അടുത്തിടെ ഇറങ്ങിയ ഒരു ഇംഗ്ലീഷ് സിനിമയില്‍, സ്വയം പ്രഖ്യാപിത ”പ്രതിഭ” ലോകത്തെ ”ഭീകരത, അഴിമതി, അജ്ഞത, ദാരിദ്ര്യം” എന്നിവയെക്കുറിച്ച് ക്യാമറയ്ക്കു മുമ്പില്‍ വമ്പുപറഞ്ഞുകൊണ്ട് ജീവിതം ദൈവമില്ലാത്തതും അസംബന്ധവുമാണെന്ന് പ്രഖ്യാപിക്കുന്നു. പല ആധുനിക ചലച്ചിത്ര സ്‌ക്രിപ്റ്റുകളിലും അത്തരം ചിന്ത അസാധാരണമല്ലെങ്കിലും, അത് എങ്ങോട്ടു നയിക്കുന്നു എന്നതാണ് രസകരമായിട്ടുള്ളത്. അവസാനം, പ്രധാന കഥാപാത്രം പ്രേക്ഷകരിലേക്ക് തിരിയുകയും ഒരു ചെറിയ സന്തോഷം കണ്ടെത്തുന്നതിന് എന്തും ചെയ്യാന്‍ നമ്മെ പ്രേരിപ്പിക്കുകയും ചെയ്യുന്നു. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ഇതില്‍ പരമ്പരാഗത ധാര്‍മ്മികത ഉപേക്ഷിക്കുന്നതും ഉള്‍പ്പെടുന്നു.

എന്നാല്‍ ”എന്തും” ചെയ്യാമോ? ജീവിതത്തിലെ ഭീകരതകളെക്കുറിച്ചുള്ള സ്വന്തം നൈരാശ്യത്തെ അഭിമുഖീകരിച്ച്, സഭാപ്രസംഗിയുടെ പഴയനിയമ എഴുത്തുകാരന്‍ വളരെക്കാലം മുമ്പ് ഇത് പരീക്ഷിച്ചുനോക്കി – സുഖം അനുഭവിക്കുന്നതിലൂടെയും (സഭാപ്രസംഗി 2:1,10), മഹത്തായ പ്രവര്‍ത്തന പദ്ധതികളിലൂടെയും (വാ. 4-6), സമ്പത്തിലൂടെയും (വാ. 7-9), ദാര്‍ശനിക അന്വേഷണത്തിലൂടെയും (വാ. 12-16) സന്തോഷം തേടി. അവന്റെ വിലയിരുത്തല്‍? ”എല്ലാം മായയും വൃഥാപ്രയത്‌നവും അത്രേ” (വാ. 17). ഇവയൊന്നും മരണം, ദുരന്തം, അനീതി എന്നിവയില്‍ നിന്ന് മുക്തമല്ല (5: 13-17).

സഭാപ്രസംഗിയുടെ എഴുത്തുകാരനെ നിരാശയില്‍ നിന്ന് തിരികെ കൊണ്ടുവരുന്നത് ഒരു കാര്യം മാത്രമാണ്. ജീവിതത്തിന്റെ പരീക്ഷണങ്ങള്‍ക്കിടയിലും, ദൈവം നമ്മുടെ ജീവിതത്തിന്റെയും പ്രവര്‍ത്തനത്തിന്റെയും ഭാഗമാകുമ്പോള്‍ നമുക്ക് സമ്പൂര്‍ത്തി കണ്ടെത്താനാകും: ”അവന്‍ നല്കിയിട്ടല്ലാതെ ആരു ഭക്ഷിക്കും, ആര് അനുഭവിക്കും?” (2:25). ജീവിതം ചിലപ്പോള്‍ അര്‍ത്ഥശൂന്യമായി അനുഭവപ്പെടും, പക്ഷേ ”നിന്റെ സ്രഷ്ടാവിനെ ഓര്‍ത്തുകൊള്ളുക” (12:1). ജീവിതം മനസ്സിലാക്കാന്‍ ശ്രമിച്ച് നിങ്ങള്‍ തളരരുത്, മറിച്ച് ”ദൈവത്തെ ഭയപ്പെട്ട് അവന്റെ കല്പനകളെ പ്രമാണിച്ചുകൊള്‍ക” (വാ. 13).

ദൈവം നമ്മുടെ കേന്ദ്രമായി മാറുന്നില്ലെങ്കില്‍, ജീവിതത്തിന്റെ ആനന്ദങ്ങളും സങ്കടങ്ങളും നിരാശയിലേക്കു മാത്രമേ നയിക്കുകയുള്ളൂ.