ആ മനുഷ്യന്‍ വീണ്ടെടുപ്പിനപ്പുറത്താണെന്നു തോന്നി. അയാളുടെ കുറ്റകൃത്യങ്ങളില്‍ എട്ട് വെടിവയ്പുകളും (ആറ് പേര്‍ കൊല്ലപ്പെട്ടു) 1970 കളില്‍ ന്യൂയോര്‍ക്ക് നഗരത്തെ ഭയപ്പെടുത്തുന്ന 1,500 ഓളം തീപിടുത്തങ്ങള്‍ക്കു കാരണമായതും ഉള്‍പ്പെടുന്നു. കുറ്റകൃത്യം നടത്തിയ സ്ഥലത്ത് പോലീസിനെ നിന്ദിച്ചുകൊണ്ട് അയാള്‍ കത്തുകള്‍ നിക്ഷേപിച്ചിരുന്നു. ഒടുവില്‍ അയാളെ പിടികൂടുകയും ഓരോ കൊലപാതകത്തിനും തുടര്‍ച്ചയായി ഇരുപത്തിയഞ്ച് വര്‍ഷം വീതം ജീവപര്യന്തം തടവ് ശിക്ഷ ലഭിക്കുകയും ചെയ്തു.

എന്നിട്ടും ദൈവം ഈ മനുഷ്യന്റെ അടുത്തെത്തി. ഇന്ന് അവന്‍ ക്രിസ്തുവിലുള്ള ഒരു വിശ്വാസിയാണ്, അവന്‍ ദിവസവും തിരുവെഴുത്തുകളില്‍ സമയം ചെലവഴിക്കുകയും ഇരകളുടെ കുടുംബങ്ങളോട് അഗാധമായ ഖേദം പ്രകടിപ്പിക്കുകയും അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. നാലു പതിറ്റാണ്ടിലേറെ ജയിലില്‍ കിടന്നിട്ടുണ്ടെങ്കിലും, വീണ്ടെടുപ്പിനപ്പുറത്താണെന്നു തോന്നിയ ഈ മനുഷ്യന്‍ ദൈവത്തില്‍ പ്രത്യാശ കണ്ടെത്തി, ”എന്റെ സ്വാതന്ത്ര്യം ഒരൊറ്റ വാക്കില്‍ കണ്ടെത്തി: യേശു” എന്നയാള്‍ പറയുന്നു.

സാധ്യതയില്ലാത്ത മറ്റൊരു മാനസാന്തരത്തെക്കുറിച്ച് തിരുവെഴുത്ത് പറയുന്നു. ഉയിര്‍ത്തെഴുന്നേറ്റ ക്രിസ്തുവിനെ ദമാസ്‌കൊസിലേക്കുള്ള യാത്രയില്‍ കണ്ടുമുട്ടുന്നതിനുമുമ്പ്, ശൗല്‍ (പിന്നീട് അപ്പൊസ്തലനായ പൗലൊസ് ആയി) ”കര്‍ത്താവിന്റെ ശിഷ്യന്മാരുടെ നേരെ ഭീഷണിയും കൊലയും നിശ്വസിക്കുകയായിരുന്നു” (പ്രവൃത്തികള്‍ 9:1). എന്നിട്ടും പൗലൊസിന്റെ ഹൃദയവും ജീവിതവും യേശുവിനാല്‍ രൂപാന്തരപ്പെട്ടു (വാ. 17-18), ചരിത്രത്തിലെ ഏറ്റവും ശക്തനായ സാക്ഷികളില്‍ ഒരാളായി അദ്ദേഹം മാറി . ഒരിക്കല്‍ ക്രിസ്ത്യാനികളുടെ മരണത്തിന് ഗൂഢാലോചന നടത്തിയ മനുഷ്യന്‍ സുവിശേഷത്തിന്റെ പ്രത്യാശ പ്രചരിപ്പിക്കുന്നതിനായി തന്റെ ജീവിതം സമര്‍പ്പിച്ചു.

വീണ്ടെടുപ്പ് എപ്പോഴും ദൈവത്തിന്റെ അത്ഭുതകരമായ പ്രവൃത്തിയാണ്. ചില കഥകള്‍ കൂടുതല്‍ നാടകീയമാണ്, എന്നാല്‍ അന്തര്‍ലീനമായ സത്യം അതേപടി നിലനില്‍ക്കുന്നു: നമ്മില്‍ ആരും അവന്റെ പാപമോചനത്തിന് അര്‍ഹരല്ല, എന്നിട്ടും യേശു ശക്തനായ ഒരു രക്ഷകനാണ്! അവന്‍ ‘താന്‍ മുഖാന്തരമായി ദൈവത്തോട് അടുക്കുന്നവരെ പൂര്‍ണ്ണമായും രക്ഷിക്കുന്നു’ (എബ്രായര്‍ 7:25).