ലീല ക്യാന്‍സര്‍ ബാധിച്ച് മരിച്ചുകൊണ്ടിരിക്കുകയായിരുന്നു, സ്‌നേഹവാനായ ഒരു ദൈവം തന്റെ ഭാര്യയെ കഷ്ടപ്പെടുത്തുന്നത് എന്തുകൊണ്ടാണെന്ന് ഭര്‍ത്താവ് തിമോത്തിക്ക് മനസ്സിലായില്ല. ഒരു ബൈബിള്‍ അദ്ധ്യാപികയായും അനേകര്‍ക്ക് ഉപദേഷ്ടാവായും അവള്‍ അവനെ വിശ്വസ്തതയോടെ സേവിച്ചിരുന്നു. ”എന്തുകൊണ്ടാണ് അങ്ങ് ഇത് സംഭവിക്കാന്‍ അനുവദിച്ചത്?” അവന്‍ കരഞ്ഞു. എന്നിട്ടും തിമോത്തി ദൈവത്തോടുള്ള ബന്ധത്തില്‍ വിശ്വസ്തനായി തുടര്‍ന്നു.

”എന്നിട്ടും നിങ്ങള്‍ ഇപ്പോഴും ദൈവത്തില്‍ വിശ്വസിക്കുന്നത് എന്തുകൊണ്ടാണ്?” ഞാന്‍ അയാളോട് തുറന്നു ചോദിച്ചു. ‘അവനില്‍ നിന്ന് പിന്തിരിയുന്നതില്‍ നിന്ന് നിങ്ങളെ തടയുന്നതെന്താണ്?”

”മുമ്പ് സംഭവിച്ചതു നിമിത്തം,” തിമോത്തി മറുപടി പറഞ്ഞു. ഇപ്പോള്‍ ദൈവത്തെ ”കാണാന്‍” കഴിയാത്തപ്പോള്‍, ദൈവം തന്നെ സഹായിക്കുകയും സംരക്ഷിക്കുകയും ചെയ്ത സമയങ്ങളെക്കുറിച്ച് അയാള്‍ ഓര്‍ത്തു. ദൈവം ഇപ്പോഴും തന്റെ കുടുംബത്തെ പരിപാലിക്കുന്നു എന്നതിന്റെ അടയാളങ്ങളായിരുന്നു അവ. ”ഞാന്‍ വിശ്വസിക്കുന്ന ദൈവം സ്വന്തം വഴിയിലൂടെ കടന്നുവരുമെന്ന് ഞാന്‍ അറിയുന്നു,” അയാള്‍ പറഞ്ഞു.

തിമോത്തിയുടെ വാക്കുകള്‍ യെശയ്യാവ് 8:17-ലെ യെശയ്യാവിന്റെ വിശ്വാസപ്രകടനത്തെ പ്രതിധ്വനിക്കുന്നു. തന്റെ ആളുകള്‍ ശത്രുക്കളില്‍ നിന്നുള്ള ആപത്തുകള്‍ നേരിടുന്ന സമയത്ത് ദൈവസാന്നിദ്ധ്യം അനുഭവിക്കാന്‍ കഴിയാത്തപ്പോള്‍ പോലും, അവന്‍ ‘കര്‍ത്താവിനായി കാത്തിരിക്കും.” അവിടുത്തെ സാന്നിധ്യത്തെക്കുറിച്ച് അവന്‍ നല്‍കിയ അടയാളങ്ങള്‍ നിമിത്തം അവന്‍ ദൈവത്തില്‍ വിശ്വസിച്ചു (വാ. 18).

നമ്മുടെ കഷ്ടങ്ങളില്‍ ദൈവം നമ്മോടൊപ്പമില്ലെന്ന് തോന്നിയേക്കാവുന്ന സന്ദര്‍ഭങ്ങളുണ്ട്. നമ്മുടെ ജീവിതത്തില്‍ ഭൂതകാലത്തിലും വര്‍ത്തമാനകാലത്തും അവിടുന്നു ചെയ്തതും ചെയ്യുന്നതുമായി നമുക്ക് കാണാന്‍ കഴിയുന്ന പ്രവൃത്തികളില്‍ നാം ആശ്രയിക്കുന്നത് അപ്പോഴാണ്. അവ ഒരു അദൃശ്യ ദൈവത്തിന്റെ – എപ്പോഴും നമ്മോടൊപ്പമുള്ളവനും അവന്റെ സമയത്തിലും രീതിയിലും ഉത്തരം നല്‍കുന്നവനുമായ ഒരു ദൈവം – ദൃശ്യമായ ഓര്‍മ്മപ്പെടുത്തലാണ്.