ഒരു സ്പീച്ച് തെറാപ്പിസ്റ്റാകാനുള്ള ജെയിന്റെ പദ്ധതി അവസാനിച്ചു. ജോലി അവള്‍ക്ക് വൈകാരികമായി വെല്ലുവിളിയാണെന്ന് ഇന്റേണ്‍ഷിപ്പില്‍ മനസ്സിലായതോടെയായിരുന്നു അത്. തുടര്‍ന്ന് ഒരു മാസികയ്ക്കുവേണ്ടി എഴുതാനുള്ള അവസരം അവള്‍ക്കു ലഭിച്ചു. ഒരു എഴുത്തുകാരിയെന്ന നിലയില്‍ അവള് ഒരിക്കലും തന്നെ കണ്ടിരുന്നില്ല, എങ്കിലും വര്‍ഷങ്ങള്‍ക്കുശേഷം അവള് തന്റെ എഴുത്തിലൂടെ നിര്‍ദ്ധനരായ കുടുംബങ്ങള്‍ക്കുവേണ്ടി വാദിക്കുന്നവളായി മാറി. ”തിരിഞ്ഞുനോക്കുമ്പോള്‍, ദൈവം എന്റെ പദ്ധതികള്‍ മാറ്റിയത് എന്തുകൊണ്ടാണെന്ന് എനിക്ക് മനസ്സിലായി,” അവള് പറയുന്നു. ”എനിക്കായി ഒരു വലിയ പദ്ധതി അവന്റെ പക്കല്‍ ഉണ്ടായിരുന്നു.”
തകരാറിലായ പദ്ധതികളെക്കുറിച്ചുള്ള നിരവധി കഥകള്‍ ബൈബിളിലുണ്ട്. തന്റെ രണ്ടാമത്തെ മിഷനറി യാത്രയില്‍, സുവിശേഷവുമായി ബിഥുന്യയിലേക്ക് പോകുവാന്‍ പൗലൊസ് ശ്രമിച്ചുവെങ്കിലും യേശുവിന്റെ ആത്മാവ് അവനെ തടഞ്ഞു (പ്രവൃ. 16:6-7). ഇത് ദുരൂഹമായി തോന്നിയിരിക്കണം: ദൈവം നല്കിയ ദൗത്യത്തിന് അനുസൃതമായ പദ്ധതികളെ യേശു തടസ്സപ്പെടുത്തിയത് എന്തുകൊണ്ട്? ഒരു രാത്രി സ്വപ്നത്തില്‍ ഉത്തരം വന്നു: മാസിഡോണിയയ്ക്ക് അവനെ കൂടുതല്‍ ആവശ്യമുണ്ട്. അവിടെ പൗലൊസ് യൂറോപ്പിലെ ആദ്യത്തെ സഭ സ്ഥാപിച്ചു. ശലോമോന് ഇപ്രകാരം നിരീക്ഷിച്ചു, ”മനുഷ്യന്റെ ഹൃദയത്തില്‍ പല വിചാരങ്ങളും ഉണ്ട്്്; യഹോവയുടെ ആലോചനയോ നിവൃത്തിയാകും” (സദൃശവാക്യങ്ങള്‍ 19:21).
പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നത് വിവേകപൂര്‍ണ്ണമാണ്. ഇപ്രകാരം ഒരു ചൊല്ലുണ്ട്, ”ആസൂത്രണം ചെയ്യുന്നതില്‍ പരാജയപ്പെടുന്നവന് പരാജയപ്പെടാന്‍ പദ്ധതിയിടുന്നു.” എന്നാല്‍ ദൈവം നമ്മുടെ പദ്ധതികളെ തന്റേതായ രീതിയില്‍ തടസ്സപ്പെടുത്തിയേക്കാം. ദൈവത്തെ വിശ്വസിക്കാന്‍ കഴിയുമെന്ന് അറിഞ്ഞുകൊണ്ട് ശ്രദ്ധിക്കുകയും അനുസരിക്കുകയും ചെയ്യുക എന്നതാണ് നാം ചെയ്യേണ്ടത്. നാം അവന്റെ ഹിതത്തിനു കീഴ്പെടുകയാണെങ്കില്, നമ്മുടെ ജീവിതത്തിനായുള്ള അവിടുത്തെ ഉദ്ദേശ്യവുമായി യോജിക്കുന്നതായി നാം കണ്ടെത്തും.
നാം പദ്ധതികള്‍ തയ്യാറാക്കുന്നത് തുടരുമ്പോള്‍, നമുക്ക് ഒരു പുതിയ കാര്യം ചേര്‍ക്കാന്‍ കഴിയും: കേള്‍ക്കാന്‍ പദ്ധതിയിടുക. ദൈവത്തിന്റെ പദ്ധതി കേള്‍ക്കുക.
സര്‍വ്വജ്ഞനായ ദൈവമേ, എന്റെ പദ്ധതികള്‍ തകരാറിലാകുമ്പോള്‍, എന്റെ ജീവിതത്തെ സംബന്ധിച്ച് അങ്ങേയ്ക്ക് ഒരു വലിയ ലക്ഷ്യമുണ്ടെന്ന് അറിഞ്ഞുകൊണ്ട് അങ്ങു പറയുന്നത് ശ്രദ്ധിക്കാനുള്ള വിശ്വാസം എനിക്കു തരണമേ.