വീടുവൃത്തിയാക്കല്‍ സേവനം നല്കുന്ന ഒരു സ്ഥാപനത്തിന്റെ ഉടമയായ ഡെബി എല്ലായ്പ്പോഴും അവളുടെ ബിസിനസ്സ് കെട്ടിപ്പടുക്കുന്നതിനായി കൂടുതല്‍ ഉപഭോക്താക്കളെ തിരയുന്നു. ഒരു സംഭാഷണത്തില്‍, ”എനിക്ക് ഇപ്പോള്‍ അത് താങ്ങാനാവില്ല; ഞാന്‍ കാന്‍സര്‍ ചികിത്സയിലാണ് ” എന്നു പ്രതികരിച്ച ഒരു സ്ത്രീയോട് അവള് സംസാരിച്ചു. അപ്പോള്‍ തന്നെ ഡെബി തീരുമാനിച്ചു, ”കാന്‍സര്‍ ചികിത്സയ്ക്ക് വിധേയരാകുന്ന ഒരു സ്ത്രീയും ഒരിക്കലും നിരസിക്കപ്പെടുകയില്ല. അവര്‍ക്ക് സൗജന്യ ഹൗസ് ക്ലീനിംഗ് സേവനം നല്‍കുന്നതാണ്” അതിനാല്‍ 2005 ല്‍ അവള് ഒരു ലാഭരഹിത സംഘടന ആരംഭിച്ചു, അവിടെ കമ്പനികള്‍ അവരുടെ ക്ലീനിംഗ് സേവനങ്ങള്‍ ക്യാന്‍സറിനെ നേരിടുന്ന സ്ത്രീകള്‍ക്ക് നല്കി. അത്തരമൊരു സ്ത്രീ ഒരു വൃത്തിയുള്ള വീട്ടിലെത്തിയപ്പോള്‍ അവളുടെ ആത്മവിശ്വാസം വര്‍ദ്ധിച്ചു. അവള് പറഞ്ഞു, ”ഞാന്‍ ക്യാന്‍സറിനെ തോല്‍പ്പിക്കുമെന്ന് ആദ്യമായി യഥാര്‍ത്ഥമായി വിശ്വസിച്ചു.”
നാം ഒരു വെല്ലുവിളി നേരിടുമ്പോള്‍ പരിപാലിക്കാനും പിന്തുണയ്ക്കാനും ആളുണ്ടെന്ന തോന്നല്‍ നമ്മെ നിലനിര്‍ത്താന്‍ സഹായിക്കും. ദൈവത്തിന്റെ സാന്നിധ്യത്തെയും പിന്തുണയെയും കുറിച്ചുള്ള അവബോധം പ്രത്യേകിച്ചും നമ്മുടെ ആത്മാവിനെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രത്യാശ നല്കുന്നു. പരീക്ഷണങ്ങളിലൂടെ കടന്നുപോകുന്ന അനേകരുടെ പ്രിയങ്കരമായ 46-ാം സങ്കീര്‍ത്തനം നമ്മെ ഓര്‍മ്മിപ്പിക്കുന്നു: ”ദൈവം നമ്മുടെ സങ്കേതവും ബലവും ആകുന്നു; കഷ്ടങ്ങളില്‍ അവന് ഏറ്റവും അടുത്ത തുണയായിരിക്കുന്നു.”, ”മിണ്ടാതിരുന്നു, ഞാന്‍ ദൈവമെന്ന് അറിഞ്ഞുകൊള്വിന്; ഞാന്‍ ജാതികളുടെ ഇടയില്‍ ഉന്നതന് ആകും; ഞാന്‍ ഭൂമിയില്‍ ഉന്നതന് ആകും; സൈന്യങ്ങളുടെ യഹോവ നമ്മോടുകൂടെയുണ്ട്; യാക്കോബിന്റെ ദൈവം നമ്മുടെ ദുര്‍ഗ്ഗം ആകുന്നു’ (വാ. 1, 10-11).
ദൈവത്തിന്റെ വാഗ്ദത്തങ്ങളെക്കുറിച്ചും നമ്മോടൊപ്പമുള്ള അവന്റെ സാന്നിധ്യത്തെക്കുറിച്ചും നമ്മെ ഓര്‍മ്മപ്പെടുത്തുന്നത് നമ്മുടെ ഹൃദയത്തെ പുതുക്കാനും കഠിനമായ സമയങ്ങളിലൂടെ കടന്നുപോകാനുള്ള ധൈര്യവും ആത്മവിശ്വാസവും നല്‍കാനുമുള്ള ഒരു മാര്‍ഗമാണ്.
എന്തു പരിശോധനകളിലാണ് നിങ്ങള്‍ ശക്തിക്കായി ദൈവത്തെ ആശ്രയിക്കുന്നത്? ഏത് ബൈബിള്‍ വാക്യങ്ങളാണ് നിങ്ങളെ സഹായിക്കുന്നത്?
ദൈവമേ, അങ്ങയുടെ സാന്നിധ്യത്തിനും വാഗ്ദാനങ്ങള്‍ക്കും ഞാന്‍ നന്ദിയുള്ളവനാണ്. അങ്ങയിലുള്ള ആത്മവിശ്വാസ മനോഭാവത്തിലും എന്നെ നിലനിര്‍ത്താനുള്ള അങ്ങയുടെ കഴിവിലും ഞാന്‍ ജീവിക്കട്ടെ.