ഒരു ഇംഗ്ലീഷ് സിനിമ ചെന്നായ്ക്കളുടെ വികാരങ്ങളെയും പെരുമാറ്റങ്ങളെയും ചിത്രീകരിക്കുന്നു. സന്തോഷമുള്ളപ്പോള്‍ ചെന്നായ്ക്കള്‍ വാലാട്ടുകയും ചുഴറ്റുകയും ചെയ്യുന്നു. എന്നാല്‍ സംഘത്തിലെ ഒരു അംഗത്തിന്റെ മരണശേഷം അവര്‍ ആഴ്ചകളോളം ദുഃഖിക്കുന്നു. സംഘാംഗം മരിച്ച സ്ഥലം അവര്‍ സന്ദര്‍ശിക്കുന്നു, വാലുകള്‍ താഴ്ത്തിയിട്ടും വിലാപ ശബ്ദം പുറപ്പെടുവിച്ചും കൊണ്ട് ദുഃഖം പ്രകടിപ്പിക്കുന്നു.
നാമെല്ലാവരും അനുഭവിച്ചിട്ടുള്ള ശക്തമായ ഒരു വികാരമാണ് ദുഃഖം, പ്രത്യേകിച്ച് പ്രിയപ്പെട്ട ഒരാളുടെ മരണത്തില്‍ അല്ലെങ്കില്‍ അമൂല്യമായ ഒരു പ്രതീക്ഷയുടെ നഷ്ടത്തില്‍. മഗ്ദലനക്കാരത്തി മറിയ അത് അനുഭവിച്ചു. അവള് ക്രിസ്തുവിന്റെ അനുയായിയായിരുന്നു, അവനോടും അവന്റെ ശിഷ്യന്മാരോടും ഒപ്പം യാത്ര ചെയ്തിരുന്നു (ലൂക്കൊസ് 8:1-3). എന്നാല്‍ ക്രൂശിലെ അവന്റെ ക്രൂരമായ മരണം അവരെ ഇപ്പോള്‍ വേര്‍പെടുത്തി. യേശുവിനുവേണ്ടി മറിയയ്ക്ക് ചെയ്യാമായിരുന്ന ഒരേയൊരു കാര്യം, ശവസംസ്കാരത്തിനായി അവന്റെ ശരീരത്തില്‍ സുഗന്ധവര്‍ഗ്ഗം പൂശുക എന്നതു മാത്രമായിരുന്നു – എന്നാല്‍ ആ ദൗത്യത്തെ ശബ്ബത്ത് തടസ്സപ്പെടുത്തി. എന്നാല്‍ ഇപ്പോള്‍ കല്ലറയ്ക്കലെത്തി നിര്ജീവവും തകര്‍ന്നതുമായ ശരീരമല്ല, ജീവനുള്ള ഒരു രക്ഷകനെ തന്നെ കണ്ടപ്പോള്‍ മറിയയ്ക്ക് എന്തുതോന്നിയെന്ന് സങ്കല്‍പ്പിക്കുക! അവളുടെ മുന്പില് നില്ക്കുന്ന പുരുഷനെ അവള് ആദ്യം തിരിച്ചറിഞ്ഞിരുന്നില്ലെങ്കിലും, അവളുടെ പേരു വിളിച്ച ശബ്ദം അവള് തിരിച്ചറിഞ്ഞു – യേശു! തല്‍ക്ഷണം, ദുഃഖം സന്തോഷത്തിനു വഴിമാറി. ”ഞാന്‍ കര്‍ത്താവിനെ കണ്ടു!” (യോഹന്നാന് 20:18) മറിയയ്ക്കിപ്പോള്‍ പങ്കുവയ്ക്കാന്‍ ഒരു സന്തോഷവാര്‍ത്തയുണ്ട്.
സ്വാതന്ത്ര്യവും ജീവനും കൊണ്ടുവരാന്‍ യേശു നമ്മുടെ ഇരുണ്ട ലോകത്തിലേക്ക് പ്രവേശിച്ചു. അവിടുത്തെ പുനരുത്ഥാനം, താന്‍ ചെയ്യാന്‍ ഉദ്ദേശിച്ച കാര്യങ്ങള്‍ അവന് നിറവേറ്റി എന്നതിന്റെ ആഘോഷമാണ്. മറിയയെപ്പോലെ, നമുക്ക് ക്രിസ്തുവിന്റെ പുനരുത്ഥാനം ആഘോഷിക്കാനും അവന് ജീവിച്ചിരിക്കുന്നു എന്ന സന്തോഷവാര്‍ത്ത പങ്കിടാനും കഴിയും! ഹല്ലേലൂയ!
നിങ്ങളുടെ സങ്കടം സന്തോഷത്തിലേക്ക് മാറിയ ഒരു കാലം നിങ്ങള്‍ എപ്പോഴാണ് അനുഭവിച്ചത്? ഈ ആഴ്ച ക്രിസ്തുവിന്റെ പുനരുത്ഥാന വാര്‍ത്ത നിങ്ങള്‍ എങ്ങനെ പങ്കിടും?
യേശുവേ, അങ്ങയുടെ പുനരുത്ഥാനത്തെയും അങ്ങയില്‍ എനിക്ക് അനുഭവിക്കാന്‍ കഴിയുന്ന പുതിയ ജീവിതത്തെയും ഞാന്‍ ആഘോഷിക്കുന്നു