ഒരു അമ്മയും ഇളയ മകളും ഒരു ദിവസം പള്ളിയില്‍ ഇരിക്കുകയായിരുന്നു. ശുശ്രൂഷാ മധ്യത്തില്‍, ആളുകള്‍ക്ക് പരസ്യമായി ദൈവത്തിന്റെ പാപമോചനം പ്രാപിക്കാനുള്ള അവസരം നല്കപ്പെട്ടു. ഓരോതവണയും ആരെങ്കിലും അങ്ങനെ ചെയ്യാന്‍ മുന്നോട്ട് പോകുമ്പോള്‍, കൊച്ചു പെണ്‍കുട്ടി കയ്യടിക്കാന്‍ തുടങ്ങും. ”ക്ഷമിക്കണം,” അമ്മ പിന്നീട് സഭാ നേതാവിനോട് പറഞ്ഞു. ”അനുതാപം നമ്മെ വീണ്ടും ദൈവവുമായി സൗഹൃദത്തിലാക്കുന്നുവെന്ന് ഞാന്‍ എന്റെ മകളോട് വിശദീകരിച്ചു, എല്ലാവര്ക്കും വേണ്ടി സന്തോഷിക്കാന്‍ അവള് ആഗ്രഹിച്ചു.”
ഒരു കുട്ടിക്കു മനസ്സിലാക്കുന്നതിനായി ലളിതമാക്കിയ ആ അമ്മയുടെ വാക്കുകള്‍ സുവിശേഷത്തിന്റെ നല്ല വിശദീകരണമായിരുന്നു. ഒരിക്കല്‍ ദൈവത്തിന്റെ ശത്രുക്കളായിരുന്ന നമ്മെ ക്രിസ്തുവിന്റെ മരണത്തിലൂടെയും പുനരുത്ഥാനത്തിലൂടെയും അവനുമായി അനുരഞ്ജിപ്പിക്കപ്പെട്ടു (റോമര്‍ 5:9-10). ഇപ്പോള്‍ നാം തീര്‍ച്ചയായും ദൈവത്തിന്റെ സ്നേഹിതരാണ്. സൗഹൃദം തകര്‍ത്ത് നാം തന്നെയായതിനാല്‍ (വാ. 8), നമ്മുടെ മാനസാന്തരമാണ് പുനഃസ്ഥാപന പ്രക്രിയ പൂര്‍ത്തിയാക്കുന്നതില്‍ നാം വഹിക്കേണ്ട ഭാഗം. കൊച്ചു പെണ്‍കുട്ടിയുടെ പ്രതികരണം തികച്ചും ഉചിതമായ ഒന്നായിരുന്നു. ഒരാള്‍ മാനസാന്തരപ്പെടുമ്പോള്‍ സ്വര്‍ഗ്ഗം മുഴുവനും കൈയടിക്കുന്നതിനാല്‍ (ലൂക്കൊസ് 15:10), അവള് അറിയാതെ ആ കരഘോഷം പ്രതിധ്വനിപ്പിക്കുകയായിരുന്നു.
യേശു തന്റെ അനുരഞ്ജന പ്രവര്‍ത്തനത്തെ സമാനമായ രീതിയില്‍ വിവരിച്ചു. ”സ്നേഹിതന്മാര്ക്ക് വേണ്ടി ജീവനെ കൊടുക്കുന്നതിലും അധികമുള്ള സ്നേഹം ആര്‍ക്കും ഇല്ല” (യോഹന്നാന് 15:13). നമ്മോടുള്ള ഈ ത്യാഗപരമായ സൗഹൃദത്തിന്റെ ഫലമായി, നമുക്ക് ഇപ്പോള്‍ അവനുമായി സൗഹൃദം കൂടാം. ”ഞാന്‍ നിങ്ങളെ ദാസന്മാര് എന്ന് ഇനി പറയുന്നില്ല; … നിങ്ങളെ സ്നേഹിതന്മാര് എന്നു പറഞ്ഞിരിക്കുന്നു’ (15:15).
ഒരിക്കല്‍ ദൈവത്തിന്റെ ശത്രുക്കളായിരുന്ന നാം ഇപ്പോള്‍ ദൈവത്തിന്റെ സുഹൃത്തുക്കളാണ്. ഇത് അതിശയകരമായ ഒരു ചിന്തയാണ്. കൈയ്യടിക്കാന്‍ കൊള്ളാവുന്ന ഒന്ന്.
ദൈവവുമായുള്ള നിങ്ങളുടെ ബന്ധത്തെ ഒരു സുഹൃദ്ബന്ധമായി നിങ്ങള്‍ എത്ര പ്രാവശ്യം വിവരിക്കാറുണ്ട്? പ്രായോഗികമായി പറഞ്ഞാല്‍, അവനുമായുള്ള നിങ്ങളുടെ ചങ്ങാത്തം ഇന്ന് എങ്ങനെ പോകുന്നു?
ദൈവമേ, ഞാന്‍ അങ്ങയുടെ ശത്രുവായിരുന്നപ്പോള് എന്നെ സ്നേഹിച്ചതിന് നന്ദി. അങ്ങയെ നിരാശപ്പെടുത്തുന്ന എല്ലാ കാര്യങ്ങളിലും ഞാന്‍ പശ്ചാത്തപിക്കുകയും അങ്ങയുമായുള്ള സൗഹൃദം ആഘോഷിക്കുകയും ചെയ്യുന്നു.