മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള ഒരു സദനത്തില്‍ തന്റെ വീല്‍ചെയറില്‍ ഇരുന്നുകൊണ്ട് ഒരു മനുഷ്യന്‍, ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളായ ഒരു സംഘം കൗമാരക്കാര്‍ യേശുവിനെക്കുറിച്ച് പാടുന്നത് സന്തോഷത്തോടെ ശ്രദ്ധിച്ചു. പിന്നീട്, ചില കൗമാരക്കാര്‍ അദ്ദേഹവുമായി ആശയവിനിമയം നടത്താന്‍ ശ്രമിച്ചപ്പോള്‍, അദ്ദേഹത്തിനു സംസാരിക്കാന്‍ കഴിയില്ലെന്ന് അവര്‍ കണ്ടെത്തി. ഹൃദയാഘാതം സംസാരിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവ് കവര്‍ന്നുകളഞ്ഞു.

ആ വ്യക്തിയുമായി സംഭാഷണം തുടരാന്‍ അവര്‍ക്ക് കഴിയാത്തതിനാല്‍, കൗമാരക്കാര്‍ അദ്ദേഹത്തിനുവേണ്ടി പാടാന്‍ തീരുമാനിച്ചു. അവര്‍ പാടാന്‍ തുടങ്ങിയപ്പോള്‍ അത്ഭുതകരമായ എന്തോ ഒന്ന് സംഭവിച്ചു. സംസാരിക്കാന്‍ കഴിയാത്ത ആ മനുഷ്യന്‍ പാടാന്‍ തുടങ്ങി. ഉത്സാഹത്തോടെ, തന്റെ പുതിയ ചങ്ങാതിമാര്‍ക്കൊപ്പം ”നീ എത്ര ഉന്നതന്‍” എന്ന് അദ്ദേഹം പാടി.

എല്ലാവര്‍ക്കും വളരെ ശ്രദ്ധേയമായ ഒരു നിമിഷമായിരുന്നു അത്. ദൈവത്തോടുള്ള ഈ മനുഷ്യന്റെ സ്‌നേഹം പ്രതിബന്ധങ്ങളെ മറികടന്ന് ശ്രവ്യമായ ആരാധനയായി മാറി – ഹൃദയംഗമമായ, സന്തോഷകരമായ ആരാധന.

നമുക്കെല്ലാവര്‍ക്കും കാലാകാലങ്ങളില്‍ ആരാധനാ തടസ്സങ്ങളുണ്ട്. ഒരുപക്ഷേ ഇത് ബന്ധത്തിലുണ്ടായ ഒരു വിള്ളലോ, സാമ്പത്തിക പ്രശ്നമോ ആയിരിക്കാം. അല്ലെങ്കില്‍ ദൈവവുമായുള്ള ബന്ധത്തില്‍ അല്‍പ്പം തണുപ്പ് വ്യാപിക്കുന്ന ഒരു ഹൃദയമായിരിക്കാം ഇത്.

നമ്മുടെ സര്‍വ്വശക്തനായ ദൈവത്തിന്റെ മഹത്വത്തിനും പ്രതാപത്തിനും ഏത് പ്രതിബന്ധത്തെയും തരണം ചെയ്യാന്‍ കഴിയുമെന്ന് നമ്മുടെ ഊമനായ സുഹൃത്ത് ഓര്‍മ്മിപ്പിക്കുന്നു. ‘എന്‍ കര്‍ത്താവേ, നിന്‍ കരങ്ങള്‍ നിര്‍മ്മിച്ച ലോകമെല്ലാം എന്‍ കണ്‍കള്‍ കാണ്‍കയില്‍!”

നിങ്ങളുടെ ആരാധനയില്‍ പോരാട്ടം അനുഭവിക്കുന്നുണ്ടോ? 96-ാം സങ്കീര്‍ത്തനം പോലുള്ള ഒരു ഭാഗം വായിച്ചുകൊണ്ട് നമ്മുടെ ദൈവം എത്ര വലിയവനാണെന്ന് ചിന്തിക്കുക, നിങ്ങള്‍ക്കും നിങ്ങള്‍ നേരിടുന്ന തടസ്സങ്ങള്‍ക്കും എതിര്‍പ്പുകള്‍ക്കും പകരം സ്തുതി കണ്ടെത്താന്‍ കഴിയും.