അര്‍ദ്ധരാത്രിയില്‍, ഒരു സഭാംഗത്തിന്റെ വീട്ടിലേക്ക് വരാന്‍ പാസ്റ്റര്‍ സാമുവലിന് ഒരു സന്ദേശം ലഭിച്ചു. അവിടെ എത്തിയപ്പോള്‍ ഒരു വീടിനെ അഗ്നി വിഴുങ്ങുന്നതു കണ്ടു. പിതാവിനു പൊള്ളലേറ്റിരുന്നുവെങ്കിലും തന്റെ മക്കളില്‍ ഒരാളെ രക്ഷപ്പെടുത്താനായി വീട്ടിലേക്കു കയറി അബോധാവസ്ഥയിലായ മകളുമായി പുറത്തുവന്നിരുന്നു. ഈ ഗ്രാമീണ മേഖലയില്‍ ആശുപത്രി 10 കിലോമീറ്റര്‍ അകലെയായിരുന്നു. ഗതാഗത സൗകര്യങ്ങളില്ലാത്തതിനാല്‍, പാസ്റ്ററും പിതാവും കുട്ടിയുമായി ആശുപത്രിയിലേക്ക് ഓടാന്‍ തുടങ്ങി. അവരില്‍ ഒരാള്‍ പരിക്കേറ്റ പെണ്‍കുട്ടിയെ ചുമന്നു മടുക്കുമ്പോള്‍ മറ്റൊരാള്‍ ഏറ്റെടുത്തു. അവര്‍ ഒന്നിച്ച് യാത്ര നടത്തി; പിതാവിനും മകള്‍ക്കും ചികിത്സ നല്കി പൂര്‍ണമായി സുഖം പ്രാപിച്ചു.
പുറപ്പാട് 17:8-13 ല്‍ യഹോവ ഒരു മഹത്തായ വിജയം പ്ലാന്‍ ചെയ്തു. അതില്‍ യുദ്ധക്കളത്തില്‍ പോരാളികളെ നയിച്ച യോശുവയും; ദൈവത്തിന്റെ വടി പിടിച്ച് കൈകള്‍ ഉയര്‍ത്തിപ്പിടിച്ച മോശെയും ഉള്‍പ്പെടുന്നു. മോശെയുടെ കൈകള്‍ തളര്‍ന്നപ്പോള്‍, സൂര്യന് അസ്തമിക്കുന്നതുവരെയും ശത്രുവിനെ പരാജയപ്പെടുത്തുന്നതുവരെയും അഹരോനും ഹൂരും അവന്റെ കൈകള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ സഹായിച്ചു.
പരസ്പരാശ്രയത്വത്തിന്റെ മൂല്യം ഒരിക്കലും കുറച്ചുകാണാന്‍ കഴിയില്ല. ദൈവം തന്റെ ദയയില്‍ പരസ്പര നന്മയ്ക്കായി തന്റെ ഏജന്റായി ആളുകളെ കൃപയോടെ നല്കുന്നു. കേള്‍ക്കുന്ന ചെവികളും സഹായിക്കുന്ന കൈകളും; ജ്ഞാനമുള്ളതും ആശ്വസിപ്പിക്കുന്നതും തിരുത്തുന്നതുമായ വാക്കുകള്‍ – ഇവയും മറ്റ് വിഭവങ്ങളും നമ്മിലേക്കും നമ്മിലൂടെ മറ്റുള്ളവരിലേക്കും വരുന്നു. നാം ഒരുമിച്ച് വിജയിക്കുകയും ദൈവത്തിന് മഹത്വം ലഭിക്കുകയും ചെയ്യുന്നു!
നിങ്ങളുടെ ജീവിതത്തിലെ ഏത് സമയത്താണ് മറ്റുള്ളവരുടെ പിന്തുണയില്‍ നിന്ന് നിങ്ങള്‍ക്ക് പ്രയോജനം ലഭിച്ചത്? ആരുടെ ജീവിതത്തിലെ ഈ കാലയളവില്‍ ആണ് നിങ്ങള്‍ അവരോടൊപ്പം ഓടേണ്ടത് ആവശ്യമായിരിക്കുന്നത്്?
പിതാവേ, എന്റെ ജീവിതത്തില്‍ അങ്ങ് കൃപയോടെ നല്കിയവര്ക്കും അങ്ങയുടെ മഹത്വത്തിനും ഞങ്ങളുടെ പരസ്പര നന്മയ്ക്കും വേണ്ടി ജീവിതം പങ്കിടാന്‍ അങ്ങ് എന്നെ അനുവദിച്ചവര്‍ക്കും നന്ദി.