കടുത്ത തലവേദനയോടെയാണ് മാത്യു ഉണര്‍ന്നത്, ഇത് മറ്റൊരു മൈഗ്രെയ്ന്‍ ആണെന്ന് കരുതി. എന്നാല്‍ കിടക്കയില്‍ നിന്ന് ഇറങ്ങിയപ്പോള്‍ അദ്ദേഹം തറയില്‍ വീണു. അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന് പക്ഷാഘാതമുണ്ടായെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. നാലുമാസത്തെ ചികിത്സയ്ക്കുശേഷം, ചിന്തിക്കാനും സംസാരിക്കാനുമുള്ള കഴിവ് അദ്ദേഹം വീണ്ടെടുത്തു, പക്ഷേ നടക്കുന്നത് അത്യന്തം വേദനാജനകമായിരുന്നു. അദ്ദേഹം പലപ്പോഴും നിരാശയോട് മല്ലിട്ടു, എങ്കിലും ഇയ്യോബിന്റെ പുസ്തകത്തില്‍ നിന്ന് അദ്ദേഹം വലിയ ആശ്വാസം കണ്ടെത്തി.

ഇയ്യോബിന് തന്റെ സമ്പത്തും മക്കളുമെല്ലാം ഒറ്റരാത്രികൊണ്ട് നഷ്ടപ്പെട്ടു. ഭയാനകമായ വാര്‍ത്തകള്‍ കേട്ടിട്ടും, അവന്‍ ആദ്യം ദൈവത്തെ പ്രതീക്ഷയോടെ നോക്കി, എല്ലാറ്റിന്റെയും ഉറവിടമായി അവനെ സ്തുതിച്ചു. ദുരന്തസമയങ്ങളില്‍ പോലും അവന്‍ ദൈവത്തിന്റെ പരമാധികാരത്തെ അംഗീകരിച്ചു (ഇയ്യോബ് 1:21). അവന്റെ ശക്തമായ വിശ്വാസത്തില്‍ നാം അത്ഭുതപ്പെടുന്നു, പക്ഷേ ഇയ്യോബും നിരാശയോടു പൊരുതി. ആരോഗ്യം നഷ്ടപ്പെട്ടതിനുശേഷം (2:7), താന്‍ ജനിച്ച ദിവസത്തെ ശപിച്ചു (3:1). തന്റെ വേദനയെക്കുറിച്ച് അവന്‍ തന്റെ സുഹൃത്തുക്കളോടും ദൈവത്തോടും സത്യസന്ധമായി സംസാരിച്ചു. എന്നിരുന്നാലും, നല്ലതും ചീത്തയും ദൈവത്തിന്റെ കൈയില്‍ നിന്നാണെന്ന് അവന്‍ അംഗീകരിച്ചു (13:15; 19:25-27).

നമ്മുടെ കഷ്ടതകളില്‍, നിരാശയുടെയും പ്രത്യാശയുടെയും സംശയത്തിന്റെയും വിശ്വാസത്തിന്റെയും മധ്യേ നാം ചാഞ്ചാടുന്നതായി നാം കാണുന്നു. പ്രതികൂല സാഹചര്യങ്ങളില്‍ നാം ശക്തരായി നില്‍ക്കണമെന്ന്് ദൈവം ആവശ്യപ്പെടുന്നില്ല, പകരം നമ്മുടെ ചോദ്യങ്ങളുമായി അവങ്കലേക്ക് വരാന്‍ നമ്മെ ക്ഷണിക്കുന്നു. ചില സമയങ്ങളില്‍ നമ്മുടെ വിശ്വാസം പരാജയപ്പെട്ടേക്കാമെങ്കിലും, ദൈവം എല്ലായ്‌പ്പോഴും വിശ്വസ്തനായിരിക്കുമെന്ന് നമുക്കു ദൈവത്തെ വിശ്വസിക്കാം.