വര്‍ഷങ്ങള്‍ക്കു മുമ്പ്, എന്റെ നാലു വയസ്സുകാരനായ മകന്‍, എനിക്ക് തടിയില്‍ കൊത്തിയുണ്ടാക്കി ലോഹ ചട്ടക്കൂടില്‍ ഉറപ്പിച്ച ഒരു ഹൃദയം സമ്മാനമായി നല്‍കി. അതില്‍ ‘എന്നേക്കും’ എന്ന് ആലേഖനം ചെയ്തിരുന്നു. ”ഞാന്‍ മമ്മിയെ എന്നേക്കും സ്‌നേഹിക്കുന്നു, മമ്മി,” അതു നല്‍കിക്കൊണ്ട് അവന്‍ പറഞ്ഞു.

അവനെ ആലിംഗനം ചെയ്തുകൊണ്ട് ഞാന്‍ അവന് നന്ദി പറഞ്ഞു. ‘ഞാന്‍ നിന്നെ വളരെ സ്‌നേഹിക്കുന്നു.”

അമൂല്യമായ ആ സമ്മാനം ഇപ്പോഴും എന്റെ മകന്റെ ഒരിക്കലും തീരാത്ത സ്‌നേഹത്തെക്കുറിച്ച് എനിക്ക് ഉറപ്പുനല്‍കുന്നു. കഠിനമായ ദിവസങ്ങളില്‍, എന്നെ ആശ്വസിപ്പിക്കാനും പ്രോത്സാഹിപ്പിക്കാനും മധുരമുള്ള ആ സമ്മാനത്തെ ദൈവം ഉപയോഗിക്കുന്നു.

ദൈവവചനത്തിലുടനീളം പ്രകടിപ്പിക്കുകയും അവന്റെ ആത്മാവിനാല്‍ സ്ഥിരീകരിക്കപ്പെടുകയും ചെയ്തതുപോലെ, ദൈവത്തിന്റെ നിത്യസ്‌നേഹത്തിന്റെ ദാനത്തെക്കുറിച്ചും ഈ ഫ്രെയിം എന്നെ ഓര്‍മ്മിപ്പിക്കുന്നു. സങ്കീര്‍ത്തനക്കാരനെപ്പോലെ ദൈവത്തിന്റെ മാറ്റമില്ലാത്ത നന്മയെ വിശ്വസിക്കാനും അവിടുത്തെ നിലനില്‍ക്കുന്ന സ്‌നേഹത്തെ സ്ഥിരീകരിക്കുന്ന നന്ദിയുള്ള സ്തുതിഗീതങ്ങള്‍ ആലപിക്കാനും നമുക്ക് കഴിയും (സങ്കീര്‍ത്തനം 136:1). എല്ലാറ്റിനേക്കാളും വലുതായി നമുക്ക് കര്‍ത്താവിനെ ഉയര്‍ത്താന്‍ കഴിയും (വാ. 2-3), കാരണം, അവന്റെ അനന്തമായ അത്ഭുതങ്ങളെയും പരിമിതികളില്ലാത്ത അറിവിനെയും നാം പ്രതിഫലിപ്പിക്കുന്നു (വാ. 4-5). നമ്മെ എന്നെന്നേക്കുമായി സ്‌നേഹിക്കുന്ന ദൈവം ആകാശത്തിന്റെയും ഭൂമിയുടെയും ജ്ഞാനവും കരുതലുമുള്ള സ്രഷ്ടാവാണ്. അവന്‍ സമയത്തെയും നിയന്ത്രിക്കുന്നവനാണ് (വാ. 6-9).

സങ്കീര്‍ത്തനക്കാരന്‍ ആലപിച്ച നിത്യസ്‌നേഹം നമ്മുടെ സര്‍വ്വശക്തനായ സ്രഷ്ടാവും പരിപാലകനും അവന്റെ മക്കളുടെ ജീവിതത്തിലേക്ക് പകര്‍ന്ന അതേ സ്‌നേഹമാണ് എന്നതിനാല്‍ നമുക്ക് സന്തോഷിക്കാം. നാം അഭിമുഖീകരിക്കുന്നതെന്തായാലും, നമ്മെ സൃഷ്ടിക്കുകയും നമ്മോടൊപ്പം വസിക്കുകയും ചെയ്യുന്നവന്‍ നമ്മെ നിരുപാധികമായും പൂര്‍ണ്ണമായും സ്‌നേഹിക്കുന്നുവെന്ന് ഉറപ്പിക്കുന്നതിലൂടെ നമ്മെ ശക്തിപ്പെടുത്തുന്നു. ദൈവമേ, അങ്ങയുടെ അനന്തവും ജീവിതത്തെ രൂപാന്തരപ്പെടുത്തുന്നതുമായ സ്‌നേഹത്തിന്റെ എണ്ണമറ്റ ഓര്‍മ്മപ്പെടുത്തലുകള്‍ക്ക് നന്ദി!