പതിനേഴാം നൂറ്റാണ്ടിലെ തത്ത്വചിന്തകനായ തോമസ് ഹോബ്സ്, മനുഷ്യജീവിതം അതിന്റെ സ്വാഭാവിക അവസ്ഥയില്‍ ”ഏകാന്തവും ദരിദ്രവും നീചവും ക്രൂരവും ഹ്രസ്വവുമാണ്” എന്ന പ്രസിദ്ധമായ വാചകം എഴുതി. മറ്റുള്ളവരുടെ മേല്‍ ആധിപത്യം നേടാനുള്ള ശ്രമത്തില്‍ യുദ്ധത്തിലേക്കു നീങ്ങുന്നതാണ് നമ്മുടെ സഹജാവബോധം അദ്ദേഹം വാദിച്ചു; അതിനാലാണ് ക്രമസമാധാന പാലനത്തിന് സ്ഥാപിത സര്‍ക്കാര്‍ ആവശ്യമായിരിക്കുന്നത്.
”എനിക്കു മുമ്പേ വന്നവര്‍ ഒക്കെയും കള്ളന്മാരും കവര്‍ച്ചക്കാരും അത്രേ” (യോഹന്നാന് 10:8) എന്ന് യേശു പറഞ്ഞപ്പോള്‍ മനുഷ്യരാശിയുടെ ഇരുണ്ട കാഴ്ചപ്പാട് വിശദീകരിക്കുന്നു. എന്നാല്‍ നിരാശയുടെ മദ്ധ്യേ യേശു പ്രത്യാശ നല്കുന്നു. ”മോഷ്ടിക്കുവാനും അറുക്കുവാനും മുടിക്കുവാനും അല്ലാതെ, കള്ളന് വരുന്നില്ല” എന്നാല്‍ ഒരു സന്തോഷവാര്‍ത്ത: ”അവര്‍ക്കു ജീവന് ഉണ്ടാകുവാനും സമൃദ്ധിയായി ഉണ്ടാകുവാനും അത്രേ ഞാന്‍ വന്നിരിക്കുന്നത്” (വാ. 10).
23-ാം സങ്കീര്‍ത്തനം നമ്മുടെ ഇടയന് നല്കുന്ന ജീവിതത്തിന്റെ ഉന്മേഷകരമായ ഒരു ചിത്രം വരയ്ക്കുന്നു. അവനില്‍, നമുക്ക് ‘മുട്ടുണ്ടാകയില്ല” (വാ. 1) പ്രാണനെ തണുപ്പിക്കുന്നു (വാ. 3). അവിടുത്തെ പരിപൂര്‍ണ്ണ ഹിതത്തിന്റെ ശരിയായ പാതകളിലേക്ക് അവന് നമ്മെ നയിക്കുന്നു, അതിനാല്‍ നാം ഇരുണ്ട കാലത്തെ അഭിമുഖീകരിക്കുമ്പോഴും നാം ഭയപ്പെടേണ്ടതില്ല. നമ്മെ ആശ്വസിപ്പിക്കാന്‍ അവിടുന്ന് സന്നിഹിതനാണ് (വാ. 3-4). പ്രതികൂല സാഹചര്യങ്ങളില്‍ അവന് നമ്മെ വിജയിപ്പിക്കുകയും അനുഗ്രഹങ്ങളാല്‍ നമ്മെ നിറയ്ക്കുകയും ചെയ്യുന്നു (വാ. 5). അവന്റെ നന്മയും സ്നേഹവും അനുദിനം നമ്മെ അനുഗമിക്കുന്നു, അവിടുത്തെ സാന്നിധ്യത്തിന്റെ പദവി എന്നേക്കും നമുക്കുണ്ട് (വാ. 6).
ഇടയന്റെ ആഹ്വാനത്തിന് ഉത്തരം നല്‍കുകയും അവിടുന്ന് നമുക്ക് നല്‍കാനായി വന്ന സമ്പന്നവും സമൃദ്ധവുമായ ജീവിതം അനുഭവിക്കുകയും ചെയ്യട്ടെ.
യേശു നല്കാന് വന്ന ജീവിതത്തെ നിങ്ങള്‍ എങ്ങനെ വിവരിക്കും? നിങ്ങള്‍ക്ക് എങ്ങനെ ഈ ജീവിതം മറ്റുള്ളവരുമായി പങ്കിടാനാകും?
യേശുവേ, അങ്ങ് സമൃദ്ധവും പൂര്‍ണ്ണമായതുമായ യഥാര്‍ത്ഥ ജീവിതത്തിന്റെ ഉറവിടമാണ്. അങ്ങയില്‍ മാത്രം എന്റെ പൂര്‍ണ്ണത തേടാന്‍ എന്നെ സഹായിക്കണമേ.