സ്മാരക ദിനത്തില്‍ അനേക മുന്‍ സൈനികരെയും, പ്രത്യേകിച്ച് രണ്ടാം ലോകമഹായുദ്ധ കാലത്ത് സൈന്യത്തില്‍ സേവനമനുഷ്ഠിച്ചിട്ടുള്ള എന്റെ അച്ഛനെയും അമ്മാവന്മാരെയും കുറിച്ച് ഞാന്‍ ചിന്തിക്കുന്നു. അവര്‍ അതിനെ തങ്ങളുടെ ദൗത്യമായി കണ്ടു എങ്കിലും തങ്ങളുടെ രാജ്യസേവനത്തില്‍ ലക്ഷക്കണക്കിന് കുടുംബങ്ങള്‍ക്ക് തങ്ങളുടെ പ്രിയപ്പെട്ടവരെ ദാരുണമായി നഷ്ടപ്പെട്ടു. എന്നിട്ടും, ചോദിക്കുമ്പോള്‍, എന്റെ അച്ഛനും ആ കാലഘട്ടത്തിലെ മിക്ക സൈനികരും തങ്ങളുടെ പ്രിയപ്പെട്ടവരെ സംരക്ഷിക്കുന്നതിനും ശരിയെന്ന് തങ്ങള്‍ വിശ്വസിക്കുന്നതുമായ കാര്യങ്ങള്‍ക്കായി അവരുടെ ജീവന് ത്യജിക്കാന്‍ തയ്യാറാണെന്ന് പറയും.
തങ്ങളുടെ രാജ്യത്തിന്റെ സംരക്ഷണത്തിനായി ആരെങ്കിലും മരിക്കുമ്പോള്‍, യോഹന്നാന് 15:13: ‘സ്നേഹിതന്മാര്ക്ക് വേണ്ടി ജീവനെ കൊടുക്കുന്നതിലും അധികമുള്ള സ്നേഹം ആര്‍ക്കും ഇല്ല” എന്ന ഭാഗം അവരുടെ ത്യാഗത്തെ മാനിക്കുന്നതിനായി ശവസംസ്കാര വേളയില്‍ പലപ്പോഴും വായിക്കാറുണ്ട്. എന്നാല്‍ ഈ വാക്യത്തിന്റെ പിന്നിലെ സാഹചര്യങ്ങള്‍ എന്തായിരുന്നു?
അവസാന അത്താഴ വേളയില്‍ യേശു ശിഷ്യന്മാരോട് ആ വാക്കുകള്‍ പറഞ്ഞപ്പോള്‍, അവന് മരിക്കാന്‍ പോവുകയായിരുന്നു. വാസ്തവത്തില്‍, അവന്റെ ചെറിയ ശിഷ്യഗണങ്ങളില്‍ ഒരുവനായ യൂദാ അവനെ ഒറ്റിക്കൊടുക്കാന്‍ പോയിക്കഴിഞ്ഞിരുന്നു (13:18-30). ക്രിസ്തുവിന് ഇതെല്ലാം അറിയാമായിരുന്നിട്ടും തന്റെ സുഹൃത്തുക്കള്‍ക്കും തന്റെ ശത്രുക്കള്‍ക്കും വേണ്ടി തന്റെ ജീവന് ത്യജിക്കുന്നതു തിരഞ്ഞെടുത്തു.
ഒരു ദിവസം തന്നില്‍ വിശ്വസിക്കാനിരിക്കുന്നവര്‍ക്കുവേണ്ടിയും, അപ്പോഴും അവന്റെ ശത്രുക്കളായിരുന്നവര്‍ക്കുവേണ്ടിയും മരിക്കാന്‍ യേശു സന്നദ്ധനും ഒരുക്കമുള്ളവനുമായിരുന്നു (റോമര്‍ 5:10). അതിനു പകരമായി, അവന് തന്റെ ശിഷ്യന്മാരോട് (അന്നും ഇന്നും) താന്‍ സ്നേഹിച്ചതുപോലെ ”പരസ്പരം സ്നേഹിക്കാന്‍” ആവശ്യപ്പെടുന്നു (യോഹന്നാന് 15:12). അവന്റെ വലിയ സ്നേഹം മറ്റുള്ളവരെ – സുഹൃത്തിനെയും ശത്രുവിനെയും ഒരുപോലെ – ത്യാഗപൂര്‍വ്വം സ്നേഹിക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്നു.
യേശുവില്‍ വിശ്വസിക്കുന്നതിനുമുമ്പ് നമ്മള് അവന്റെ ശത്രുക്കളായിരുന്നു. എന്നിട്ടും യേശു നമുക്കുവേണ്ടി മരിച്ചു. നിങ്ങള്‍ക്കായി ക്രൂശില്‍ മരിച്ച യേശുവിനെ എങ്ങനെ ബഹുമാനിക്കാനും സ്മരിക്കാനും കഴിയും? നിങ്ങള്‍ക്ക് എങ്ങനെ മറ്റുള്ളവരെ ത്യാഗപൂര്‍വ്വം സ്നേഹിക്കാന്‍ കഴിയും?
യേശുവേ, അങ്ങു ഞങ്ങള്‍ക്ക് വേണ്ടി മരിക്കാന്‍ തയ്യാറായതില്‍ ഞങ്ങള്‍ നന്ദിയുള്ളവരാണ്!