”പപ്പാ ജോണ്‍” എന്നറിയപ്പെട്ടിരുന്ന ഒരാള്‍ തനിക്ക് ഗുരുതരമായ ക്യാന്‍സര്‍ ആണെന്ന് അറിഞ്ഞപ്പോള്‍, അദ്ദേഹവും ഭാര്യ കരോളും അവരുടെ രോഗത്തിന്റെ നാള്‍വഴി ഓണ്‍ലൈനില്‍ പങ്കിടാന്‍ ദൈവം അവരോടു പറയുന്നതായി മനസ്സിലാക്കി. അവരുടെ സുതാര്യതയിലൂടെ ദൈവം അനേകരെ ശുശ്രൂഷിക്കും എന്നു വിശ്വസിച്ചുകൊണ്ട് അവര്‍ തങ്ങളുടെ സന്തോഷത്തിന്റെയും ദുഃഖത്തിന്റെയും വേദനയുടെയും നിമിഷങ്ങള്‍ രണ്ടു വര്‍ഷത്തോളം പോസ്റ്റ് ചെയ്തുകൊണ്ടിരുന്നു.

തന്റെ ഭര്‍ത്താവ് ”യേശുവിന്റെ വിരിക്കപ്പെട്ട കൈകളിലേക്ക് കടന്നുപോയി” എന്ന് കരോള്‍ എഴുതിയപ്പോള്‍, നൂറുകണക്കിന് ആളുകള്‍ അവരുടെ തുറന്നുപറച്ചിലിന് കരോളിനോട് നന്ദി പറഞ്ഞുകൊണ്ടു പ്രതികരിച്ചു. മരിക്കുന്നതിനെക്കുറിച്ച് ക്രിസ്തീയ വീക്ഷണകോണില്‍ നിന്ന് കേള്‍ക്കുന്നത് ആരോഗ്യകരമാണെന്ന് ഒരു വ്യക്തി അഭിപ്രായപ്പെട്ടു, കാരണം ”നാമെല്ലാവരും ഒരു ദിവസം മരിക്കണം.’ മറ്റൊരാള്‍ പറഞ്ഞത്, താന്‍ ഒരിക്കലും ദമ്പതികളെ വ്യക്തിപരമായി കണ്ടിട്ടില്ലെങ്കിലും, അവരുടെ സാക്ഷ്യത്തിലൂടെ ദൈവത്തെ വിശ്വസിക്കുന്നതിന് അവള്‍ക്ക് എത്രമാത്രം പ്രോത്സാഹനം ലഭിച്ചു എന്നാണ്.

പപ്പാ ജോണിന് ചിലപ്പോള്‍ കഠിനമായ വേദന അനുഭവപ്പെട്ടിരുന്നുവെങ്കിലും, ദൈവം അവരെ എങ്ങനെ പിന്തുണച്ചു എന്ന് തെളിയിക്കുന്നതിനായി അദ്ദേഹവും കരോളും അവരുടെ കഥ പങ്കുവെച്ചു. തങ്ങളുടെ സാക്ഷ്യം ദൈവത്തിനുവേണ്ടി ഫലം കായിക്കുമെന്ന് അവര്‍ക്കറിയാമായിരുന്നു. അതിനാല്‍ ‘ഞാന്‍ ആരെ വിശ്വസിച്ചിരിക്കുന്നു എന്നറിയുന്നു; അവന്‍ എന്റെ ഉപനിധി, ആ ദിവസംവരെ സൂക്ഷിക്കുവാന്‍ ശക്തന്‍ എന്ന് ഉറച്ചുമിരിക്കുന്നു’ (2 തിമൊഥെയൊസ് 1:12) എന്നു പൗലൊസ് തിമൊഥെയൊസിന് എഴുതിയതിനെ പ്രതിധ്വനിപ്പിക്കുന്നതായിരുന്നു അവരുടെ സാക്ഷ്യം.

ക്രിസ്തുയേശുവില്‍ നമുക്കു ലഭ്യമായ കൃപയിലൂടെ ദൈവത്തിലുള്ള നമ്മുടെ വിശ്വാസത്തെ (മറ്റുള്ളവരുടെ വിശ്വാസത്തെയും) ശക്തിപ്പെടുത്തുന്നതിന് പ്രിയപ്പെട്ട ഒരാളുടെ മരണത്തെപ്പോലും ദൈവത്തിന് ഉപയോഗിക്കാന്‍ കഴിയും (വാ. 9). നിങ്ങള്‍ വേദനയും പ്രയാസവും അനുഭവിക്കുകയാണെങ്കില്‍, അവന് ആശ്വാസവും സമാധാനവും നല്‍കാന്‍ കഴിയുമെന്ന് അറിയുക.