ഒരു പ്രാദേശിക സഭയില്‍ പഠിപ്പിക്കാമെന്നു ഞാന്‍ സമ്മതിച്ച അഞ്ച് ആഴ്ചത്തെ ബൈബിള്‍ ക്ലാസ്സിനെക്കുറിച്ച് എനിക്ക് ഉള്‍ക്കിടിലം തോന്നി. വിദ്യാര്‍ത്ഥികള്‍ക്ക് അത് ഇഷ്ടപ്പെടുമോ? അവര്‍ എന്നെ ഇഷ്ടപ്പെടുമോ? എന്റെ ഉത്കണ്ഠ തെറ്റായ കേന്ദ്രത്തിലേക്കായിരുന്നു. അതെന്നെ പാഠ പദ്ധതിയും പ്രദര്‍ശന സാമഗ്രികളും വിതരണത്തിനുള്ള നോട്ടുകളും അമിതമായി തയ്യാറാക്കുന്നതിലേക്കു നയിച്ചു. ഒരാഴ്ച കൂടി ബാക്കിയുണ്ടായിട്ടും, പങ്കെടുക്കാന്‍ ഞാന്‍ അനേകരെ പ്രോത്സാഹിപ്പിച്ചിരുന്നില്ല.

എന്നിരുന്നാലും, എന്റെ പ്രാര്‍ത്ഥനയില്‍, ദൈവത്തിങ്കലേക്കു വെളിച്ചം വീശുന്ന ഒരു ശുശ്രൂഷയാണ് എന്റെ ക്ലാസ് എന്ന് ദൈവം എന്നെ ഓര്‍മ്മപ്പെടുത്തി. നമ്മുടെ സ്വര്‍ഗ്ഗീയപിതാവിലേക്ക് ആളുകളെ നയിക്കാന്‍ പരിശുദ്ധാത്മാവ് ക്ലാസിനെ ഉപയോഗിക്കുന്നതിനാല്‍, പരസ്യമായി സംസാരിക്കുന്നതിനെക്കുറിച്ചുള്ള എന്റെ ഉത്കണ്ഠയെ അതിജീവിക്കാന്‍ എനിക്ക് കഴിഞ്ഞു. യേശു തന്റെ ശിഷ്യന്മാരെ പര്‍വതപ്രസംഗത്തില്‍ പഠിപ്പിച്ചപ്പോള്‍ അവരോടു പറഞ്ഞു, ”നിങ്ങള്‍ ലോകത്തിന്റെ വെളിച്ചം ആകുന്നു; മലമേല്‍ ഇരിക്കുന്ന പട്ടണം മറഞ്ഞിരിക്കുവാന്‍ പാടില്ല. വിളക്ക് കത്തിച്ച് പറയിന്‍കീഴല്ല തണ്ടിന്മേലത്രെ വയ്ക്കുന്നത്; അപ്പോള്‍ അത് വീട്ടിലുള്ള എല്ലാവര്‍ക്കും പ്രകാശിക്കുന്നു’ (മത്തായി 5:14-15).

ആ വാക്കുകള്‍ വായിച്ച ഞാന്‍ അവസാനം സോഷ്യല്‍ മീഡിയയില്‍ ക്ലാസിനെക്കുറിച്ചുള്ള ഒരു അറിയിപ്പ് ഇട്ടു. ഉടന്‍ തന്നെ ആളുകള്‍ നന്ദിയും ആവേശവും പ്രകടിപ്പിച്ചുകൊണ്ട് രജിസ്റ്റര്‍ ചെയ്യാന്‍ തുടങ്ങി. അവരുടെ പ്രതികരണങ്ങള്‍ കണ്ട് ഞാന്‍ യേശുവിന്റെ പഠിപ്പിക്കലിനെക്കുറിച്ച് കൂടുതല്‍ ചിന്തിച്ചു: ‘മനുഷ്യര്‍ നിങ്ങളുടെ നല്ല പ്രവൃത്തികളെ കണ്ട്്, സ്വര്‍ഗ്ഗസ്ഥനായ നിങ്ങളുടെ പിതാവിനെ മഹത്വപ്പെടുത്തേണ്ടതിന് നിങ്ങളുടെ വെളിച്ചം അവരുടെ മുമ്പില്‍ പ്രകാശിക്കട്ടെ’ (വാ. 16).

അങ്ങനെ ശരിയായ കാഴ്ചപ്പാടു ലഭിച്ച ഞാന്‍ സന്തോഷത്തോടെ ക്ലാസ്സ് പഠിപ്പിച്ചു. എന്റെ ലളിതമായ പ്രവൃത്തി, ദൈവത്തിനുവേണ്ടി തങ്ങളുടെ വെളിച്ചം പ്രകാശിപ്പിക്കാന്‍ മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുന്ന ഒരു പ്രകാശകിരണമായിത്തീരട്ടെ എന്നു ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.