ഒരു രാജകുടുംബത്തിലെ ഒരാള്‍ സിംഹാസനത്തോട് കൂടുതല്‍ അടുക്കുന്നതനുസരിച്ച് പൊതുജനം അവനെക്കുറിച്ചോ അവളെക്കുറിച്ചോ കൂടുതല്‍ കേള്‍ക്കുന്നു. മറ്റുള്ളവരെ ഏറെക്കുറെ മററക്കുന്നു. ബ്രിട്ടീഷ് രാജകുടുംബത്തിന് അറുപതോളം പേര് ഉള്‍പ്പെടുന്ന അനന്തരാവകാശികളുടെ ഒരു നിരയുണ്ട്. അതിലൊരാളാണ് സിംഹാസനത്തിനായി നാല്പത്തിയൊമ്പതാം സ്ഥാനത്തുള്ള ഫ്രെഡറിക് വിന്‍ഡ്സര്‍ പ്രഭു. വെള്ളിവെളിച്ചത്തിലേക്കു വരുന്നതിനുപകരം അദ്ദേഹം നിശബ്ദമായി തന്റെ ജീവിതം നയിക്കുന്നു. അദ്ദേഹം ഒരു ഫിനാന്‍ഷ്യല്‍ അനലിസ്റ്റായി പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും, അദ്ദേഹത്തെ ”ജോലി ചെയ്യുന്ന രാജകുടുംബാംഗം” ആയി കണക്കാക്കുന്നില്ല. കുടുംബത്തെ പ്രതിനിധീകരിക്കുന്നതിന് പ്രതിഫലം ലഭിക്കുന്ന പ്രധാന കുടുംബാംഗങ്ങളില്‍ ഒരാളാണദ്ദേഹം.
ദാവീദിന്റെ മകന് നാഥാന് (2 ശമൂവേല്‍ 5:14) പ്രശസ്തിക്കു പുറത്ത് നിശബ്ദ ജീവിതം നയിച്ച മറ്റൊരു രാജകുടുംബാംഗം ആണ്. അവനെക്കുറിച്ച് വളരെക്കുറച്ചേ അറിയൂ. മത്തായിയിലെ യേശുവിന്റെ വംശാവലിയില്‍ അവന്റെ മകന് ശലോമോനെക്കുറിച്ച് പരാമര്‍ശിക്കുന്നു (യോസേഫിന്റെ വംശാവലി, മത്തായി 1:6), മറിയയുടെ കുടുംബരേഖയാണെന്ന് പല പണ്ഡിതന്മാരും വിശ്വസിക്കുന്ന ലൂക്കൊസിന്റെ വംശാവലി, നാഥാനെ പരാമര്‍ശിക്കുന്നു (ലൂക്കൊസ് 3:31). നാഥാന് ഒരു ചെങ്കോല്‍ പിടിച്ചിരുന്നില്ലെങ്കിലും, ദൈവത്തിന്റെ നിത്യരാജ്യത്തില്‍ അവന് ഒരു പങ്കുണ്ട്.
ക്രിസ്തുവിലുള്ള വിശ്വാസികളെന്ന നിലയില്‍, നാമും രാജകീയരാണ്. ”ദൈവമക്കളാകാനുള്ള അധികാരം” ദൈവം നമുക്കു നല്കി എന്ന് അപ്പൊസ്തലനായ യോഹന്നാന് എഴുതി (യോഹന്നാന് 1:12). നമ്മള് ശ്രദ്ധിക്കപ്പെടുന്നില്ലെങ്കിലും നമ്മള് രാജാവിന്റെ മക്കളാണ്! ഭൂമിയില്‍ അവനെ പ്രതിനിധാനം ചെയ്യാനും ഒരു ദിവസം അവനോടൊപ്പം വാഴാനും ദൈവം നമ്മില്‍ ഓരോരുത്തരെയും പ്രാധാന്യമുള്ളവരായി തിരഞ്ഞെടുത്തു (2 തിമൊഥെയൊസ് 2:11-13). നാഥാനെപ്പോലെ, നാമും ഭൗമിക കിരീടം ധരിക്കണമെന്നില്ല, പക്ഷേ നമുക്കിപ്പോഴും ദൈവരാജ്യത്തില്‍ ഒരു പങ്കു വഹിക്കാനുണ്ട്.
നിങ്ങള്‍ രാജകീയ കുടുംബാംഗമാണെന്ന് അറിയുന്നത് - ദൈവത്തിന്റെ പൈതല്‍ - നിങ്ങള്‍ക്ക് എങ്ങനെയാണ് തോന്നുന്നത്? രാജാവിന്റെ പൈതലെന്ന നിലയില്‍, നിങ്ങളുടെ ചുറ്റുമുള്ള ആളുകളോടുള്ള നിങ്ങളുടെ ഉത്തരവാദിത്തമായി നിങ്ങള്‍ കാണുന്നത് എന്താണ്?
സ്വര്‍ഗ്ഗീയ പിതാവേ, എന്നെ അങ്ങയുടെ നിത്യ കുടുംബത്തിലേക്ക് സ്വീകരിച്ചതില്‍ ഞാന്‍ നന്ദിയുള്ളവനാണ്.