ഇന്തോനേഷ്യയിലെ സുലാവെസി ദ്വീപില്‍ നിന്ന് 125 കിലോമീറ്റര്‍ (ഏകദേശം 78 മൈല്‍) അകലെ നങ്കൂരമിട്ട ഒരു മത്സ്യബന്ധന കുടിലില്‍ ആല്‍ഡി എന്ന കൗമാരക്കാരന്‍ ഒറ്റയ്ക്ക് ജോലി ചെയ്യുകയായിരുന്നു. പെട്ടെന്ന് വീശിയടിച്ച ഒരു കാറ്റില്‍ കുടില്‍ കടലിലേക്കു തെറിച്ചു വീണു. നാല്‍പത്തിയൊമ്പത് ദിവസങ്ഹള്‍ ആല്‍ഡി സമുദ്രത്തില്‍ ഒഴുകി നടന്നു. ഓരോ തവണയും ഒരു കപ്പല്‍ കണ്ടെത്തുമ്പോള്‍, നാവികരുടെ ശ്രദ്ധ പിടിച്ചുപറ്റാന്‍ അവന്‍ വിളക്ക് തെളിച്ചു, പക്ഷേ നിരാശനായി. ശരിയായി ആഹാരം കഴിക്കാതെ അവശനായ കൗമാരക്കാരനെ ഒടുവില്‍ രക്ഷപ്പെടുത്തുമ്പോഴേക്ക് പത്തോളം കപ്പലുകള്‍ അവനെ കടന്നുപോയിരുന്നു.

രക്ഷിപെടുത്തേണ്ട ഒരാളെക്കുറിച്ച് ഒരു ഉപമ യേശു ”ന്യായപ്രമാണ ശാസ്ത്രിയോട്’ (ലൂക്കൊസ് 10:25) പറഞ്ഞു. രണ്ടുപേര്‍ – ഒരു പുരോഹിതനും ലേവ്യനും – യാത്ര ചെയ്യുന്നതിനിടയില്‍ പരിക്കേറ്റ ഒരാളെ കണ്ടു. അവനെ സഹായിക്കുന്നതിനുപകരം, ഇരുവരും ”മാറി കടന്നുപോയി” (വാ. 31-32). എന്തുകൊണ്ടാണെന്ന് നമ്മോട് പറഞ്ഞിട്ടില്ല. ഇരുവരും മതവിശ്വാസികളായിരുന്നു, അയല്‍ക്കാരനെ സ്‌നേഹിക്കാനുള്ള ദൈവത്തിന്റെ നിയമത്തെക്കുറിച്ച് അവര്‍ക്കറിയാമായിരുന്നു (ലേവ്യപുസ്തകം 19:17-18). ഇത് വളരെ അപകടകരമാണെന്ന് അവര്‍ കരുതിയിരിക്കാം. അല്ലെങ്കില്‍ ഒരുപക്ഷേ, മൃതദേഹങ്ങള്‍ സ്പര്‍ശിക്കുന്നതിനെക്കുറിച്ചുള്ള യഹൂദ നിയമങ്ങള്‍ ലംഘിച്ച് ആചാരപരമായി അശുദ്ധരായാല്‍ ആലയത്തില്‍ ശുശ്രൂഷിക്കാന്‍ കഴിയാതെവരും എന്ന് അവര്‍ ചിന്തിച്ചിരിക്കാം. ഇതിനു വിപരീതമായി, യഹൂദന്മാരാല്‍ നിന്ദിക്കപ്പെട്ട ഒരു ശമര്യക്കാരന്‍ മാന്യമായി പ്രവര്‍ത്തിച്ചു. ആവശ്യത്തലിരിക്കുന്ന മനുഷ്യനെ അവന്‍ കണ്ടു, നിസ്വാര്‍ത്ഥനായി അവനെ ശുശ്രൂഷിച്ചു.

തന്റെ അനുയായികള്‍ ”പോയി അങ്ങനെ തന്നേ ചെയ്യുക” (ലൂക്കൊസ് 10:37) എന്ന കല്‍പ്പനയോടെ യേശു തന്റെ പഠിപ്പിക്കല്‍ ഉപസംഹരിച്ചു. മറ്റുള്ളവരെ സഹായിക്കാനായി സ്‌നേഹത്തില്‍ അവരെ സമീപിക്കുന്നതിനുവേണ്ടി നഷ്ടം സഹിക്കാനുള്ള മനസ്സ് ദൈവം നമുക്കു നല്‍കട്ടെ.