കഴിഞ്ഞ വേനല്‍ക്കാലത്ത്, തലേക്വ എന്ന തിമിംഗലം പ്രസവിച്ചു. തലേക്വ ഉള്‍പ്പെട്ട കൊലയാളി തിമിംഗലങ്ങള്‍ വംശനാശഭീഷണിയിലായിരുന്നു. അതിനാല്‍ അവളുടെ നവജാതശിശുവായിരുന്നു ഭാവിയിലേക്കുള്ള അവരുടെ പ്രതീക്ഷ. എന്നാല്‍ ആ കുഞ്ഞ് ഒരു മണിക്കൂറില്‍ താഴെ സമയം മാത്രമേ ജീവിച്ചിരുന്നുള്ളൂ. അതീവ ദുഃഖത്തിലായ തലേക്വ തന്റെ ചത്ത കിടാവിനെ പസഫിക് സമുദ്രത്തിലെ തണുത്ത വെള്ളത്തിലൂടെ പതിനേഴു ദിവസം തള്ളിക്കൊണ്ടു നടന്നത് ലോകമെമ്പാടുമുള്ള ആളുകള്‍ വീക്ഷിച്ചു.
ചിലപ്പോള്‍ യേശുവിലുള്ള വിശ്വാസികള്‍ക്ക് ദുഃഖത്തില്‍ എന്തുചെയ്യണമെന്ന് അറിയാന്‍ കഴിയാത്ത സമയങ്ങളുണ്ടാകാം. ഒരുപക്ഷേ നമ്മുടെ സങ്കടം പ്രതീക്ഷയുടെ അഭാവം പോലെ മറ്റുള്ളവര്‍ക്കു തോന്നുമെന്ന് നാം ഭയപ്പെടും. എന്നാല്‍ മനുഷ്യര്‍ ദുഃഖത്തോടെ ദൈവത്തോട് നിലവിളിക്കുന്നതിന്റെ നിരവധി ഉദാഹരണങ്ങള്‍ ബൈബിള്‍ നല്കുന്നു. വിലാപവും പ്രത്യാശയും സത്യസന്ധമായ പ്രതികരണത്തിന്റെ ഭാഗമാകാം.
തങ്ങളുടെ ഭവനം നഷ്ടപ്പെട്ടവരുടെ ദുഃഖം പ്രകടിപ്പിക്കുന്ന അഞ്ച് കവിതകളുടെ സമാഹാരഗ്രന്ഥമാണ് വിലാപങ്ങള്‍. അവരെ ശത്രുക്കള്‍ വേട്ടയാടുകയും അവര്‍ മരണത്തോട് അടുക്കുകയും ചെയ്തു (3: 52-54). അവര്‍ കരയുകയും നീതി ലഭിക്കാന്‍ ദൈവത്തോട് അപേക്ഷിക്കുകയും ചെയ്യുന്നു (വാ. 64). അവര്‍ ദൈവത്തോട് നിലവിളിക്കുന്നത് പ്രതീക്ഷ നഷ്ടപ്പെട്ടതിനാലല്ല, മറിച്ച് ദൈവം ശ്രദ്ധിക്കുന്നുവെന്ന് അവര്‍ വിശ്വസിക്കുന്നതിനാലാണ്. അവര്‍ വിളിക്കുമ്പോള്‍ ദൈവം അടുത്തുവരുന്നു (വാ. 57).
നമ്മുടെ ലോകത്തിലോ നിങ്ങളുടെ ജീവിതത്തിലോ തകര്‍ന്ന കാര്യങ്ങളെക്കുറിച്ച് വിലപിക്കുന്നത് തെറ്റല്ല. ദൈവം എപ്പോഴും ശ്രദ്ധിക്കുന്നു, ദൈവം സ്വര്‍ഗത്തില്‍ നിന്ന് താഴേക്ക് നോക്കുകയും നിങ്ങളെ കാണുകയും ചെയ്യുമെന്ന് ഉറപ്പുള്ളവരായിരിക്കാന്‍ നിങ്ങള്‍ക്കു കഴിയും.
നിങ്ങളുടെ എല്ലാ വികാരങ്ങളും ദൈവത്തിലേക്ക് കൊണ്ടുവരുന്നതിന് നിങ്ങള്‍ക്ക് എങ്ങനെ പരിശീലിക്കാന്‍ കഴിയും? നിങ്ങളുടെ സങ്കടത്തില്‍ ദൈവം നിങ്ങളുടെ അടുത്തെത്തിയെന്ന് നിങ്ങള്‍ക്ക് എപ്പോഴാണ് തോന്നിയിട്ടുള്ളത്?
സ്നേഹവാനായ ദൈവമേ, രൂപാന്തരപ്പെടാന്‍ തുടങ്ങുന്നതിനുമുമ്പ് തെറ്റിനെച്ചൊല്ലി വിലപിക്കുന്നത് ശരിയായ കാര്യമാണെന്ന് ഓര്‍മ്മിക്കാന്‍ ഞങ്ങളെ സഹായിക്കണമേ.