ദൈവത്തിന്റെ സമയമായപ്പോള്‍, ഞങ്ങളുടെ മകന്‍ കോഫി ഒരു വെള്ളിയാഴ്ച ജനിച്ചു – അതാണ് അവന്റെ പേരിന്റെ അര്‍ത്ഥം ‘വെള്ളിയാഴ്ച ജനിച്ച കുട്ടി.’ ഞങ്ങളുടെ ഒരു ഘാന സുഹൃത്തിന്റെ മകന്റെ പേരിലാണ് ഞങ്ങള്‍ അവന് ആ പേര് നല്‍കിയത്. അദ്ദേഹത്തിന്റെ ഏക മകന്‍ മരിച്ചുപോയിരുന്നു. അദ്ദേഹം ഞങ്ങളുടെ കോഫിക്ക് വേണ്ടി നിരന്തരം പ്രാര്‍ത്ഥിക്കുന്നു. അതില്‍ ഞങ്ങള്‍ വളരെയധികം ബഹുമാനിക്കപ്പെടുന്നു.

ഒരു പേരിന്റെ പിന്നിലെ കഥ നിങ്ങള്‍ക്ക് അറിയില്ലെങ്കില്‍ അതിന്റെ പ്രാധാന്യം നഷ്ടപ്പെടുത്തുന്നത് എളുപ്പമാണ്. ലൂക്കൊസ് 3 ല്‍, യോസേഫിന്റെ വംശപരമ്പരയില്‍ ഒരു പേരിനെക്കുറിച്ചുള്ള ആകര്‍ഷകമായ വിശദാംശങ്ങള്‍ കാണാം. വംശാവലി യോസേഫിന്റെ പരമ്പരയെ ആദാമിലേക്കും ദൈവത്തിലേക്കും പിന്നോട്ട് കൊണ്ടുപോകുന്നു (വാ. 38). 31-ാം വാക്യത്തില്‍ നാം ഇങ്ങനെ വായിക്കുന്നു: ”നാഥാന്റെ മകന്‍, നാഥാന്‍ ദാവീദിന്റെ മകന്‍.” നാഥാന്‍? അത് രസകരമായിരിക്കുന്നു. 1 ദിനവൃത്താന്തം 3:5-ല്‍ നാഥാന്‍ ബത്ത്ശേബയില്‍ ജനിച്ചുവെന്ന് നാം മനസ്സിലാക്കുന്നു.

ദാവീദ് ബത്ത്ശേബയുടെ കുട്ടിക്ക് നാഥാന്‍ എന്ന് പേരിട്ടത് യാദൃശ്ചികമാണോ? പിന്നിലുള്ള കഥ ഓര്‍മ്മിക്കുക. ബത്ത്‌ശേബ ഒരിക്കലും ദാവീദിന്റെ ഭാര്യയായിരിക്കേണ്ടവളല്ല. മറ്റൊരു നാഥാന്‍ – പ്രവാചകന്‍ – ബത്ത്‌ശേബയെ ചൂഷണം ചെയ്യാനും അവളുടെ ഭര്‍ത്താവിനെ കൊലപ്പെടുത്താനും തന്റെ അധികാരം ദുര്‍വിനിയോഗം ചെയ്തതിന് രാജാവിനെ ധൈര്യത്തോടെ നേരിട്ടു (2 ശമൂവേല്‍ 12 കാണുക).

പ്രവാചകന്റെ ശാസന സ്വീകരിച്ച ദാവീദ് തന്റെ ഭയാനകമായ കുറ്റങ്ങളില്‍ അനുതപിച്ചു. സമയം അവനിലെ മുറിവുകള്‍ ഉണക്കിയപ്പോള്‍ അവന്‍ തന്റെ മകന് നാഥാന്‍ എന്ന് പേരിട്ടു. ഇത് ബത്ത്‌ശേബയുടെ പുത്രനാണെന്നതും യേശുവിന്റെ ഭൗമിക പിതാവായ യോസേഫിന്റെ പൂര്‍വ്വികരില്‍ ഒരാളായിരുന്നുവെന്നതും എത്ര ഉചിതമായിരിക്കുന്നു (ലൂക്കൊസ് 3:23).

ബൈബിളില്‍, ദൈവകൃപ എല്ലാത്തിലും നെയ്തു ചേര്‍ത്തിരിക്കുന്നതായി നാം കാണുന്നു – അപൂര്‍വമായി മാത്രം വായിക്കുന്ന വംശാവലിയിലെ ഒരു അവ്യക്തമായ നാമത്തില്‍ പോലും. ദൈവകൃപ എല്ലായിടത്തും ഉണ്ട്.