ഓരോ നാണയത്തിനും രണ്ട് വശങ്ങളുണ്ട്. മുന്‍വശത്തെ ”തല” എന്ന് വിളിക്കുന്നു, റോമന്‍ കാലം മുതല്‍, സാധാരണയായി ഒരു രാജ്യത്തിന്റെ തലവന്റെ ചിത്രമാണവിടുള്ളത്. പിന്‍ഭാഗത്തെ ”വാല്‍” എന്ന് വിളിക്കുന്നു, ഇത് ഒരു ബ്രിട്ടീഷ് നാണയത്തില്‍ നിന്ന് ഉത്ഭവിച്ചതാകാം, അവിടെ സിംഹത്തിന്റെ ഉയര്‍ത്തിയ വാലിനെ ചിത്രീകരിച്ചിരിക്കുന്നു.
ഒരു നാണയം പോലെ, ഗെത്ത്‌സമനയിലെ തോട്ടത്തില്‍ ക്രിസ്തുവിന്റെ പ്രാര്‍ത്ഥനയ്ക്ക് രണ്ട് വശങ്ങളുണ്ട്. താന്‍ ക്രൂശില്‍ മരിക്കുന്നതിന്റെ തലേദിവസം രാത്രി, തന്റെ ജീവിതത്തിലെ ഏറ്റവും ആഴമേറിയ മണിക്കൂറുകളില്‍ യേശു ഇപ്രകാരം പ്രാര്‍ത്ഥിച്ചു, ”പിതാവേ, നിനക്കു മനസ്സുെണ്ടങ്കില്‍ ഈ പാനപാത്രം എങ്കല്‍നിന്നു നീക്കണമേ; എങ്കിലും എന്റെ ഇഷ്ടം അല്ല നിന്റെ ഇഷ്ടം തന്നേ ആകട്ടെ എന്നു പ്രാര്‍ത്ഥിച്ചു” (ലൂക്കൊസ് 22:42). ‘ഈ പാനപാത്രം നീക്കുക” എന്ന് ക്രിസ്തു പറയുമ്പോള്‍, അതാണ് പ്രാര്‍ത്ഥനയുടെ അസംസ്‌കൃത സത്യസന്ധത. ”ഇതാണ് എനിക്ക് വേണ്ടത്” എന്ന തന്റെ വ്യക്തിപരമായ ആഗ്രഹം അവന്‍ വെളിപ്പെടുത്തുന്നു.
യേശു നാണയം തിരിക്കുന്നു, ”എന്റെ ഇഷ്ടമല്ല” എന്ന് പ്രാര്‍ത്ഥിക്കുന്നു. അതാണ് ഉപേക്ഷിക്കാനുള്ള വശം. ”ദൈവമേ, അങ്ങയ്ക്ക് എന്താണ് വേണ്ടത്?” എന്നു നാം പ്രാര്‍ത്ഥിക്കുമ്പോഴാണ് ഉപേക്ഷിക്കുക എന്ന വശം ആരംഭിക്കുന്നത്.
ഈ രണ്ടു വശങ്ങളുള്ള പ്രാര്‍ത്ഥന മത്തായി 26, മര്‍ക്കൊസ് 14 എന്നിവയിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്. യോഹന്നാന്‍ 18-ലും ഇത് പരാമര്‍ശിച്ചിരിക്കുന്നു. യേശു പ്രാര്‍ത്ഥനയുടെ ഈ രണ്ടു വശങ്ങളും പ്രാര്‍ത്ഥിച്ചിട്ടുണ്ട്: ഈ പാനപാത്രം നീക്കുക (യേശുവിന്റെ ആവശ്യം), എങ്കിലും എന്റെ ഇഷ്ടമല്ല (”ദൈവമേ, അങ്ങയ്ക്ക് എന്താണ് വേണ്ടത്?”). ഇതിനു രണ്ടിനുമിടയില്‍ തിരിയുകയാണ് ആ പ്രാര്‍ത്ഥന.