സ്വപ്‌നങ്ങളെ പിന്തുടരുന്നതിലുള്ള ആളുകളുടെ അഭിനിവേശവും അര്‍പ്പണബോധവും കാണുന്നത് പ്രചോദനകരമാണ്. എനിക്കറിയാവുന്ന ഒരു യുവതി അടുത്തിടെ ഒരു വര്‍ഷത്തിനുള്ളില്‍ പിഎച്ച്ഡി പൂര്‍ത്തിയാക്കി സമ്പൂര്‍ണ്ണ സമര്‍പ്പണം അതിനാവശ്യമായിരുന്നു. ഒരു സുഹൃത്തിന് ഒരു പ്രത്യേക കാര്‍ വേണം, അതിനാല്‍ അവന്‍ ലക്ഷ്യത്തിലെത്തുന്നതുവരെ ഉത്സാഹത്തോടെ കേക്ക് ഉണ്ടാക്കി വിറ്റു പണം സമ്പാദിച്ചു. വില്‍പ്പന രംഗത്തുള്ള മറ്റൊരു വ്യക്തി ഓരോ ആഴ്ചയിലും നൂറ് പുതിയ ആളുകളെ കാണാന്‍ ശ്രമിക്കുന്നു.
ഭൗമിക മൂല്യമുള്ള എന്തെങ്കിലും ചെയ്യാന്‍ ആത്മാര്‍ത്ഥമായി പരിശ്രമിക്കുന്നത് നല്ലതാണെങ്കിലും, അതിലും പ്രധാനപ്പെട്ട ഒരു തരം അന്വേഷണം നാം പരിഗണിക്കേണ്ടതുണ്ട്.
നിരാശയോടെ, മരുഭൂമിയില്‍ കഷ്ടപ്പെട്ടുകൊണ്ട് ദാവീദ് രാജാവ് എഴുതി, ”ദൈവമേ, നീ എന്റെ ദൈവം ആത്മാര്‍ത്ഥമായി (അതികാലത്തേ) ഞാന്‍ നിന്നെ അന്വേഷിക്കുന്നു” (സങ്കീര്‍ത്തനം 63:1). ദാവീദ് അവനോടു നിലവിളിക്കുമ്പോള്‍ ദൈവം തളര്‍ന്നിരിക്കുന്ന രാജാവിനോട് അടുത്തുവന്നു. ദൈവത്തോടുള്ള ദാവീദിന്റെ ആഴത്തിലുള്ള ആത്മീയ ദാഹം അവിടുത്തെ സന്നിധിയില്‍ മാത്രമേ തൃപ്തിപ്പെടുകയുള്ളൂ.
രാജാവ് ”വിശുദ്ധമന്ദിരത്തില്‍” (വാ. 2) ദൈവത്തെ കണ്ടുമുട്ടിയതും അവന്റെ സകലത്തെയും കീഴടക്കുന്ന സ്‌നേഹം അനുഭവിച്ചതും (വാ. 3) അനുദിനം സ്തുതിക്കുന്നതും ഓര്‍ത്തു – അവനില്‍ യഥാര്‍ത്ഥ സംതൃപ്തി കണ്ടെത്തുന്നത് പോഷകസമൃദ്ധവും സംതൃപ്തിദായകവുമായ ഒരു ഭക്ഷണം ആസ്വദിക്കുന്നതില്‍ നിന്ന് വ്യത്യസ്തമല്ല (വാ. 4-5). രാത്രിയിലും അവന്‍ ദൈവത്തിന്റെ സഹായവും സംരക്ഷണവും തിരിച്ചറിഞ്ഞ് ദൈവത്തിന്റെ മഹത്വത്തെക്കുറിച്ച് ചിന്തിച്ചു (വാ. 6-7).
ദൈവത്തെ ആത്മാര്‍ത്ഥമായി അന്വേഷിക്കാന്‍ ഇന്ന് പരിശുദ്ധാത്മാവ് നമ്മെ ബോധ്യപ്പെടുത്തുന്നു. നാം അവനോട് പറ്റിനില്‍ക്കുമ്പോള്‍, ശക്തിയിലും സ്‌നേഹത്തിലും ദൈവം തന്റെ ശക്തമായ വലതു കൈകൊണ്ട് നമ്മെ ഉയര്‍ത്തിപ്പിടിക്കുന്നു. ആത്മാവിന്റെ നടത്തിപ്പിലൂടെ, എല്ലാ നല്ല വസ്തുക്കളുടെയും സ്രഷ്ടാവിനോട് നമുക്ക് അടുക്കാം.