അവര്‍ ഈ റോഡ് നന്നാക്കി, ട്രാഫിക് മന്ദഗതിയിലായതിനാല്‍ ഞാന്‍ സ്വയം ചിന്തിച്ചു. ഇപ്പോള്‍ അത് വീണ്ടും ഇളകിത്തുടങ്ങിയിരിക്കുന്നു! എന്തുകൊണ്ടാണ് റോഡ് നിര്‍മ്മാണം ഒരിക്കലും പൂര്‍ത്തിയാകാത്തത്? ഞാന്‍ ചിന്തിച്ചു. ഞാന്‍ ഉദ്ദേശിക്കുന്നത്, ”റോഡുപണി പൂര്‍ത്തിയായി. ഈ മികച്ച റോഡ് ആസ്വദിക്കൂ’ എന്നൊരു ബോര്‍ഡ് ഞാന്‍ ഒരിടത്തും കണ്ടിട്ടില്ല.’

എന്റെ ആത്മീയ ജീവിതത്തിലും ഇതു സമാനമായ നിലയില്‍ സത്യമാണ്. എന്റെ വിശ്വാസത്തിന്റെ തുടക്കത്തില്‍, പക്വതയുടെ ഒരു നിമിഷം എത്തുമെന്ന് ഞാന്‍ സങ്കല്‍പ്പിച്ചു. അതായത് എല്ലാം ”സുഗമമായി നടപ്പാക്കപ്പെടുന്ന” ഒരു സമയം വരുമെന്ന്. മുപ്പത് വര്‍ഷത്തിന് ശേഷം, ഞാന്‍ ഇപ്പോഴും ”നിര്‍മ്മാണത്തിലാണ്” എന്ന് ഏറ്റുപറയുന്നു. നിരന്തരം കുഴികള്‍ രൂപപ്പെടുന്ന റോഡുകള്‍ പോലെ, ഞാനൊരിക്കലും ”പൂര്‍ത്തിയായതായി” തോന്നുന്നില്ല. ചിലപ്പോള്‍ അത് സമാനമായ നിലയില്‍ അസ്വസ്ഥപ്പെടുത്തുന്നതാണ്.

എന്നാല്‍ എബ്രായര്‍ 10-ല്‍ അതിശയകരമായ ഒരു വാഗ്ദാനം അടങ്ങിയിരിക്കുന്നു. 14-ാം വാക്യം പറയുന്നു, ”ഏകയാഗത്താല്‍ അവന്‍ വിശുദ്ധീകരിക്കപ്പെടുന്നവര്‍ക്ക് സദാകാലത്തേക്കും സല്‍ഗുണപൂര്‍ത്തി വരുത്തിയിരിക്കുന്നു.” ക്രൂശിലെ യേശുവിന്റെ പ്രവൃത്തി ഇതിനകം നമ്മെ രക്ഷിച്ചു. പൂര്‍ണ്ണമായും. തികച്ചും. ദൈവത്തിന്റെ ദൃഷ്ടിയില്‍ നാം പൂര്‍ണരും പൂര്‍ത്തീകരിക്കപ്പെട്ടവരുമാണ്. വിരോധാഭാസമെന്നു പറയട്ടെ, നമ്മള്‍ ഭൂമിയിലായിരിക്കുന്ന സമയത്ത് ആ പ്രക്രിയ ഇതുവരെ പൂര്‍ത്തിയായിട്ടില്ല. നാം ഇപ്പോഴും അവിടുത്തെ സാദൃശ്യത്തിലേക്ക് രൂപപ്പെട്ടുകൊണ്ടിരിക്കുന്നു, ഇപ്പോഴും ”വിശുദ്ധരാക്കപ്പെടുന്നു.”

ഒരു ദിവസം നാം അവനെ മുഖാമുഖം കാണും, നാം അവനെപ്പോലെയാകും (1 യോഹന്നാന്‍ 3:2). എന്നാല്‍ അതുവരെ, നാം ഇപ്പോഴും ”നിര്‍മ്മാണത്തിലാണ്”, അഥവാ നമ്മിലെ ജോലി യഥാര്‍ത്ഥത്തില്‍ പൂര്‍ത്തിയാകുന്ന മഹത്തായ ദിവസത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്ന ആളുകളാണു നാം.