്റെ കുണ്ടും കുഴിയും ഉള്ള ഒരു വഴിയില്‍ സഞ്ചരിക്കുമ്പോള്‍ എനിക്ക് എങ്ങനെ അചഞ്ചലമായ വിശ്വാസം ഉള്ളവളായിരിക്കാന്‍ കഴിയും?

ഞാന്‍ പ്രാര്‍ത്ഥിച്ചപ്പോള്‍, സങ്കീര്‍ത്തനക്കാരനെക്കുറിച്ച് ദൈവം എന്നെ ഓര്‍മ്മപ്പെടുത്തി - അവന്റെ സ്തുതി സാഹചര്യങ്ങളെ ആശ്രയിച്ചായിരുന്നില്ല. ദാവീദ് തന്റെ വികാരങ്ങള്‍ ദൈവസന്നിധിയില്‍ പകര്‍ന്നു, പലപ്പോഴും വലിയ ദുര്‍ബലതയോടെ, ദൈവസന്നിധിയില്‍ അഭയം തേടി (സങ്കീര്‍ത്തനം 16:1). ദൈവത്തെ ദാതാവും സംരക്ഷകനുമായി അംഗീകരിച്ച അവന്‍ (വാ. 5-6) അവനെ സ്തുതിക്കുകയും അവന്റെ ഉപദേശങ്ങള്‍ പാലിക്കുകയും ചെയ്തു (വാ. 7). 'യഹോവയെ എപ്പോഴും എന്റെ മുമ്പില്‍ വച്ചിരിക്കുന്നതിനാല്‍'' താന്‍ കുലുങ്ങുകയില്ലെന്ന് ദാവീദ് ഉറപ്പിച്ചു (വാ. 8). അതിനാല്‍, അവന്‍ സന്തോഷിക്കുകയും ദൈവസാന്നിധ്യത്തിന്റെ സന്തോഷത്തില്‍ സുരക്ഷിതനായി വിശ്രമിക്കുകയും ചെയ്തു (വാ. 9-11).

നമ്മുടെ സമാധാനം നമ്മുടെ ഇന്നത്തെ സാഹചര്യത്തെ ആശ്രയച്ചല്ലെന്ന് അറിയുന്നതില്‍ നമുക്കും സന്തോഷിക്കാം. മാറ്റമില്ലാത്ത നമ്മുടെ ദൈവത്തിന് അവന്‍ ആരാണെന്നും എല്ലായ്‌പ്പോഴും നമ്മോടൊപ്പം ഉണ്ടായിരിക്കുമെന്നതിനും നാം നന്ദി പറയുമ്പോള്‍, അവിടുത്തെ സാന്നിദ്ധ്യം നമ്മുടെ അചഞ്ചലമായ വിശ്വാസത്തെ ജ്വലിപ്പിക്കും.

നമ്മുടെ കൂട്ടില്‍ നിന്നും മോചിക്കപ്പെടുക

പുറത്തു നടക്കാന്‍പോകുമ്പോള്‍, മിക്ക രാത്രിയിലും തന്റെ നാല് നായ്ക്കളുമായി നടക്കുന്ന ഒരാളെ ഞാന്‍ കണ്ടിട്ടുണ്ട്. നായ്ക്കളില്‍ മൂന്നെണ്ണം കുതിച്ചോടും, എന്നാല്‍ ഒന്ന് അതിന്റെ ഉടമസ്ഥന്റെ അടുത്തു തന്നെ വട്ടത്തില്‍ ഓടിക്കൊണ്ടിരിക്കും. ഒടുവില്‍ ഞാന്‍ അദ്ദേഹത്തെ സമീപിച്ച് ഈ വിചിത്രമായ പെരുമാറ്റത്തെക്കുറിച്ച് ചോദിച്ചപ്പോള്‍, തന്റെ ജീവിതത്തിന്റെ ഭൂരിഭാഗവും ഒരു കൂട്ടില്‍ പൂട്ടിയിട്ടിരുന്ന ഈ നായയെക്കുറിച്ചു വിശദീകരിച്ചു. ഒരു ഇടുങ്ങിയ കൂട്ടില്‍ ആണ് താന്‍ ഇപ്പോഴും എന്നതുപോലെ നായ വട്ടത്തില്‍ ഓടുന്നത് തുടര്‍ന്നു.

ദൈവം നമ്മെ രക്ഷിക്കുന്നില്ലെങ്കില്‍ നാം കുടുങ്ങിക്കിടക്കുകയാണെന്നും പ്രതീക്ഷയറ്റവരാണെന്നും തിരുവെഴുത്തു വെളിപ്പെടുത്തുന്നു. സങ്കീര്‍ത്തനക്കാരന്‍ ഒരു ശത്രുവിനാല്‍ പീഡിപ്പിക്കപ്പെടുന്നതിനെക്കുറിച്ചും ''മരണത്തിന്റെ കെണിയില്‍'' ''മരണ പാശങ്ങളാല്‍'' വലയം ചെയ്യപ്പെടുന്നതിനെക്കുറിച്ചും സംസാരിച്ചു (സങ്കീ. 18:4-5). അടയ്ക്കപ്പെട്ട് ചങ്ങലയിലകപ്പെട്ട അവന്‍ സഹായത്തിനായി ദൈവത്തോട് നിലവിളിച്ചു (വാ. 6). ഇടിമുഴക്കത്തോടെ അവന്‍ ഇറങ്ങിവന്നു ''കൈനീട്ടി എന്നെ പിടിച്ചു' (വാ. 16).

നമുക്കുവേണ്ടിയും അങ്ങനെ ചെയ്യാന്‍ ദൈവത്തിന് കഴിയും. ചങ്ങലകള്‍ തകര്‍ക്കാനും നമ്മുടെ കൂടുകളില്‍ നിന്ന് നമ്മെ മോചിപ്പിക്കാനും അവനു കഴിയും. നമ്മെ സ്വതന്ത്രരാക്കാനും ''വിശാലമായ സ്ഥലത്തേക്ക്'' കൊണ്ടുപോകാനും അവനു കഴിയും (വാ. 19). അവന്‍ അങ്ങനെ ചെയ്തതിനുശേഷവും ഇപ്പോഴും നാം നമ്മുടെ പഴയ തടവറയില്‍ ആണെന്ന ചിന്തയില്‍ ചെറിയ വൃത്തങ്ങളില്‍ ഓടിക്കൊണ്ടിരിക്കുന്നത് എത്ര സങ്കടകരമാണ്. അവന്റെ ശക്തിയില്‍, നാം ഇനി ഭയം, ലജ്ജ, പീഡനം എന്നിവയാല്‍ ബന്ധിക്കപ്പെടരുത്. മരണത്തിന്റെ കൂടുകളില്‍ നിന്ന് ദൈവം നമ്മെ രക്ഷിച്ചു. നമുക്ക് സ്വതന്ത്രരായി ഓടാന്‍ കഴിയും.

വെള്ളമഞ്ഞിന്റെ അത്ഭുതം

പതിനേഴാം നൂറ്റാണ്ടില്‍ സര്‍ ഐസക് ന്യൂട്ടണ്‍ ഒരു പ്രിസം ഉപയോഗിച്ച് വ്യത്യസ്ത നിറങ്ങള്‍ കാണാന്‍ വെളിച്ചം നമ്മെ എങ്ങനെ സഹായിക്കുന്നുവെന്ന് പഠിച്ചു. ഒരു വസ്തുവിലൂടെ പ്രകാശം കടന്നുപോകുമ്പോള്‍, വസ്തുവിന് ഒരു പ്രത്യേക നിറം ഉണ്ടെന്ന് അദ്ദേഹം കണ്ടെത്തി. ഒരൊറ്റ ഐസ് പരല്‍ അര്‍ദ്ധസുതാര്യമായി കാണപ്പെടുമ്പോള്‍, മഞ്ഞ് പല ഐസ് പരലുകള്‍ ചേര്‍ന്നതാണ്. എല്ലാ പരലുകളിലൂടെയും വെളിച്ചം കടന്നുപോകുമ്പോള്‍ മഞ്ഞ് വെളുത്തതായി കാണപ്പെടുന്നു.

ഒരു പ്രത്യേക നിറമുള്ള മറ്റൊന്നിനെക്കുറിച്ചും ബൈബിള്‍ പരാമര്‍ശിക്കുന്നു - പാപം. യെശയ്യാ പ്രവാചകനിലൂടെ ദൈവം യഹൂദജനതയുടെ പാപങ്ങളെ അഭിമുഖീകരിക്കുകയും അവരുടെ പാപത്തെ '' കടുഞ്ചുവപ്പ്'' എന്നും ''രക്താംബരംപോലെ ചുവപ്പ്'' എന്നും വിശേഷിപ്പിച്ചു. എന്നാല്‍ അവര്‍ ''ഹിമംപോലെ വെളുപ്പാകും'' എന്ന് ദൈവം വാഗ്ദാനം ചെയ്തു (യെശയ്യാവു 1:18). എങ്ങനെ? യഹൂദയ്ക്ക് തെറ്റുകളില്‍ നിന്ന് പിന്തിരിയുകയും ദൈവത്തിന്റെ പാപമോചനം തേടുകയും വേണം.

ഞങ്ങള്‍ക്ക് ദൈവത്തിന്റെ പാപമോചനത്തിലേക്ക് സ്ഥിരമായ പ്രവേശനം ലഭിച്ചതിന് യേശുവിനു നന്ദി. യേശു തന്നെത്തന്നെ ''ലോകത്തിന്റെ വെളിച്ചം'' എന്ന് വിളിക്കുകയും അവനെ അനുഗമിക്കുന്നവന്‍ ''ഒരിക്കലും അന്ധകാരത്തില്‍ നടക്കാതെ ജീവന്റെ വെളിച്ചം ഉള്ളവരാകുകയും ചെയ്യും'' (യോഹന്നാന്‍ 8:12) എന്നു പറയുകയും ചെയ്തു. നാം നമ്മുടെ പാപങ്ങള്‍ ഏറ്റുപറയുമ്പോള്‍, ദൈവം നമ്മോട് ക്ഷമിക്കുകയും ക്രൂശിലെ ക്രിസ്തുവിന്റെ ത്യാഗത്തിന്റെ വെളിച്ചത്തിലൂടെ നമ്മെ കാണുകയും ചെയ്യുന്നു. ഇതിനര്‍ത്ഥം, യേശുവിനെ കാണുന്നതുപോലെ ദൈവം നമ്മെ കുറ്റമറ്റവരായി കാണുന്നു.

നാം തെറ്റ് ചെയ്തതിന്റെ കുറ്റബോധത്തിലും ലജ്ജയിലും ജീവിക്കേണ്ടതില്ല. പകരം, ദൈവത്തിന്റെ പാപമോചനത്തിന്റെ സത്യം മുറുകെ പിടിക്കാന്‍ നമുക്കു കഴിയും, അത് നമ്മെ ''ഹിമംപോലെ വെളുത്തതാക്കുന്നു.''

സമീപത്തെ അയല്‍ക്കാര്‍

നമ്മുടെ നഗരത്തിലെയും ലോകമെമ്പാടുമുള്ള അയല്‍ക്കാരുമായും ചങ്ങാതിമാരുമായും മറ്റുള്ളവരുമായും ബന്ധപ്പെടാനുള്ള ശക്തമായ ഉപകരണമായി സോഷ്യല്‍ മീഡിയ മാറിയിരിക്കുന്നു. വെള്ളപ്പൊക്കത്തിലും മറ്റ് പ്രകൃതിദുരന്തങ്ങളിലും ഭക്ഷണം, വസ്ത്രം, മറ്റ് അവശ്യവസ്തുക്കള്‍ എന്നിവ കണ്ടെത്താനുള്ള ഉറവിടങ്ങളിലേക്ക് എത്താനുള്ള മാര്‍ഗ്ഗമായി ഇത് മാറിയിരിക്കുന്നു. ഇന്റര്‍നെറ്റിന്റെ സഹായത്തോടെ, ഇന്നത്തെ അതിവേഗ ലോകത്ത് അടുത്ത് താമസിക്കുന്നവര്‍ തമ്മില്‍ പലപ്പോഴും നഷ്ടപ്പെട്ടുപോകുന്ന ബന്ധങ്ങള്‍ പുനഃസ്ഥാപിക്കുവാന്‍ ഇടയാകുന്നുണ്ട്. സമീപത്തുള്ളവരുമായി ബന്ധം പുലര്‍ത്തുന്നത്, വളരെ മുമ്പു തന്നെ, ശലോമോന്‍ രാജാവിന്റെ കാലത്ത് പോലും പ്രാധാന്യമുള്ളതായിരുന്നു.

കുടുംബബന്ധങ്ങള്‍ യഥാര്‍ഥത്തില്‍ പ്രധാനപ്പെട്ടതും വലിയ പിന്തുണയുടെ ഉറവിടവുമാണെങ്കിലും, ഒരു സുഹൃത്തിന്റെ പങ്ക് നിര്‍ണായകമാണെന്ന് ശലോമോന്‍ സൂചിപ്പിക്കുന്നു - പ്രത്യേകിച്ചും ''കഷ്ടകാലത്ത്'' (സദൃശവാക്യങ്ങള്‍ 27:10). ബന്ധുക്കള്‍ അവരുടെ കുടുംബാംഗങ്ങളെ വളരെയധികം കരുതുകയും അത്തരം സാഹചര്യങ്ങളില്‍ സഹായിക്കാന്‍ ആഗ്രഹിക്കുകയും ചെയ്യുന്നു. എന്നാല്‍ അവര്‍ അകലെയാണെങ്കില്‍, വിപത്ത് സംഭവിക്കുന്ന നിമിഷങ്ങളില്‍ അവര്‍ക്ക് വളരെ കുറച്ച് മാത്രമേ ചെയ്യാനാകൂ. എന്നിരുന്നാലും, അയല്‍ക്കാര്‍ സമീപത്തായതിനാല്‍, ആവശ്യം വേഗത്തില്‍ അറിയാന്‍ സാധ്യതയുണ്ട്, മാത്രമല്ല കൂടുതല്‍ എളുപ്പത്തില്‍ സഹായിക്കാനും കഴിയും.

ലോകമെമ്പാടുമുള്ള പ്രിയപ്പെട്ടവരുമായി ബന്ധം നിലനിര്‍ത്തുന്നത് സാങ്കേതികവിദ്യ മുമ്പത്തേക്കാളും എളുപ്പമാക്കിയതിനാല്‍, സമീപത്ത് താമസിക്കുന്നവരെ അവഗണിക്കാന്‍ നാം പ്രലോഭിപ്പിക്കപ്പെടാം. യേശുവേ, ഞങ്ങള്‍ക്ക് ചുറ്റുമുള്ള ആളുകളുമായുള്ള ബന്ധം ശക്തിപ്പെടുത്താന്‍ അങ്ങ് ഞങ്ങളെ സഹായിക്കണമേ!

അതില്‍ ഒരുമിച്ച്

1994-ലെ രണ്ടു മാസ കാലയളവില്‍, റുവാണ്ടയില്‍ ഒരു ദശലക്ഷം ടുട്സികളെ ഹുട്ടു ഗോത്രക്കാര്‍ വധിച്ചു. ഈ ഭയാനകമായ വംശഹത്യയുടെ പശ്ചാത്തലത്തില്‍, ബിഷപ്പ് ജെഫ്രി റുബുസിസി തങ്ങളുടെ പ്രിയപ്പെട്ടവര്‍ നഷ്ടപ്പെട്ട സ്ത്രീകളെ സന്ധിക്കുന്നതിനെക്കുറിച്ച് തന്റെ ഭാര്യയുമായി ആലോചിച്ചു. ''എനിക്ക് ചെയ്യേണ്ടത് കരയുക മാത്രമാണ്'' എന്നായിരുന്നു മേരിയുടെ മറുപടി. അവള്‍ക്കും അവളുടെ കുടുംബത്തിലെ അംഗങ്ങളെ നഷ്ടപ്പെട്ടു. ബുദ്ധിമാനായ ഒരു നേതാവും കരുതലുള്ള ഭര്‍ത്താവും എന്ന നിലയിലായിരുന്നു ബിഷപ്പിന്റെ പ്രതികരണം: ''മേരീ, സ്ത്രീകളെ ഒരുമിച്ചുകൂട്ടി അവരോടൊപ്പം കരയുക.'' ഭാര്യയുടെ വേദന മറ്റുള്ളവരുടെ വേദനയില്‍ അതുല്യമായി പങ്കുചേരാന്‍ അവളെ ഒരുക്കിയിട്ടുണ്ടെന്ന് അദ്ദേഹത്തിനറിയാമായിരുന്നു.

ദൈവത്തിന്റെ കുടുംബമായ സഭ, ജീവിതത്തിലെ എല്ലാക്കാര്യങ്ങളും പങ്കിടാന്‍ കഴിയുന്ന ഇടമാണ് - നല്ല കാര്യങ്ങളും അത്ര നല്ലതല്ലാത്ത കാര്യങ്ങളും. നമ്മുടെ പരസ്പര ആശ്രയത്വം മനസ്സിലാക്കാന്‍ പുതിയ നിയമത്തില്‍ 'അന്യോന്യം'' എന്ന വാക്കുകള്‍ ഉപയോഗിക്കുന്നു. ''സഹോദരപ്രീതിയില്‍ തമ്മില്‍ സ്ഥായിപൂണ്ടു ബഹുമാനിക്കുന്നതില്‍ അന്യോന്യം
മുന്നിട്ടുകൊള്ളുവിന്‍...തമ്മില്‍ ഐകമത്യമുള്ളവരായി വലിപ്പം ഭാവിക്കാതെ എളിയവരോടു ചേര്‍ന്നുകൊള്‍വിന്‍'' (റോമര്‍ 12:10, 16). നമ്മുടെ ബന്ധത്തിന്റെ വ്യാപ്തി 15-ാം വാക്യത്തില്‍ പ്രകടിപ്പിച്ചിരിക്കുന്നു: ''സന്തോഷിക്കുന്നവരോടുകൂടെ സന്തോഷിക്കുകയും കരയുന്നവരോടുകൂടെ കരയുകയും ചെയ്യുവിന്‍.'

വംശഹത്യക്കിരയായവരുമായി താരതമ്യപ്പെടുത്തുമ്പോള്‍ നമ്മുടെ വേദനയുടെ ആഴവും വ്യാപ്തിയും നിസ്സാരമായിരുന്നേക്കാം, എന്നിരുന്നാലും ഇത് വ്യക്തിപരവും യഥാര്‍ത്ഥവുമാണ്. മേരിയുടെ വേദനയില്‍ അവള്‍ ചെയ്്തതു പോലെ, ദൈവം നമുക്കുവേണ്ടി ചെയ്തതുകൊണ്ട് മറ്റുള്ളവരുടെ സുഖത്തിനും നന്മയ്ക്കും വേണ്ടി അത് സ്വീകരിക്കാനും പങ്കിടാനും നമുക്കു കഴിയും.