എന്റെ ഭര്‍ത്താവിന്റെ സഹോദരന് ഏകദേശം 2000 കിലോമീറ്റര്‍ അകലെയാണ് താമസിക്കുന്നത്, അദ്ദേഹത്തിന്റെ നര്‍മ്മബോധവും ദയയുള്ള ഹൃദയവും കാരണം അദ്ദേഹം എല്ലായ്പ്പോഴും കുടുംബത്തിലെ പ്രിയപ്പെട്ട അംഗമാണ്. എന്നിരുന്നാലും, അമ്മയുടെ കണ്ണുകളില്‍ അദ്ദേഹത്തിനുള്ള പ്രിയപ്പെട്ട പദവിയെക്കുറിച്ച് അദ്ദേഹത്തിന്റെ സഹോദരങ്ങള്‍ നല്ല അര്‍ത്ഥത്തില്‍ തമാശ പറയുന്നത് ഞാന്‍ ഓര്‍ക്കാറുണ്ട്. വര്‍ഷങ്ങള്‍ക്കുമുമ്പ്, ”ഞാന്‍ അമ്മയുടെ പ്രിയപ്പെട്ടവന്” എന്നെഴുതിയ ഒരു ടീ-ഷര്‍ട്ട് അവര്‍ അദ്ദേഹത്തിനു സമ്മാനിക്കുകപോലുമുണ്ടായി. സഹോദരങ്ങളുടെ ഇത്തരത്തിലുള്ള ബാലിശത നാമെല്ലാവരും ആസ്വദിക്കുന്നു എന്നതു ശരിയാണെങ്കിലും യഥാര്‍ത്ഥ പക്ഷപാതം തമാശയല്ല.
ഉല്പത്തി 37-ല്‍, യോസേഫിന് ഒരു ബഹുവര്‍ണ്ണ അങ്കി ഉണ്ടാക്കിക്കൊടുത്ത യാക്കോബിനെക്കുറിച്ച് നാം വായിക്കുന്നു – യോസേഫ് പ്രത്യേകതയുള്ളവനാണെന്ന് മറ്റു മക്കള്‍ക്കു സൂചന നല്‍കുന്നതായിരുന്നു അത് (വാ. 3). ”യോസഫ് എന്റെ പ്രിയപ്പെട്ട മകനാണ്” എന്നാണ് കോട്ടിന്റെ സന്ദേശം വിളിച്ചുപറഞ്ഞത്.
പക്ഷപാതം പ്രകടിപ്പിക്കുന്നത് ഒരു കുടുംബം ദുര്‍ബലമാകുവാന്‍ കാരണമാകാം. യാക്കോബിന്റെ മാതാവായ റിബേക്ക തന്റെ മകന് ഏശാവിനെക്കാള്‍ അധികം അവനെ അനുകൂലിച്ചത്്, രണ്ടു സഹോദരന്മാര് തമ്മിലുള്ള കലഹത്തിലേക്ക് നയിച്ചു (25:28). യാക്കോബ് ഭാര്യ ലേയയെക്കാള്‍ ഭാര്യ റാഹേലിനോടു (യോേസഫിന്റെ അമ്മ) പക്ഷപാതം കാണിച്ചതുകൊണ്ട് വിയോജിപ്പും ഹൃദയവേദനയും ഭവനത്തില്‍ നിലനിന്നു (29: 30-31). യോസേഫിന്റെ സഹോദരന്മാര്ക്ക് ഇളയ സഹോദരനെ പുച്ഛിക്കാനും കൊലപാതകത്തിന് ഗൂഢാലോചന നടത്താനുമുള്ള അനാരോഗ്യകരമായ അടിത്തറയായിരുന്നു ഈ മാതൃക എന്നതില്‍ സംശയമില്ല (37:18).
നമ്മുടെ ബന്ധങ്ങളുടെ കാര്യം വരുമ്പോള്‍, വസ്തുനിഷ്ഠമായി പെരുമാറുന്നത് ചിലപ്പോള്‍ ബുദ്ധിമുട്ടായേക്കാം. എന്നാല്‍ നമ്മുടെ ലക്ഷ്യം എല്ലാവരോടും പക്ഷപാതരഹിതമായി പെരുമാറുക, നമ്മുടെ സ്വര്‍ഗ്ഗീയ പിതാവ് നമ്മെ സ്നേഹിക്കുന്നതുപോലെ നമ്മുടെ ജീവിതത്തിലെ ഓരോ വ്യക്തിയെയും സ്നേഹിക്കുക എന്നതായിരിക്കണം (യോഹന്നാന് 13:34).
പക്ഷപാതം കാണിക്കാന്‍ നിങ്ങള്‍ എപ്പോഴാണ് പരീക്ഷിക്കപ്പെട്ടത്? എല്ലാവരോടും തുല്യമായി പെരുമാറാന്‍ ദൈവം നിങ്ങളെ എങ്ങനെയാണു സഹായിക്കുന്നത്?
സ്നേഹവാനായ ദൈവമേ, മറ്റുള്ളവരുമായി ഇടപഴകുമ്പോള്‍ അനാരോഗ്യകരമായ മുന്‍ഗണനകള്‍ കാണിക്കുന്നത് ഒഴിവാക്കാന്‍ എന്നെ സഹായിക്കണമേ. അങ്ങു കാണുന്നതുപോലെ മറ്റുള്ളവരെ കാണാനും എല്ലാവരോടും നീതിയോടെയും പക്ഷപാതമില്ലാതെയും പെരുമാറാനും എന്നെ സഹായിക്കണമേ.