സുരേഷിന്റെ കമ്പനിയെ ഉപദേശിക്കുന്ന ഒരു നിയമ സ്ഥാപനത്തിലാണ് വിജയ് ജോലി ചെയ്തിരുന്നത്. അവര്‍ സുഹൃത്തുക്കളായിരുന്നു, വിജയ് കമ്പനിയില്‍ നിന്ന് ലക്ഷക്കണക്കിന് രൂപ തട്ടിയെടുക്കുന്നതുവരെ മാത്രമേ ആ സൗഹൃദം നിലനിന്നുള്ളു. വാര്‍ത്ത സുരേഷിനെ വേദനിപ്പിക്കുകയും കോപിപ്പിക്കുകയും ചെയ്തു, എങ്കിലും ക്രിസ്തു വിശ്വാസിയായ തന്റെ ബോസ്സില്‍ നിന്ന് ബുദ്ധിപരമായ ഉപദേശം സുരേഷിനു ലഭിച്ചു. വിജയ് കടുത്ത ലജ്ജയും അനുതാപവും പ്രകടിപ്പിച്ചതായി ബോസ് ശ്രദ്ധിച്ചു. അതിനാല്‍ ആരോപണങ്ങള്‍ ഒഴിവാക്കി വിജയിനെ വീണ്ടും ജോലിയേല്‍പ്പിക്കാന്‍ അദ്ദേഹം സുരേഷിനെ ഉപദേശിച്ചു. ‘ അവന് ന്യായമായ ശമ്പളം നല്‍കുക, അങ്ങനെ അയാള്‍ക്ക് കടം വീട്ടാനുള്ള അവസരം നല്‍കുക. നിങ്ങള്‍ക്ക് ഒരിക്കലും ഇതിലധികം കൂടുതല്‍ നന്ദിയും വിശ്വസ്തതയുമുള്ള ഒരു ജീവനക്കാരന് കിട്ടുകയില്ല. സുരേഷ് അങ്ങനെ ചെയ്തു, വിജയിന്റെ കാര്യത്തിലും അതു തന്നെ സംഭവിച്ചു.
ശൗല്‍ രാജാവിന്റെ കൊച്ചുമകനായ മെഫീബോശെത്ത് ഒരു തെറ്റും ചെയ്തിട്ടില്ല, പക്ഷേ ദാവീദ് രാജാവായപ്പോള്‍ അവന് കടുത്ത പ്രതിസന്ധിയിലായി. മിക്ക രാജാക്കന്മാരും രാജകീയ പരമ്പരയെ കൊല്ലുമായിരുന്നു. എന്നാല്‍ ദാവീദ് ശൗലിന്റെ മകന് യോനാഥാനെ സ്നേഹിക്കുകയും ജീവിച്ചിരിക്കുന്ന അവന്റെ മകനെ തന്റെ മകനായി പരിഗണിക്കുകയും ചെയ്തു (2 ശമൂവേല്‍ 9:1-13 കാണുക). അവന്റെ കൃപ ഒരു ആജീവനാന്ത സുഹൃത്തിനെ നേടി. ”അടിയന്റെ പിതൃഭവനമൊക്കെയും മരണയോഗ്യര്‍ ആയിരുന്നു; എങ്കിലും അടിയനെ അവിടുത്തെ മേശയിങ്കല്‍ ഭക്ഷിക്കുന്നവരുടെ കൂട്ടത്തില്‍ ആക്കി” (19:28) എന്നു മെഫീബോശെത്ത് അതിശയിക്കുന്നു. ദാവീദിന്റെ പുത്രനായ അബ്ശാലോം യെരൂശലേമില്‍ നിന്ന് ദാവീദിനെ ഓടിച്ചപ്പോഴും അവന് ദാവീദിനോട് വിശ്വസ്തനായി തുടര്‍ന്നു (2 ശമൂവേല്‍ 16:1-4; 19:24-30).
വിശ്വസ്തനായ ഒരു ആജീവനാന്ത സുഹൃത്തിനെ നിങ്ങള്‍ക്ക് ആവശ്യമുണ്ടോ? അസാധാരണനായ ആരെങ്കിലും നിങ്ങളോട് അസാധാരണമായ എന്തെങ്കിലും ചെയ്യാന്‍ ആവശ്യപ്പെട്ടേക്കാം. ശിക്ഷിക്കുക എന്ന് സാമാന്യബുദ്ധി പറയുമ്പോള്‍ കൃപ തിരഞ്ഞെടുക്കുക. അവരെ ഉത്തരവാദിയാക്കി പിടിക്കുക, എന്നാല്‍ ക്ഷമയ്ക്ക് അര്‍ഹതയില്ലാത്തവര്‍ക്ക് കാര്യങ്ങള്‍ ശരിയാക്കാന്‍ അവസരം നല്‍കുക. കൂടുതല്‍ നന്ദിയുള്ള, അര്‍പ്പണബോധമുള്ള ഒരു സുഹൃത്തിനെ നിങ്ങള്‍ക്ക് മറ്റൊരിടത്തും കണ്ടെത്താന്‍ കഴിയില്ല. ചട്ടക്കൂടിനു പുറത്ത് കൃപയോടെ ചിന്തിക്കുക.
ആരാണ് നിങ്ങള്‍ക്കെതിരെ പാപം ചെയ്തത്? അവരോട് ക്ഷമിക്കുമ്പോള്‍ തന്നേ നിങ്ങള്‍ക്ക് എങ്ങനെ അവരെ ഉത്തരവാദിയാക്കി നിര്‍ത്താനാകും?
പിതാവേ, ഞാന്‍ അങ്ങയില്‍ നിന്ന് അസാധാരണമായ കൃപ പ്രാപിച്ചു. ആ കൃപ മറ്റുള്ളവര്‍ക്ക് - പ്രത്യേകിച്ചും അനുതാപമുള്ള ആത്മാവുള്ളവര്‍ക്ക് - കാണിക്കാന്‍ എന്നെ സഹായിക്കണമേ