1985 ല്‍ രണ്ട് റെസ്റ്റോറന്റ് മാനേജര്‍മാരെ കൊലപ്പെടുത്തിയെന്ന് ആരോപിച്ച് ആന്റണി റേ ഹിന്റനെതിരെ കേസെടുത്തു. ഇത് അയാളെ കുടുക്കിയതായിരുന്നു – കുറ്റകൃത്യങ്ങള്‍ നടക്കുമ്പോള്‍ അദ്ദേഹം മൈലുകള്‍ അകലെയായിരുന്നു – എന്നാല്‍ കോടതി അയാള്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തി വധശിക്ഷയ്ക്ക് വിധിച്ചു. വിചാരണവേളയില്‍, തനിക്കെതിരെ നുണ പറഞ്ഞവരോട് റേ ക്ഷമിച്ചു, ഈ അനീതി ഉണ്ടായിരുന്നിട്ടും തനിക്ക് ഇപ്പോഴും സന്തോഷമുണ്ടെന്ന് കൂട്ടിച്ചേര്‍ത്തു. ”എന്റെ മരണശേഷം, ഞാന്‍ സ്വര്‍ഗത്തിലേക്ക് പോകുന്നു,” അദ്ദേഹം പറഞ്ഞു. ‘നിങ്ങള്‍ എവിടെയാണു പോകുന്നത്?”

വധശിക്ഷയ്ക്കു കാത്തുള്ള ജീവിതം റേയ്ക്ക് ബുദ്ധിമുട്ടായിരുന്നു. മറ്റുള്ളവരെ ഇലക്ട്രിക് കസേരയില്‍ ഇരുത്തുമ്പോഴെല്ലാം തനിക്കു മുന്നിലുള്ളതിനെ ഭയാനകമായി ഓര്‍മ്മപ്പെടുത്തിക്കൊണ്ട് ജയില്‍ ലൈറ്റുകള്‍ ഒരു നിമിഷം മങ്ങുമായിരുന്നു. റേ ഒരു നുണപരിശോധനയില്‍ വിജയിച്ചു, എങ്കിലും അതിന്റെ ഫലങ്ങള്‍ അവഗണിക്കപ്പെട്ടു. തന്റെ കേസ് പുനഃപരിശോധിക്കുന്നതിന് നേരിട്ട നിരവധി തടസ്സങ്ങളില്‍ ഒന്നായിരുന്നു അത്.

അവസാനമായി, 2015 ദുഃഖവെള്ളിയാഴ്ച റേയുടെ ശിക്ഷ യുഎസ് സുപ്രീം കോടതി അസാധുവാക്കി. ഏകദേശം മുപ്പത് വര്‍ഷമായി അദ്ദേഹം വധശിക്ഷയ്ക്കുള്ള നിരയിലായിരുന്നു. അയാളുടെ ജീവിതം ദൈവം എന്ന യാഥാര്‍ത്ഥ്യത്തിന്റെ തെളിവാണ്. യേശുവിലുള്ള വിശ്വാസം നിമിത്തം റേ തന്റെ പരീക്ഷണങ്ങള്‍ക്കപ്പുറത്ത് ഒരു പ്രത്യാശ പുലര്‍ത്തി (1 പത്രൊസ് 1:3-5). അനീതിയെ അഭിമുഖീകരിച്ച് അമാനുഷിക സന്തോഷം അനുഭവിച്ചു (വാ. 8). മോചിതനായ ശേഷം റേ പറഞ്ഞു, ”എനിക്കുള്ള ഈ സന്തോഷം, അവര്‍ക്ക് ഒരിക്കലും ജയിലില്‍വെച്ച് എടുത്തുകളയാന്‍ കഴിഞ്ഞില്ല.” അത്തരം സന്തോഷം അദ്ദേഹത്തിന്റെ വിശ്വാസം യഥാര്‍ത്ഥമാണെന്ന് തെളിയിച്ചു (വാ. 7-8).

മരണനിരയിലെ സന്തോഷം? ഇത് കെട്ടിച്ചമയ്ക്കാന്‍ പ്രയാസമാണ്. നമ്മുടെ പ്രതിസന്ധിയുടെ നടുവിലും നമ്മെ നിലനിര്‍ത്താന്‍ ഒരുക്കമുള്ളവനും അദൃശ്യനായിരുന്നിട്ടും ജീവിക്കുന്നവനുമായ ഒരു ദൈവത്തിലേക്കാണ് ഇത് നമ്മെ വിരല്‍ ചൂണ്ടുന്നത്.