1938 സെപ്റ്റംബര്‍ 21 ന് ഉച്ചതിരിഞ്ഞ്, ഒരു യുവ കാലാവസ്ഥാ നിരീക്ഷകന്‍, ഒരു ചുഴലിക്കാറ്റ് വടക്കോട്ട് ന്യൂ ഇംഗ്ലണ്ട് ലക്ഷ്യമാക്കി നീങ്ങുന്നു എന്ന മുന്നറിയിപ്പ് യുഎസ് വെതര്‍ ബ്യൂറോയ്ക്ക് നല്‍കി. എന്നാല്‍ ബ്യൂറോയുടെ തലവന്‍, ചാള്‍സ് പിയേഴ്‌സിന്റെ പ്രവചനത്തെ പരിഹസിച്ചു. തീര്‍ച്ചയായും ഒരു ഉഷ്ണമേഖലാ കൊടുങ്കാറ്റ് ഇത്രയും വടക്കോട്ട് നീങ്ങിയ ചരിത്രമില്ല.
രണ്ട് മണിക്കൂറിനുശേഷം, 1938 ലെ ന്യൂ ഇംഗ്ലണ്ട് ചുഴലിക്കാറ്റ് ലോംഗ് ദ്വീപില്‍ മണ്ണിടിച്ചില്‍ ഉണ്ടാക്കി. വൈകുന്നേരം 4 മണിയോടെ അത് ന്യൂ ഇംഗ്ലണ്ടിലെത്തുകയും കപ്പലുകളെ കരയിലേക്ക് വലിച്ചെറിയുകയും വീടുകളെ കടലില്‍ തള്ളിയിടുകയും ചെയ്തു. അറുനൂറിലധികം ആളുകള്‍ മരിച്ചു. കൃത്യമായ വിവരങ്ങളുടേയും വിശദമായ മാപ്പുകളുടെയും അടിസ്ഥാനത്തില്‍ ഉള്ള പിയേഴ്‌സിന്റെ മുന്നറിയിപ്പ് ആളുകള്‍ക്കു ലഭിച്ചിരുന്നെങ്കില്‍, അവര്‍ ജീവനോടിരിക്കുമായിരുന്നു.
ആരുടെ വാക്കാണ് ശ്രദ്ധിക്കേണ്ടതെന്ന് അറിയുക എന്ന ആശയത്തിന് വേദപുസ്തകം മുന്‍ഗണന നല്‍കുന്നു.
യിരെമ്യാവിന്റെ കാലത്ത്, വ്യാജ പ്രവാചകന്മാര്‍ക്കെതിരെ ദൈവം തന്റെ ജനത്തിന് മുന്നറിയിപ്പ് നല്‍കി. ”നിങ്ങളോട് പ്രവചിക്കുന്ന പ്രവാചകന്മാരുടെ വാക്കു കേള്‍ക്കരുത്; അവര്‍ നിങ്ങളെ വ്യാജം ഉപദേശിക്കുന്നു; യഹോവയുടെ
വായില്‍നിന്നുള്ളതല്ല സ്വന്ത ഹൃദയത്തിലെ ദര്‍ശനമത്രേ അവര്‍ പ്രവചിക്കുന്നത്” (യിരെമ്യാവ് 23:16). ദൈവം അവരെക്കുറിച്ച് പറഞ്ഞു, ”അവര്‍ എന്റെ ആലോചനസഭയില്‍ നിന്നിരുന്നുവെങ്കില്‍, എന്റെ വചനങ്ങളെ എന്റെ ജനത്തെ കേള്‍പ്പിച്ച് അവരെ അവരുടെ ആകാത്ത വഴിയില്‍നിന്നും അവരുടെ പ്രവൃത്തികളുടെ ദോഷത്തില്‍നിന്നും തിരിപ്പിക്കുമായിരുന്നു” (വാ. 22).
‘കള്ളപ്രവാചകന്മാര്‍” ഇപ്പോഴും നമ്മോടൊപ്പമുണ്ട്. ദൈവത്തെ മൊത്തത്തില്‍ അവഗണിക്കുകയോ അവരുടെ ഉദ്ദേശ്യങ്ങള്‍ക്കനുസൃതമായി അവന്റെ വാക്കുകള്‍ വളച്ചൊടിക്കുകയോ ചെയ്യുന്ന ”വിദഗ്ദ്ധര്‍” ഉപദേശം നല്‍കുന്നു. എന്നാല്‍, തന്റെ വചനത്തിലൂടെയും ആത്മാവിലൂടെയും, സത്യത്തില്‍ നിന്ന് വ്യാജം തിരിച്ചറിയാന്‍ വേണ്ട കാര്യങ്ങള്‍ ദൈവം നമുക്ക് നല്‍കി. അവിടുത്തെ വചനത്തിന്റെ സത്യത്താല്‍ നാം എല്ലാം അളക്കുമ്പോള്‍, നമ്മുടെ സ്വന്തം വാക്കുകളും ജീവിതവും ആ സത്യം മറ്റുള്ളവരിലേക്ക് പ്രതിഫലിപ്പിക്കും.