മേരി യേശുവിനെ സ്‌നേഹിച്ചുവെങ്കിലും ജീവിതം കഠിനമായിരുന്നു, അതികഠിനം. വെടിവയ്പിന് ഇരകളായി രണ്ട് ആണ്‍മക്കളും രണ്ടു പേരക്കുട്ടികളും അവള്‍ക്കു മുമ്പേ മരണമടഞ്ഞു. മേരിക്ക് ഒരു പക്ഷാഘാതം ഉണ്ടായതു നിമിത്തം ഒരു വശം തളര്‍ന്നുപോയി. എന്നിട്ടും, അവള്‍ക്ക് നടക്കാന്‍ സാധിച്ചയുടനെ അവള്‍ പള്ളിയില്‍ പോയി തന്റെ ഇടറിയതും അവ്യക്തവുമായ വാക്കുകളില്‍ സാക്ഷ്യം പ്രസ്താവിച്ചു, ”എന്റെ ഉള്ളം യേശുവിനെ സ്‌നേഹിക്കുന്നു; അവന്റെ നാമത്തെ സ്തുതിക്കുന്നു!”

മേരി ദൈവത്തോടുള്ള തന്റെ സ്തുതി പ്രസ്താവിക്കുന്നതിന് വളരെ മുമ്പുതന്നെ, 63-ാം സങ്കീര്‍ത്തനത്തിലെ വാക്കുകള്‍ ദാവീദ് എഴുതി. സങ്കീര്‍ത്തനത്തിന്റെ തലക്കെട്ട് ”യെഹൂദാ മരുഭൂമിയിലായിരുന്നപ്പോള്‍” ദാവീദ് ഇത് എഴുതിയതായി രേഖപ്പെടുത്തുന്നു. അനഭിലഷണീയമായ, നിരാശാജനകമായ സാഹചര്യങ്ങളില്‍ പോലും, അവന്‍ ദൈവത്തില്‍ പ്രത്യാശിച്ചതിനാല്‍ നിരാശനായില്ല. ”ദൈവമേ, നീ എന്റെ ദൈവം; അതികാലത്തേ ഞാന്‍ നിന്നെ അന്വേഷിക്കും; വെള്ളമില്ലാതെ ഉണങ്ങി വരണ്ട ദേശത്ത് എന്റെ ഉള്ളം നിനക്കായി ദാഹിക്കുന്നു; എന്റെ ദേഹം നിനക്കായി കാംക്ഷിക്കുന്നു’ (വാ. 1).

വ്യക്തമായ ദിശാസൂചനയോ മതിയായ വിഭവങ്ങളോ ഇല്ലാത്ത ഒരു സ്ഥലത്തായിരിക്കാം ഒരുപക്ഷേ നിങ്ങള്‍. അസുഖകരമായ സാഹചര്യങ്ങള്‍ നമ്മെ ആശയക്കുഴപ്പത്തിലാക്കാം, പക്ഷേ നമ്മെ സ്‌നേഹിക്കുന്നവനും (വാ. 3), തൃപ്തിപ്പെടുത്തുന്നവനും (വാ. 5), സഹായിക്കുന്നവനും (വാ. 7) തന്റെ വലങ്കൈ നമ്മെ താങ്ങുന്നവനും (വാ. 8) ആയവനോട് നാം പറ്റിനില്‍ക്കുമ്പോള്‍ അവ നമ്മെ വഴിതെറ്റിക്കേണ്ടതില്ല. കാരണം അവന്റെ ദയ ജീവനേക്കാള്‍ നല്ലതാകുന്നു. മേരിയെയും ദാവീദിനെയും പോലെ, ദൈവത്തെ സ്തുതിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന അധരങ്ങളിലൂടെ നമുക്ക് സംതൃപ്തി പ്രകടിപ്പിക്കാന്‍ കഴിയും (വാ. 3-5).