മധ്യ ചൈനയിലെ പര്‍വതങ്ങളുടെ മുകളിലൂടെ നിര്‍മ്മിച്ച മതിലുകളുടെ മുകളിലൂടെ ഞാന്‍ ലി ബാവോയെ പിന്തുടരുമ്പോള് സന്ധ്യയായി. ഞാന്‍ മുമ്പൊരിക്കലും ഈ വഴി വന്നിരുന്നില്ല, എനിക്ക് ഒരടിയില്‍ കൂടുതല്‍ മുന്നോട്ട് കാണാനോ ഞങ്ങളുടെ ഇടതുവശത്തെ ഗര്‍ത്തം എത്ര ആഴമുള്ളതാണെന്നു കാണാനോ കഴിഞ്ഞില്ല. ഞാന്‍ ലിയോട് ചേര്‍ന്നുനിന്നു. ഞങ്ങള്‍ എവിടെ പോകുന്നുവെന്നോ എത്ര സമയമെടുക്കുമെന്നോ എനിക്കറിയില്ല, പക്ഷേ ഞാന്‍ എന്റെ സുഹൃത്തിനെ വിശ്വസിച്ചു.
എല്ലായ്പ്പോഴും ഉറപ്പ് ആവശ്യമാണെന്ന് തോന്നിയ ശിഷ്യനായ തോമസിന്റെ അതേ സ്ഥാനത്തായിരുന്നു ഞാന്‍. താന്‍ അവര്‍ക്കുവേണ്ടി ഒരു സ്ഥലം ഒരുക്കാന്‍ താന്‍ പോകയാണെന്നും ”ഞാന്‍ പോകുന്ന ഇടത്തേക്കുള്ള വഴി നിങ്ങള്‍ അറിയുന്നു” എന്നും യേശു തന്റെ ശിഷ്യന്മാരോടു പറഞ്ഞു (യോഹന്നാന് 14:4). തോമസ് ഒരു യുക്തിസഹമായ അനുധാവന ചോദ്യം ചോദിച്ചു: ”കര്‍ത്താവേ, നീ എവിടെ പോകുന്നു എന്ന് ഞങ്ങള്‍ അറിയുന്നില്ല; പിന്നെ വഴി എങ്ങനെ അറിയും?” (വാ. 5).
താന്‍ അവരെ എവിടേക്കാണ് കൊണ്ടുപോകുന്നതെന്ന് വിശദീകരിച്ചുകൊണ്ട് യേശു അവന്റെ സംശയം മാറ്റിയില്ല. താനാണ് അവിടേക്കുള്ള വഴി എന്ന്് അവന് ശിഷ്യന് ഉറപ്പുനല്‍കി. അത് മതിയായിരുന്നു.
നമുക്കും നമ്മുടെ ഭാവിയെക്കുറിച്ച് ചോദ്യങ്ങളുണ്ട്. എന്താണ് വരാനിരിക്കുന്നതെന്നതിന്റെ വിശദാംശങ്ങള്‍ നമ്മില്‍ ആര്‍ക്കും അറിയില്ല. നാം കാണാത്ത വളവുകളാണ് ജീവിതം മുഴുവനും. അത് കുഴപ്പമില്ല. ”വഴിയും സത്യവും ജീവനും” ആയ യേശുവിനെ അറിയാന്‍ കഴിഞ്ഞാല്‍ അതു മതിയാകും (വാ. 6).
അടുത്തത് എന്താണെന്ന് യേശുവിനറിയാം. നാം അവനോട് ചേര്‍ന്നു നടക്കാന്‍ മാത്രമേ അവന് ആവശ്യപ്പെടുന്നുള്ളൂ.
നിങ്ങളുടെ ഭാവിയെക്കുറിച്ചുള്ള നിങ്ങളുടെ ഏറ്റവും വലിയ ഭയം എന്താണ്? ആ ഭാവിയിലേക്ക് യേശുവിനെ അനുഗമിക്കുന്നത് മതിയാകുന്നത് എന്തുകൊണ്ട്?
പിതാവേ, യാത്ര ലക്ഷ്യസ്ഥാനമാണെന്നും വഴി അങ്ങയുടെ പുത്രനാണെന്നും കാണാന്‍ ഞങ്ങളെ സഹായിക്കണമേ.