ഇംഗ്ലണ്ടില്‍ കത്തി ഉപയോഗിച്ചുള്ള കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിച്ചപ്പോള്‍, ബ്രിട്ടീഷ് അയണ്‍ വര്‍ക്ക് സെന്റര്‍ ഒരു ആശയം കൊണ്ടുവന്നു. പ്രാദേശിക പോലീസ് സേനയുമായി ചേര്‍ന്ന് കേന്ദ്രം രാജ്യത്ത് ഇരുനൂറു നിക്ഷേപ ബോക്‌സുകള്‍ നിര്‍മ്മിക്കുകയും പൊതുമാപ്പിനെക്കുറിച്ചുള്ള പ്രചാരണം നടത്തുകയും ചെയ്തു. ഒരു ലക്ഷം കത്തികള്‍ അജ്ഞാതമായി ബോക്‌സുകളില്‍ നിക്ഷേപിക്കപ്പെട്ടു – ചിലതില്‍ അപ്പോഴും രക്തക്കറയുണ്ടായിരുന്നു. ഇവ പിന്നീട് കലാകാരന്‍ ആല്‍ഫി ബ്രാഡ്ലിക്ക് അയച്ചുകൊടുത്തു, ചിലത് മൂര്‍ച്ചയില്ലാതാക്കി, ചിലതില്‍ കത്തിക്കിരയായ യുവാക്കളുടെ പേരുകള്‍ കൊത്തി, ചിലതില്‍ മുന്‍ കുറ്റവാളികളുടെ പശ്ചാത്താപ വചനങ്ങള്‍ ആലേഖനം ചെയ്തു. ഒരു ലക്ഷം ആയുധങ്ങളും ഒരുമിച്ച് വെല്‍ഡു ചെയ്ത് കത്തി മാലാഖ എന്ന ശില്പം നിര്‍മ്മിച്ചു – ഇരുപത്തിയേഴടി ഉയരമുള്ളതും തിളങ്ങുന്ന ഉരുക്ക് ചിറകുകളോടും കൂടിയ മാലാഖയുടെ ശില്പം.

കത്തി മാലാഖയുടെ മുന്‍പില്‍ നിന്നപ്പോള്‍, അതിന്റെ നിലനില്‍പ്പു കാരണം എത്ര ആയിരം മുറിവുകള്‍ ആണ് തടയപ്പെട്ടതെന്നു ഞാന്‍ ചിന്തിച്ചു. കുട്ടികള്‍ ചെറുപ്പത്തില്‍ മരിക്കാത്ത (വാ. 20), അല്ലെങ്കില്‍ കുറ്റകൃത്യത്തിലേക്കു തള്ളിവിടുന്ന തരത്തില്‍ കുട്ടികള്‍ ദാരിദ്ര്യത്തില്‍ വളര്‍ത്തപ്പെടാത്ത് (വാ. 22-23), കത്തിയാക്രമണങ്ങള്‍ ഇല്ലാത്ത പുതിയ ആകാശത്തെയും ഭൂമിയെയും കുറിച്ചുള്ള യെശയ്യാവിന്റെ കാഴ്ചപ്പാടിനെക്കുറിച്ചും ഞാന്‍ ചിന്തിച്ചു (യെശയ്യാവ് 65:17). അവിടെ അവര്‍ വാളുകളെ പുനര്‍നിര്‍മ്മിച്ച് കൂടുതല്‍ സൃഷ്ടിപരമായ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കും (2:4).

ആ പുതിയ ലോകം ഇതുവരെയും എത്തിയിട്ടില്ല, എന്നാല്‍ അതിന്റെ വരവ് വരെ നാം പ്രാര്‍ത്ഥിക്കുകയും അവനെ സേവിക്കുകയും ചെയ്യണം (മത്തായി 6:10). ദൈവം വാഗ്ദാനം ചെയ്ത ഭാവിയെക്കുറിച്ചുള്ള ഒരു സൂചന, കത്തി മാലാഖ അതിന്റേതായ രീതിയില്‍ നമുക്ക് നല്‍കുന്നു. വാളുകള്‍ കലപ്പകളായി മാറുന്നു. ആയുധങ്ങള്‍ കലാസൃഷ്ടികളായി മാറുന്നു. ആ ഭാവിയെ കുറച്ചുകൂടി കാണാന്‍ നമുക്ക് മറ്റെന്തൊക്കെ വീണ്ടെടുക്കല്‍ പദ്ധതികള്‍ ആവിഷ്‌കരിക്കാനാകും?