”ഞാന്‍ യേശുവില്‍ വിശ്വസിക്കുന്നു, അവന് എന്റെ രക്ഷകനാണ്, മരണത്തെക്കുറിച്ച് എനിക്ക് ഭയമില്ല,” മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ്ജ് എച്ച്. ഡബ്ല്യു. ബുഷിന്റെ ഭാര്യ ബാര്‍ബറ ബുഷ് മരിക്കുന്നതിന് മുമ്പ് മകനോട് പറഞ്ഞു. അവിശ്വസനീയവും ആത്മവിശ്വാസമുള്ളതുമായ ഈ പ്രസ്താവന ശക്തവും ആഴത്തിലുള്ളതുമായ വിശ്വാസത്തെ സൂചിപ്പിക്കുന്നു. മരണത്തെ അഭിമുഖീകരിക്കുമ്പോഴും യേശുവിനെ അറിയുന്നതിലൂടെ ലഭിക്കുന്ന ദൈവത്തിന്റെ സമാധാന ദാനം അവള് അനുഭവിച്ചു.
ഒന്നാം നൂറ്റാണ്ടില്‍ യെരുശലേമില്‍ താമസിച്ചിരുന്ന ശിമയോനും യേശു നിമിത്തം അഗാധമായ സമാധാനം അനുഭവിച്ചു. നവജാത ശിശുവിന് നിയമം അനുശാസിക്കുന്ന വിധത്തില്‍ പരിച്ഛേദന ചെയ്യാനായി മറിയയും യോസേഫും യേശു കുഞ്ഞിനെ കൊണ്ടുവന്നപ്പോള്‍ പരിശുദ്ധാത്മാവിനാല്‍ പ്രേരിതനായ ശിമയോന് ദൈവാലയത്തിലേക്കു ചെന്നു. ശിമയോനെക്കുറിച്ച് ലൂക്കൊസിന്റെ വിവരണത്തില്‍ നിന്ന് കൂടുതലൊന്നും അറിയാനാവില്ലെങ്കിലും, അവന് ഒരു പ്രത്യേക ദൈവപുരുഷനാണെന്നും നീതിമാനും ഭക്തനുമാണെന്നും വരാനിരിക്കുന്ന മശിഹായ്ക്കുവേണ്ടി വിശ്വസ്തതയോടെ കാത്തിരുന്നുവെന്നും ”പരിശുദ്ധാത്മാവ് അവനില്‍ ഉണ്ടായിരുന്നു” എന്നും പറയാന്‍ കഴിയും (ലൂക്കൊസ് 2:25). എന്നിട്ടും യേശുവിനെ കാണുന്നതുവരെ ശിമയോന് ശാലോം (സമാധാനം) അഥവാ പൂര്‍ണ്ണമായ സ്വസ്ഥത അനുഭവിച്ചിരുന്നില്ല.
യേശുവിനെ കൈകളില്‍ പിടിച്ചിരിക്കുമ്പോള്‍, ശിമയോന് സ്തുതിഗീതത്തില്‍ മുഴുകി, ദൈവത്തില്‍ പൂര്‍ണ്ണ സംതൃപ്തി പ്രകടിപ്പിച്ചു: ”ഇപ്പോള്‍ നാഥാ! തിരുവചനംപോലെ നീ അടിയനെ സമാധാനത്തോടെ വിട്ടയയ്ക്കുന്നു…നിന്റെ രക്ഷയെ എന്റെ കണ്ണ് കണ്ടുവല്ലോ’ (വാക്യം 29-31). ലോകത്തിന്റെ മുഴുവന്‍ ഭാവി പ്രത്യാശയും മുന്‍കൂട്ടി കണ്ടതിനാല്‍ അവനു സമാധാനമുണ്ടായിരുന്നു.
വാഗ്ദത്ത രക്ഷകനായ യേശുവിന്റെ ജീവിതം, മരണം, പുനരുത്ഥാനം എന്നിവ നാം ആഘോഷിക്കുമ്പോള്‍, സമാധാനത്തിന്റെ ദൈവിക ദാനത്തില്‍ നമുക്കു സന്തോഷിക്കാം.
യേശുവിനെ അറിയുന്നതിലൂടെ ലഭിക്കുന്ന ആഴത്തിലുള്ള സംതൃപ്തിയും സമ്പൂര്‍ണ്ണതയും നിങ്ങള്‍ അനുഭവിച്ചിട്ടുണ്ടോ? ദൈവത്തിന്റെ സമാധാന ദാനം ഇന്ന് നിങ്ങള്‍ക്ക് എങ്ങനെ ആഘോഷിക്കാന്‍ കഴിയും?
പ്രിയ പിതാവേ, അങ്ങയുടെ സമാധാന ദാനമായ യേശുവിനായി നന്ദി.