ഇംഗ്ലണ്ട് കീഴടങ്ങാന്‍ സാധ്യതയില്ലാതെ അമേരിക്കന്‍ വിപ്ലവം അവസാനിക്കുന്ന ഘട്ടം വന്നപ്പോള്‍, അനേക രാഷ്ട്രീയക്കാരും സൈനിക നേതാക്കളും ജനറല്‍ ജോര്‍ജ്ജ് വാഷിംഗ്ടണിനെ ഒരു പുതിയ രാജാവാക്കാന്‍ ശ്രമിച്ചു. സമ്പൂര്‍ണ്ണ അധികാരം കൈപ്പിടിയിലാകുമ്പോള്‍ വാഷിംഗ്ടണ്‍ തന്റെ വിമോചനത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും ആദര്‍ശങ്ങളില്‍ ഉറച്ചുനില്‍ക്കുമോ എന്ന് ലോകം ഉറ്റുനോക്കി ആശ്ചര്യപ്പെട്ടു. എന്നിരുന്നാലും ഇംഗ്ലണ്ടിലെ രാജാവ് ജോര്‍ജ്ജ് മൂന്നാമന് മറ്റൊരു യാഥാര്‍ത്ഥ്യം കണ്ടു. വാഷിംഗ്ടണ്‍ അധികാരത്തിനുള്ള സമ്മര്‍ദ്ദത്തെ ചെറുക്കുകയും തന്റെ വിര്‍ജീനിയയിലെ തന്റെ ഫാമിലേക്ക് മടങ്ങുകയും ചെയ്താല്‍ അദ്ദേഹം ”ലോകത്തിലെ ഏറ്റവും വലിയ മനുഷ്യന്” ആയിരിക്കുമെന്ന് അദ്ദേഹത്തിന് ബോധ്യപ്പെട്ടു. അധികാരത്തോടുള്ള മോഹത്തെ ചെറുക്കുന്നതില്‍ പ്രകടമാകുന്ന മഹത്വമാണ് യഥാര്‍ത്ഥ കുലീനതയുടെയും പ്രാധാന്യത്തിന്റെയും അടയാളമെന്ന് രാജാവിന് അറിയാമായിരുന്നു.
പൗലൊസ് ഇതേ സത്യം അറിയുകയും ക്രിസ്തുവിന്റെ താഴ്മയുടെ വഴി പിന്തുടരാന് നമ്മെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. യേശു ”ദൈവരൂപത്തില്‍” ആയിരുന്നിട്ടും, ”ദൈവത്തോടുള്ള സമത്വം മുറുകെ പിടിച്ചു കൊള്ളണം എന്ന് വിചാരിച്ചില്ല” (ഫിലിപ്പിയര്‍ 2:6). പകരം, അവന് തന്റെ അധികാരം അടിയറവെച്ച് ഒരു ‘ദാസനായി”, ‘തന്നെത്താന്‍
താഴ്ത്തി മരണത്തോളം … അനുസരണമുള്ളവനായിത്തീര്‍ന്നു” (വാ. 7-8). എല്ലാ അധികാരവും വഹിച്ചവന് സ്നേഹം നിമിത്തം അതിന്റെ ഓരോ ഭാഗവും അടിയറവെച്ചു.
എന്നിട്ടും, ആത്യന്തികമായി, ദൈവം ക്രിസ്തുവിനെ ഒരു കുറ്റവാളിയുടെ കുരിശില്‍ നിന്ന് ”ഏറ്റവും ഉയര്‍ത്തി” (വാ. 9). നമ്മുടെ സ്തുതി ആവശ്യപ്പെടാനോ അനുസരണമുള്ളവരായിരിക്കാന്‍ നമ്മെ നിര്‍ബന്ധിക്കാനോ കഴിയുന്ന യേശു, നമ്മുടെ ആരാധനയും ഭക്തിയും നേടത്തക്കനിലയില്‍ അവിശ്വസനീയമായ ഒരു പ്രവൃത്തിയിലൂടെ തന്റെ അധികാരം സമര്‍പ്പിച്ചു. ആത്യന്തിക താഴ്മയിലൂടെ, ലോകത്തെ കീഴ്മേല്‍ മറിച്ചുകൊണ്ട് യേശു തന്റെ യഥാര്‍ത്ഥ മഹത്വം വെളിപ്പെടുത്തി.
യേശുവിന്റെ താഴ്മയുടെ ആഴം നിങ്ങളെ എങ്ങനെയാണ് അത്ഭുതപ്പെടുത്തുന്നത്? മഹത്വത്തെക്കുറിച്ചുള്ള നിങ്ങളുടെ നിര്‍വചനം പുനര്‍വിചിന്തനം ചെയ്യാന്‍ അവിടുത്തെ താഴ്മ നിങ്ങളെ എങ്ങനെ പ്രേരിപ്പിക്കുന്നു?
യേശുവേ, അങ്ങയുടെ ഏറ്റവും പരിതാപകരവും അപമാനകരവും എന്നു തോന്നിയ നിമിഷത്തില്‍ അങ്ങു പ്രകടമാക്കിയ യഥാര്‍ത്ഥ ശക്തിയ്ക്കും മഹത്വത്തിനും അങ്ങേയ്ക്കു നന്ദി.