സഭയോടുള്ള ബന്ധത്തില്‍ മോഹഭംഗം നേരിട്ടവനും നിരാശനുമായ പതിനേഴു വയസ്സുകാരനായ തോമസ് ഉത്തരങ്ങള്‍ തേടി വര്‍ഷങ്ങളോളം നീണ്ട അന്വേഷണം ആരംഭിച്ചു. എന്നാല്‍ അവന്‍ പര്യവേക്ഷണം ചെയ്തതൊന്നും അവന്റെ ആഗ്രഹങ്ങളെ തൃപ്തിപ്പെടുത്തുകയോ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുകയോ ചെയ്തില്ല.

അവന്റെ യാത്ര അവനെ മാതാപിതാക്കളുമായി കൂടുതല്‍ അടുപ്പിച്ചു. എന്നിട്ടും അവന് ക്രിസ്ത്യാനിത്വവുമായി പ്രശ്നങ്ങളുണ്ടായിരുന്നു. ഒരു ചര്‍ച്ചയ്ക്കിടെ അവന്‍ ആക്രോശിച്ചു, ”ബൈബിളില്‍ മുഴുവനും പൊള്ളയായ വാഗ്ദാനങ്ങളാണ്.”

മറ്റൊരു മനുഷ്യന്‍ നിരാശയും കഠിന യാതനകളും നേരിട്ടു, അത് തന്റെ സംശയങ്ങള്‍ക്ക് ആക്കം കൂട്ടി. എന്നാല്‍ തന്നെ കൊല്ലാന്‍ ശ്രമിച്ച ശത്രുക്കളില്‍ നിന്ന് ദാവീദ് ഓടിപ്പോയപ്പോള്‍, അവന്റെ പ്രതികരണം ദൈവത്തില്‍ നിന്ന് ഓടിപ്പോകുകയല്ല, അവനെ സ്തുതിക്കുക എന്നതായിരുന്നു. ”എനിക്കു യുദ്ധം നേരിട്ടാലും ഞാന്‍ നിര്‍ഭയനായിരിക്കും,” അവന്‍ പാടി (സങ്കീര്‍ത്തനം 27:3).

എന്നിട്ടും ദാവീദിന്റെ കവിത ഇപ്പോഴും സംശയത്തെ സൂചിപ്പിക്കുന്നു. ”എന്നോടു കൃപചെയ്ത് എനിക്കുത്തരമരുളണമേ” (വാ. 7) എന്ന അവന്റെ നിലവിളി ഭയവും ചോദ്യങ്ങളും ഉള്ള ഒരു മനുഷ്യനെപ്പോലെയാണ്. ”നിന്റെ മുഖം എനിക്കു മറയ്ക്കരുതേ,” ദാവീദ് അപേക്ഷിച്ചു. ”അടിയനെ കോപത്തോടെ നീക്കിക്കളയരുതേ” (വാ. 9).

എന്നിരുന്നാലും തന്റെ സംശയം തന്നെ തളര്‍ത്താന്‍ ദാവീദ് അനുവദിച്ചില്ല. ആ സംശയങ്ങളില്‍പ്പോലും, ‘ഞാന്‍ ജീവനുള്ളവരുടെ ദേശത്തു യഹോവയുടെ നന്മ കാണുമെന്ന്’ ദാവീദ് പറയുന്നു (വാ. 13). എന്നിട്ട് അവന്‍ തന്റെ വായനക്കാരെ ഇപ്രകാരം അഭിസംബോധന ചെയ്തു – നിങ്ങളെയും എന്നെയും ഈ ലോകത്തിലെ തോമസിനെയും: ‘യഹോവയിങ്കല്‍ പ്രത്യാശവയ്ക്കുക; ധൈര്യപ്പെട്ടിരിക്കുക; നിന്റെ ഹൃദയം ഉറച്ചിരിക്കട്ടെ; അതേ, യഹോവയിങ്കല്‍ പ്രത്യാശവയ്ക്കുക’ (വാ. 14).

നമ്മുടെ വലിയ ചോദ്യങ്ങള്‍ക്ക് വേഗമേറിയതും ലളിതവുമായ ഉത്തരങ്ങള്‍ നാം കണ്ടെത്തിയെന്നു വരില്ല. എന്നാല്‍ വിശ്വസിക്കാന്‍ കഴിയുന്ന ഒരു ദൈവത്തെ – നാം അവനുവേണ്ടി കാത്തിരിക്കുമ്പോള്‍ – നാം കണ്ടെത്തും.