യേശുവിലുള്ള ഒരു പുതിയ വിശ്വാസി ബൈബിള്‍ വായിക്കാന്‍ അതിയായി ആഗ്രഹിച്ചു. എന്നിരുന്നാലും, ഒരു സ്ഫോടനത്തില്‍ അയാള്‍ക്ക് കാഴ്ചശക്തിയും രണ്ട് കൈകളും നഷ്ടപ്പെട്ടു. ചുണ്ടുകള്‍ ഉപയോഗിച്ച് ബ്രെയ്ലി വായിച്ച ഒരു സ്ത്രീയെക്കുറിച്ച് കേട്ടപ്പോള്‍, അയാള്‍ അതു ചെയ്യാന്‍ ശ്രമിച്ചു – എന്നാല്‍ അയാളുടെ ചുണ്ടുകളുടെ അറ്റത്തുള്ള നാഡികളും നശിപ്പിക്കപ്പെട്ടുവെന്ന് കണ്ടെത്തി. പിന്നീട്, ബ്രെയ്ലി അക്ഷരങ്ങളെ നാവുകൊണ്ട് മനസ്സിലാക്കാന്‍ കഴിയുമെന്ന് കണ്ടെത്തിയപ്പോള്‍ അദ്ദേഹത്തിന് സന്തോഷം തോന്നി! തിരുവെഴുത്തുകള്‍ വായിക്കാനും ആസ്വദിക്കാനും അദ്ദേഹം ഒരു വഴി കണ്ടെത്തി.
ദൈവവചനം ലഭിച്ചപ്പോള്‍ യിരെമ്യാ പ്രവാചകന് അനുഭവിച്ച വികാരങ്ങളാണ് സന്തോഷവും ആനന്ദവും. ”ഞാന്‍ നിന്റെ വചനങ്ങളെ കണ്ടെത്തി ഭക്ഷിച്ചിരിക്കുന്നു; നിന്റെ വചനങ്ങള്‍ എനിക്കു സന്തോഷവും എന്റെ ഹൃദയത്തിന് ആനന്ദവും ആയി” (യിരെമ്യാവ് 15:16). തന്റെ വചനങ്ങളെ പുച്ഛിച്ച യഹൂദജനതയില്‍ നിന്ന് വ്യത്യസ്തമായി (8: 9), യിരെമ്യാവ് അവയെ അനുസരിക്കുന്നവനും അവയില്‍ സന്തോഷിക്കുന്നവനുമായിരുന്നു. എന്നിരുന്നാലും, അവന്റെ അനുസരണം പ്രവാചകനെ സ്വന്തം ജനത നിരസിക്കുന്നതിലേക്കും അന്യായമായി പീഡിപ്പിക്കുന്നതിലേക്കും നയിച്ചു (15:17).
നമ്മില്‍ ചിലര്‍ക്ക് സമാനമായ അനുഭവം ഉണ്ടായിട്ടുണ്ടാകാം. ഒരിക്കല്‍ നാം സന്തോഷത്തോടെ ബൈബിള്‍ വായിച്ചു, എന്നാല്‍ ദൈവത്തോടുള്ള അനുസരണം മറ്റുള്ളവരില്‍ നിന്നുള്ള കഷ്ടപ്പാടുകള്‍ക്കും തിരസ്കരണത്തിനും കാരണമായി. യിരെമ്യാവിനെപ്പോലെ, നമ്മുടെ ആശയക്കുഴപ്പത്തെ ദൈവത്തോടു പറയാം. യിരെമ്യാവിനെ ഒരു പ്രവാചകനാകാന്‍ ആദ്യം വിളിച്ചപ്പോള്‍ നല്കിയ വാഗ്ദാനം ആവര്‍ത്തിച്ചുകൊണ്ട് അവന് ഉത്തരം നല്കി (വാ. 19-21; 1:18-19 കാണുക). താന്‍ ഒരിക്കലും തന്റെ ജനത്തെ കൈവിടില്ലെന്ന് ദൈവം അവനെ ഓര്‍മ്മിപ്പിച്ചു. നമുക്കും ഇതേ ആത്മവിശ്വാസം അവന് നല്കുന്നു. അവന് വിശ്വസ്തനാണ്, നമ്മെ ഒരിക്കലും ഉപേക്ഷിക്കുകയില്ല.
തിരുവെഴുത്തുകള്‍ വായിക്കുന്നതിന്റെ സന്തോഷം നിങ്ങള്‍ എപ്പോഴാണ് അനുഭവിച്ചത്? ദൈവത്തോടുള്ള നിങ്ങളുടെ വിശപ്പും ദാഹവും വീണ്ടെടുക്കാന്‍ നിങ്ങളെ എന്താണു സഹായിക്കുന്നത്?
വിശ്വസ്തനായ ദൈവമേ, ബൈബിളിലെ വാക്കുകളിലൂടെ എന്നോട് സംസാരിച്ചതിന് നന്ദി. അങ്ങയെ ആത്മാര്‍ത്ഥമായി അന്വേഷിക്കാനും വിശ്വസ്തതയോടെ അനുസരിക്കുവാനും എന്നെ സഹായിക്കണമേ.