സാമുവലിനും കുടുംബത്തിനും ”തുറന്ന കരങ്ങളും തുറന്ന ഭവനവും” എന്ന തത്വമാണുള്ളത്. അവര്‍ ആളുകളെ എപ്പോഴും തങ്ങളുടെ വീട്ടിലേക്കു സ്വാഗതം ചെയ്യുന്നു, ”പ്രത്യേകിച്ച് ദുരിതത്തില്‍ കഴിയുന്നവരെ,” അദ്ദേഹം പറയുന്നു. ഒന്‍പത് സഹോദരങ്ങള്‍ക്കൊപ്പം ലൈബീരിയയില്‍ അദ്ദേഹം വളര്‍ന്നുവന്ന കുടുംബം അങ്ങനെയായിരുന്നു. അവരുടെ മാതാപിതാക്കള്‍ എല്ലായ്‌പ്പോഴും മറ്റുള്ളവരെ അവരുടെ കുടുംബത്തിലേക്ക് സ്വാഗതം ചെയ്തു. അദ്ദേഹം പറയുന്നു, ”ഞങ്ങള്‍ ഒരു സമൂഹമായി വളര്‍ന്നു. ഞങ്ങള്‍ പരസ്പരം സ്‌നേഹിച്ചു. എല്ലാവര്‍ക്കും എല്ലാവരും ഉത്തരവാദികളായിരുന്നു. പരസ്പരം സ്‌നേഹിക്കാനും പരസ്പരം പരിപാലിക്കാനും പരസ്പരം സംരക്ഷിക്കാനും എന്റെ അച്ഛന്‍ ഞങ്ങളെ പഠിപ്പിച്ചു.’

ദാവീദ് രാജാവ് ആവശ്യത്തിലിരുന്നപ്പോള്‍, ദൈവത്തില്‍ ഇത്തരത്തിലുള്ള സ്നേഹനിര്‍ഭരമായ പരിചരണം കണ്ടെത്തി. തന്റെ ജീവിതത്തിലുടനീളം അവനു അഭയസ്ഥാനമായിരുന്ന വഴികള്‍ക്കായി ദൈവത്തെ സ്തുതിക്കുന്ന ഗാനം 2 ശമൂവേല്‍ 22 (സങ്കീര്‍ത്തനം 18) രേഖപ്പെടുത്തുന്നു. അവന്‍ സ്മരിക്കുന്നു: ”എന്റെ കഷ്ടതയില്‍ ഞാന്‍ യഹോവയെ വിളിച്ചു; എന്റെ ദൈവത്തോടു തന്നേ നിലവിളിച്ചു. അവന്‍ തന്റെ മന്ദിരത്തില്‍നിന്നു എന്റെ അപേക്ഷ കേട്ടു; എന്റെ നിലവിളി അവന്റെ ചെവികളില്‍ എത്തി’ (2 ശമൂവേല്‍ 22:7). ശൗല്‍ രാജാവുള്‍പ്പെടെയുള്ള ശത്രുക്കളില്‍ നിന്ന് ദൈവം അവനെ പലതവണ വിടുവിച്ചു. തന്റെ കോട്ടയും രക്ഷകനുമായിരുന്നതിനാല്‍ അവന്‍ ദൈവത്തെ സ്തുതിച്ചു (വാ. 2-3).

ദാവീദിനെ അപേക്ഷിച്ച് നമ്മുടെ കഷ്ടതകള്‍ ചെറുതായിരിക്കാമെങ്കിലും, നാം കൊതിക്കുന്ന അഭയം കണ്ടെത്താനായി അവങ്കലേക്ക് ഓടാന്‍ ദൈവം നമ്മെ സ്വാഗതം ചെയ്യുന്നു. അവന്റെ കൈകള്‍ എപ്പോഴും തുറന്നിരിക്കും. അതിനാല്‍ നാം ”അവന്റെ നാമത്തെ സ്തുതിക്കുന്നു” (വാ. 50).