പരിപാടികള്‍ക്കും നാടക നിര്‍മ്മാണങ്ങള്‍ക്കും പേരുകേട്ട ഒരു പള്ളിയിലെ പാസ്റ്റര്‍ ആയിരുന്നു ജോസഫ്. അവര്‍ എല്ലാം നന്നായി ചെയ്തു, എന്നിട്ടും സഭയുടെ തിരക്ക് ഒരു ബിസിനസ്സിലേക്ക് വഴുതിവീഴുമെന്ന് അദ്ദേഹം ഭയപ്പെട്ടു. സഭ വളരുന്നത് ശരിയായ കാരണങ്ങളാലാണോ അതോ അതില്‍ നടക്കുന്ന പ്രവര്ത്തനങ്ങളാലാണോ? അതു കണ്ടെത്താന്‍ ജോസഫ് ആഗ്രഹിച്ചു. അതിനാല്‍ ഒരു വര്‍ഷത്തേക്കുള്ള എല്ലാ അധിക പരിപാടികളും അദ്ദേഹം റദ്ദാക്കി. ആളുകള്‍ ദൈവത്തെ ആരാധിക്കുന്ന ജീവനുള്ള ഒരു ആലയമായിരിക്കുന്നതില് അദ്ദേഹത്തിന്റെ സഭ ശ്രദ്ധ കേന്ദ്രീകരിക്കും.
ദൈവാലയത്തിന്റെ പ്രാകാരങ്ങളില്‍ പ്രവേശിക്കുമ്പോള്‍ യേശു എന്തു ചെയ്തുവെന്ന് നിങ്ങള്‍ ശ്രദ്ധിക്കുന്നത് വരെ ജോസഫ് ചെയ്തത് തീവ്രമായിപ്പോയി എന്നു നിങ്ങള്‍ക്കു തോന്നും. ലളിതമായ പ്രാര്‍ത്ഥനകളാല്‍ മുഖരിതമാകേണ്ട വിശുദ്ധ സ്ഥലം ആരാധനാ കച്ചവടത്തിന്റെ തിരക്കിലായിരുന്നു. ”നിങ്ങളുടെ പ്രാവുകളെ ഇവിടെ കൊണ്ടുവരിക! ദൈവം ആവശ്യപ്പെടുന്നതുപോലെ വെളുത്തവയെ!” യേശു വ്യാപാരികളുടെ മേശകള്‍ മറിച്ചിടുകയും അവരുടെ ചരക്കുകളുമായി വന്നവരെ തടയുകയും ചെയ്തു. അവര്‍ ചെയ്യുന്നതില്‍ പ്രകോപിതനായ അവന് യെശയ്യാവ് 56, യിരെമ്യാവ് 7 എന്നിവയില്‍ നിന്ന് ഉദ്ധരിച്ചു: ”എന്റെ ഭവനം സകലജാതികള്ക്കുമുള്ള പ്രാര്‍ത്ഥനാലയം എന്നു വിളിക്കപ്പെടും. എന്നാല്‍ നിങ്ങള്‍ അതിനെ കള്ളന്മാരുടെ ഗുഹയാക്കിത്തീര്ത്തിരിക്കുന്നു’ (മര്‍ക്കൊസ് 11:17). ജാതികളുടെ പ്രാകാരം, പുറത്തുനിന്നുള്ളവര്‍ക്ക് ദൈവത്തെ ആരാധിക്കാനുള്ള സ്ഥലം, പണം സമ്പാദിക്കാനുള്ള ലൗകിക ചന്തയായി മാറി.
ബിസിനസ്സ് ചെയ്യുന്നതിലോ തിരക്കുള്ളവരായിരിക്കുന്നതിലോ തെറ്റൊന്നുമില്ല. എന്നാല്‍ അത് സഭയുടെ ലക്ഷ്യമല്ല. നമ്മള് ദൈവത്തിന്റെ ജീവനുള്ള ആലയമാണ്, യേശുവിനെ ആരാധിക്കുക എന്നതാണ് നമ്മുടെ പ്രധാന ദൗത്യം. യേശുവിനെപ്പോലെ നമുക്ക് ഒരു മേശയും മറിച്ചിടേണ്ട ആവശ്യമില്ല, പക്ഷേ അതുപോലെ കഠിനമായ എന്തെങ്കിലും ചെയ്യാന്‍ അവിടുന്ന് നമ്മെ വിളിക്കുന്നുണ്ടാകാം.
പിതാവേ, ആരാധനയെക്കുറിച്ചുള്ള ഞങ്ങളുടെ പ്രതീക്ഷകള്‍ എവിടെയാണ് അങ്ങയെ പ്രസാദിപ്പിക്കുന്നതില്‍ പരാജയപ്പെടുന്നതെന്ന് ഞങ്ങള്‍ക്കു കാണിച്ചുതരണമേ. ഇത് അങ്ങയെ സംബന്ധിക്കുന്നതാണെന്ന് കാണാന്‍ ഞങ്ങളെ സഹായിക്കണമേ.