എന്റെ ഫ്‌ളൈറ്റ് മുകളിലേക്കുയരുന്നതിനുള്ള വേഗതയാര്‍ജ്ജിച്ചപ്പോള്‍, ഫ്‌ളൈറ്റ് അറ്റന്‍ഡന്റ് ഫസ്റ്റ് ക്ലാസിനെ മറച്ചിരുന്ന തിരശ്ശീല മാറ്റിയപ്പോള്‍ വിമാനത്തിലെ ഇടങ്ങള്‍ തമ്മിലുള്ള വലിയ വ്യത്യാസത്തെക്കുറിച്ച് എനിക്ക് അമ്പരപ്പിക്കുന്ന ഒരു ഓര്‍മ്മപ്പെടുത്തല്‍ ലഭിച്ചു. ചില യാത്രക്കാര്‍ ആദ്യം കയറുന്നു, പ്രീമിയം ഇരിപ്പിടവും കാലുകള്‍ നീട്ടിവയ്ക്കാനുള്ള അധിക സ്ഥലവും വ്യക്തിഗത സേവനവും ആസ്വദിക്കുന്നു. ആ ആനുകൂല്യങ്ങളില്‍ നിന്ന് ഞാന്‍ വേര്‍പെട്ടവനാണ് എന്നതിന്റെ വിനീതമായ ഓര്‍മ്മപ്പെടുത്തലായിരുന്നു തിരശ്ശീല.
ജലസമൂഹങ്ങള്‍ തമ്മില്‍ മാറ്റി നിര്‍ത്തപ്പെട്ട സംഭവങ്ങള്‍ ചരിത്രത്തിലുടനീളം കണ്ടെത്താന്‍ കഴിയും. ഒരുവിധത്തില്‍ യെരുശലേമിലെ ദൈവാലയത്തില്‍ പോലും ഇതു സംഭവിച്ചിരുന്നു. എങ്കിലും ഇത് കൂടുതല്‍ പണം കൊടുക്കാനുള്ള കഴിവിന്റെ അടിസ്ഥാനത്തിലായിരുന്നില്ല. യഹൂദേതരര്‍ക്ക് പുറത്തെ പ്രാകാരത്തില്‍ നിന്നുകൊണ്ട് കോടതിയില്‍ ആരാധന നടത്താന്‍ മാത്രമേ അനുവാദമുണ്ടായിരുന്നുള്ളൂ. അടുത്തതായി സ്ത്രീകളുടെ പ്രാകാരം, അതിനും അടുത്തായി പുരുഷന്മാരുടെ പ്രാകാരം. അവസാനമായി, ദൈവം തന്നെത്തന്നെ അദ്വിതീയമായി വെളിപ്പെടുത്തുന്ന സ്ഥലമായ അതിപരിശുദ്ധ സ്ഥലം. ഇത് തിരശ്ശീലയ്ക്ക് പിന്നില്‍ മറഞ്ഞിരുന്നു, മാത്രമല്ല ഒരു വിശുദ്ധ പുരോഹിതന് വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമേ അതില്‍ പ്രവേശിക്കാന്‍ കഴിയൂ (എബ്രായര്‍ 9:1-10).
പക്ഷേ, അതിശയകരമെന്നു പറയട്ടെ, ഈ വേര്‍പാട് ഇപ്പോള്‍ നിലവിലില്ല. ദൈവത്തിങ്കലേക്ക് പ്രവേശിക്കാന്‍ ആഗ്രഹിക്കുന്ന ഏതൊരാള്‍ക്കും മുമ്പിലുള്ള എല്ലാ തടസ്സങ്ങളും – നമ്മുടെ പാപങ്ങള്‍ പോലും – യേശു പൂര്‍ണ്ണമായും ഇല്ലാതാക്കി (10:17). ക്രിസ്തുവിന്റെ മരണസമയത്ത് ദൈവാലയത്തിലെ തിരശ്ശീല രണ്ടായി ചീന്തിപ്പോയതുപോലെ (മത്തായി 27:50-51), അവന്റെ ക്രൂശിക്കപ്പെട്ട ശരീരം ദൈവസാന്നിധ്യത്തിലേക്കുള്ള എല്ലാ തടസ്സങ്ങളെയും വലിച്ചുകീറി. ജീവനുള്ള ദൈവത്തിന്റെ മഹത്വവും സ്‌നേഹവും അനുഭവിക്കുന്നതില്‍ നിന്ന് ഒരു വിശ്വാസിയെയും വേര്‍തിരിക്കുന്ന ഒരു തടസ്സവുമില്ല.