ഒരു വിപ്ലവം ജ്വലിപ്പിക്കാന്‍ എന്താണ് വേണ്ടത്? തോക്കുകള്‍? ബോംബുകള്‍? ഗറില്ലാ യുദ്ധമുറ? 1980-കളുടെ അവസാനത്തിലെ എസ്റ്റോണിയ, പാട്ടുകള്‍ ആണുപയോഗിച്ചത്. ജനങ്ങള്‍ പതിറ്റാണ്ടുകളായി സോവിയറ്റ് അധിനിവേശത്തിന്റെ ഭാരം വഹിച്ചതിനുശേഷം, ദേശസ്‌നേഹഗാനങ്ങള്‍ ആലപിച്ചുകൊണ്ട് ഒരു പ്രസ്ഥാനം ആരംഭിച്ചു. ഈ ഗാനങ്ങള്‍ ”ആലാപന വിപ്ലവത്തിനു” ജന്മം നല്‍കി, അതാണ് 1991 ല്‍ എസ്റ്റോണിയന്‍ സ്വാതന്ത്ര്യം പുനഃസ്ഥാപിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചത്.
”ഇത് ഒരു അക്രമരഹിത വിപ്ലവമായിരുന്നു, അത് വളരെ അക്രമാസക്തമായ ഒരു അധിനിവേശത്തെ അട്ടിമറിച്ചു,” പ്രസ്ഥാനത്തെ വിവരിക്കുന്ന ഒരു വെബ്സൈറ്റ് പറയുന്നു. ‘എങ്കിലും എസ്റ്റോണിയക്കാര്‍ക്ക് അമ്പതുവര്‍ഷത്തെ സോവിയറ്റ് ഭരണം നിലനില്‍ക്കുമ്പോള്‍ തന്നേ ആലാപനം എല്ലായ്‌പ്പോഴും അവരെ ഒരുമിപ്പിക്കുന്ന ഒരു പ്രധാന ശക്തിയായിരുന്നു.’
നമ്മുടെ സ്വന്തം പ്രയാസകരമായ സമയങ്ങളെ അതിജീവിക്കുന്നതിനു സഹായിക്കുന്നതിലും സംഗീതത്തിന് ഒരു പ്രധാന പങ്ക് വഹിക്കാന്‍ കഴിയും. അതുകൊണ്ടാണ് സങ്കീര്‍ത്തനങ്ങളോട് നാം പെട്ടെന്ന് താദാത്മ്യപ്പെടുന്നത് എന്ന് ഞാന്‍ ചിന്തിക്കുന്നു. ആത്മാവിന്റെ ഇരുണ്ട രാത്രിയിലാണ് സങ്കീര്‍ത്തനക്കാരന്‍ ഇങ്ങനെ പാടിയത്, ”എന്റെ ആത്മാവേ, നീ വിഷാദിച്ച് ഉള്ളില്‍ ഞരങ്ങുന്നതെന്ത്? ദൈവത്തില്‍ പ്രത്യാശ വയ്ക്കുക; അവന്‍ എന്റെ മുഖപ്രകാശരക്ഷയും എന്റെ ദൈവവുമാകുന്നു. എന്നിങ്ങനെ ഞാന്‍ ഇനിയും അവനെ സ്തുതിക്കും” (സങ്കീര്‍ത്തനം 42:5). അഗാധമായ നിരാശയുടെ ഒരു കാലഘട്ടത്തിലാണ് ആരാധനാ നേതാവായ ആസാഫ് സ്വയം ഇങ്ങനെ ഓര്‍മ്മിപ്പിച്ചത്, ”ദൈവം യിസ്രായേലിന്, നിര്‍മ്മലഹൃദയമുള്ളവര്‍ക്കു തന്നേ, നല്ലവന്‍ ആകുന്നു നിശ്ചയം” (73: 1).
വെല്ലുവിളികള്‍ നിറഞ്ഞ നമ്മുടെ സമയങ്ങളില്‍, സങ്കീര്‍ത്തനക്കാരോടൊപ്പം നമ്മുടെ ഹൃദയത്തില്‍ ഒരു ആലാപന വിപ്ലവത്തില്‍ നമുക്കും പങ്കുചേരാം. അത്തരമൊരു വിപ്ലവം, ദൈവത്തിന്റെ വലിയ സ്‌നേഹത്തിലും വിശ്വസ്തതയിലും ഉള്ള വിശ്വാസത്താല്‍ പ്രചോദിപ്പിക്കപ്പെട്ട ആത്മവിശ്വാസത്താല്‍ നമ്മിലുള്ള നിരാശയുടെയും ആശയക്കുഴപ്പത്തിന്റെയും ആധിപത്യത്തെ കീഴടക്കും.