ദി ഫ്രീ സ്റ്റേറ്റ് ഓഫ് ജോണ്‍സ് എന്ന സിനിമ, യുഎസ് ആഭ്യന്തര യുദ്ധകാലത്ത് ഐക്യ സൈന്യത്തെ സഹായിക്കുകയും യുദ്ധാനന്തരം അടിമകളെ സൂക്ഷിച്ചവരോട് എതിരിടുകയും ചെയ്ത ന്യൂട്ടണ്‍ നൈറ്റിന്റെയും സൈന്യത്തില്‍ നിന്ന് പലായനം ചെയ്ത ചിലരുടെയും കഥപറയുന്നു. പലരും നൈറ്റിനെ വീരനായകനായി പ്രഖ്യാപിച്ചു, എന്നാല്‍ രണ്ട് അടിമകളാണ് ആദ്യം തന്റെ ജീവന് രക്ഷിച്ചത്. അവര്‍ അവനെ ആളൊഴിഞ്ഞ ചതുപ്പുനിലത്തേക്ക് കൊണ്ടുപോകുകയും കോണ്‍ഫെഡറേറ്റ് സേനയില്‍ നിന്ന് ഓടിപ്പോകുമ്പോള്‍ കാലിനേറ്റ പരിക്ക് വച്ചുകെട്ടുകയും ചെയ്തു. അവര്‍ അവനെ ഉപേക്ഷിച്ചിരുന്നുവെങ്കില്‍, അവന് മരിക്കുമായിരുന്നു.
യെഹൂദയിലെ ജനങ്ങള്‍ മുറിവേറ്റവരും നിരാശരും ശത്രുക്കളെ അഭിമുഖീകരിച്ചവരും നിസ്സഹായരുമായിരുന്നു. യിസ്രായേലിനെ അശ്ശൂര്‍ കീഴടക്കി, ഒരു ദിവസം അവരെ (യെഹൂദയെ) ഒരു ശത്രു – ബാബിലോണ്‍- കീഴടക്കുമെന്ന് യെശയ്യാവ് പ്രവചിച്ചു. യെഹൂദയ്ക്ക് തങ്ങളെ സഹായിക്കുകയും ഉപേക്ഷിക്കാതെ രക്ഷിക്കുകയും ചെയ്യുന്ന ഒരു ദൈവത്തെ ആവശ്യമായിരുന്നു. അതിനാല്‍, ”ഭയപ്പെടേണ്ട, ഞാന്‍ നിങ്ങളോടുകൂടെയുണ്ട്” (യെശയ്യാവു 43:5) എന്ന ദൈവത്തിന്റെ ഉറപ്പ് ആളുകള്‍ കേട്ടപ്പോള്‍ അവര്‍ക്കുണ്ടായ പ്രത്യാശയെക്കുറിച്ച് സങ്കല്‍പ്പിക്കുക. ഏത് വിപത്ത് അവര്‍ക്കു നേരിട്ടാലും കഷ്ടത അവര്‍ സഹിച്ചാലും അവന് അവരോടൊപ്പം ഉണ്ടായിരിക്കും. അവന് അവരോടൊപ്പം ”വെള്ളത്തിലൂടെ കടക്കും”, അവരെ സുരക്ഷിതത്വത്തിലേക്ക് നയിക്കും (വാ. 2). അവന് അവരോടൊപ്പം ”തീയിലൂടെ നടക്കുകയും” കത്തുന്ന അഗ്നിജ്വാലയില്‍ അവരെ സഹായിക്കുകയും ചെയ്യും (വാ. 2).
തിരുവെഴുത്തിലുടനീളം, ദൈവം തന്റെ ജനത്തോടൊപ്പമുണ്ടാകുമെന്നും, നമ്മെ പരിപാലിക്കുമെന്നും നയിക്കുമെന്നും, ജീവിതത്തിലായാലും മരണത്തിലായാലും ഒരിക്കലും നമ്മെ കൈവിടില്ലെന്നും വാഗ്ദാനം ചെയ്യുന്നു. നിങ്ങള്‍ പ്രയാസകരമായ സ്ഥലങ്ങളിലൂടെ കടന്നുപോകുമ്പോഴും ദൈവം നിങ്ങളോടൊപ്പമുണ്ട്. വെള്ളത്തിലൂടെ കടന്നുപോകാന്‍ അവന് നിങ്ങളെ സഹായിക്കും.
ആഴത്തിലുള്ള ഏതുതരത്തിലുള്ള വെള്ളത്തെയാണ് നിങ്ങള്‍ അഭിമുഖീകരിക്കുന്നത്? നിങ്ങളോടൊപ്പം അവയിലൂടെ കടന്നുപോകാമെന്ന ദൈവത്തിന്റെ വാഗ്ദത്തം ഇന്ന് നിങ്ങളുടെ ഹൃദയത്തെ ശക്തിപ്പെടുത്തുന്നത് എങ്ങനെയാണ്?
ദൈവമേ, വെള്ളം ആഴമുള്ളതാണ്, ഞാന്‍ അത് എങ്ങനെ അതിനെ മറികടക്കുമെന്ന് എനിക്കു കാണാനാവുന്നില്ല. എന്നോടൊപ്പം ഉണ്ടായിരിക്കുമെന്നും എന്നെ മുന്നോട്ട് കൊണ്ടുപോകാമെന്നും അങ്ങു വാഗ്ദത്തം ചെയ്തതിന് നന്ദി!