ഒരു ദിവസം ഒരു പെട്രോള്‍ ബങ്കില്‍ ബാങ്ക് കാര്‍ഡ് ഇല്ലാതെ വീട്ടില്‍ നിന്നിറങ്ങിയ ഒരു സ്ത്രീയെ സ്റ്റെല്ല കണ്ടു. കുഞ്ഞിനൊപ്പം വഴിയില്‍ കുടുങ്ങിയ അവള് വഴിയാത്രക്കാരോട് സഹായം തേടുകയായിരുന്നു. ആ സമയത്ത് തനിക്ക് ജോലിയില്ലായിരുന്നുവെങ്കിലും അപരിചിതയ്ക്ക് പെട്രോള്‍ അടിക്കാന്‍ സ്റ്റെല്ല 500 രൂപ ചെലവഴിച്ചു . ദിവസങ്ങള്‍ക്കുശേഷം, സ്റ്റെല്ല വീട്ടിലെത്തിയപ്പോള്‍ കുട്ടികളുടെ കളിപ്പാട്ടങ്ങളും മറ്റ് സമ്മാനങ്ങളും അടങ്ങിയ പെട്ടി തന്റെ പൂമുഖത്ത് കാത്തിരിക്കുന്നതു കണ്ടു. അപരിചിതയുടെ സുഹൃത്തുക്കള്‍ സ്റ്റെല്ലയുടെ ദയാപ്രവൃത്തി തിരികെ നല്‍കിക്കൊണ്ട്് പ്രതികരിക്കുകയും അവള് നല്കിയ 500 രൂപ അവളുടെ കുടുംബത്തിന് അവിസ്മരണീയമായ ക്രിസ്തുമസിന്റെ അനുഗ്രഹമായി മാറ്റുകയും ചെയ്തു.
ഈ ഹൃദയസ്പര്‍ശിയായ കഥ കൊടുക്കുന്നതിനെക്കുറിച്ച് യേശു പറഞ്ഞ കാര്യത്തെ ചിത്രീകരിക്കുന്നു, ”കൊടുപ്പിന്; എന്നാല്‍ നിങ്ങള്‍ക്കും കിട്ടും; അമര്‍ത്തി കുലുക്കി കവിയുന്നൊരു നല്ല അളവ്നിങ്ങളുടെ മടിയില്‍ തരും; നിങ്ങള്‍ അളക്കുന്ന അളവിനാല്‍ നിങ്ങള്‍ക്കും അളന്നു കിട്ടും” (ലൂക്കൊസ് 6:38).
ഇത് കേള്‍ക്കാനും നാം കൊടുക്കുന്നതില്‍ നിന്ന് നമുക്ക് എന്തു കിട്ടും എന്നതില്‍ ശ്രദ്ധകേന്ദ്രീകരിക്കാനും ഇതു നമ്മില്‍ പ്രലോഭനമുണ്ടാക്കിയേക്കാം, എന്നാല്‍ അങ്ങനെ നല്‍കുന്നത് അതിന്റെ ഗൗരവം നഷ്ടപ്പെടുത്തും. യേശു ഈ പ്രസ്താവനയ്ക്ക് മുമ്പായി ഇങ്ങനെ പറഞ്ഞു: ”നിങ്ങളുടെ ശത്രുക്കളെ സ്നേഹിപ്പിന്‍, അവര്‍ക്ക് നന്മ ചെയ്യുവിന്‍, ഒന്നും പകരം ഇച്ഛിക്കാതെ കടം കൊടുപ്പിന്. എന്നാല്‍ നിങ്ങളുടെ പ്രതിഫലം വളരെയാകും; നിങ്ങള്‍ അത്യുന്നതന്റെ മക്കളാകും; അവന് നന്ദികെട്ടവരോടും ദുഷ്ടന്മാരോടും ദയാലുവല്ലോ’ (വാ. 35).
എന്തെങ്കിലും ലഭിക്കാന്‍വേണ്ടി നാം നല്‍കരുത്; നമ്മുടെ ഔദാര്യത്തില്‍ ദൈവം സന്തോഷിക്കുന്നതിനാല്‍ നാംനല്‍കുക. മറ്റുള്ളവരോടുള്ള നമ്മുടെ സ്നേഹം നമ്മോടുള്ള അവന്റെ സ്നേഹനിര്‍ഭരമായ ഹൃദയത്തെ പ്രതിഫലിപ്പിക്കുന്നു.
നിങ്ങളുടെ ജീവിതത്തില്‍ ദൈവത്തിന്റെ ഔദാര്യം ഏത് വിധത്തിലാണ് നിങ്ങള്‍ അനുഭവിച്ചത്? നിങ്ങള്‍ക്ക് എങ്ങനെ മറ്റുള്ളവരോട് ഔദാര്യം കാണിക്കാന്‍ കഴിയും?
കൃപയുള്ള പിതാവേ, അങ്ങ് എന്നോട് ഔദാര്യം കാണിച്ചതിനാല്‍ മറ്റുള്ളവര്‍ക്ക് ഉദാരമായി നല്കാന് എന്നെ സഹായിക്കണമേ.